എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
print edition തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം

കോട്ടയം : തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യൻ തൊഴിൽമേഖല കടുത്ത പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മയും യഥാർഥ വേതനത്തിൽ ഇടിവും വർധിക്കുന്നു. തൊഴിലാളികളുടെ മൗലികാവകാശങ്ങൾ പരിമിതപ്പെടുത്തുന്നതും വൻകിട കോർപറേറ്റുകൾക്ക് മുൻഗണന നൽകുന്നതുമാണ് കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോർഡുകൾ. സാമ്രാജ്യത്വ വിരുദ്ധ പേരാട്ടങ്ങളിൽ അണിനിരക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷത്തിൽ മോദി സർക്കാരിന്റെ നിലപാട് സാമ്രാജ്യത്വ വിധേയത്വം എത്രത്തോളം ഉണ്ടന്ന് വെളിവാക്കുന്നു.
കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം ‘ദി വയർ’ എഡിറ്റർ സിദ്ധാർഥ് വരദരാജൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് എം എ അജിത് കുമാർ അധ്യക്ഷനായി. എഐഎസ്ജിഎഫ് ജനറൽ സെക്രട്ടറി എ ശ്രീകുമാർ, എഫ്എസ്ഇടിഒ പ്രസിഡന്റ് ടി കെ എ ഷാഫി, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് ജനറൽ സെക്രട്ടറി ജി ആർ പ്രമോദ്, കെഎസ്എസ്‌പിയു ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി എൻ വാസവൻ സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി സീമ എസ് നായർ രക്തസാക്ഷി പ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം എ അജിത് കുമാർ, കെ പി സുനിൽകുമാർ, എ എം സുഷമ, സി വി സുരേഷ്‌കുമാർ, ടി കെ അബ്ദുഗഫൂർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നയന്ത്രിക്കുന്നു. കെ കെ സുനിൽകുമാർ(മിനിറ്റ്‌സ്), എസ് ഗോപാകുമാർ(പ്രമേയം) എന്നിവർ കൺവീനർമാരായി സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കോട്ടയം തീക്കനൽ കലാവേദി കലാകാരൻമാർ സ്വാഗതഗാനം ആലപിച്ചു.
ലിംഗസമത്വവും സാമൂഹ്യനീതിയും വിഷയത്തിലുള്ള സെമിനാർ കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്‌തു. പശ്ചിമ ബംഗാളിൽനിന്നുള്ള യുവജന നേതാവ് ദപ്‌സിത ധർ സംസാരിച്ചു. സുഹൃദ് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്‌തു. സമ്മേളനം ശനിയാഴ്‌ച സമാപിക്കും. ‘വർഗസമരവും വർഗീയതയും’ വിഷയത്തിൽ പി രാജീവ് പ്രഭാഷണം നടത്തും.
വെറുപ്പിന്റെ രാഷ്‌ട്രീയത്തെ ചെറുക്കാൻ ഇടതുപക്ഷം മാത്രം: ദിപ്‌സിത ധർ
പി സി പ്രശോഭ്
ബംഗാളിലെ വനിതകളുടെയും വിദ്യാർഥികളുടെയും അവകാശപോരാട്ടങ്ങളിൽ എന്നും മുൻനിരയിലുണ്ട് സിപിഐ എം യുവനേതാവും എസ്‌എഫ്‌ഐ മുൻ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായ ദിപ്‌സിത ധർ. കോട്ടയത്ത് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സെമിനാറിൽ പങ്കെടുക്കാനെത്തിയ ദിപ്‌സിത "ദേശാഭിമാനി'യോട് സംസാരിക്കുന്നു. ഉത്തരേന്ത്യയിൽ ദളിത് വിദ്യാർഥികളുടെ അവസ്ഥ മോശമാണല്ലോ? ഏതാനും ദിവസം മുമ്പ് ഉത്തരാഖണ്ഡിൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നു പറഞ്ഞ് ദളിത് യുവാവിനെ മർദ്ദിച്ചു കൊന്നു. രാജസ്ഥാനിൽ അധ്യാപകന്റെ പാത്രത്തിൽ തൊട്ടതിന് മറ്റൊരു ദളിത് വിദ്യാർഥിയെ മർദിച്ചു കൊന്നു. മനുസ്‌മൃതിയിൽ വിശ്വസിക്കുന്ന ബിജെപി ഭരിക്കുമ്പോൾ ഇതാണ് രാജ്യത്തെ സ്ഥിതി. അവഗണന സഹിച്ച് വേണം ദളിത് വിദ്യാർഥികൾക്ക് പിഎച്ച്‌ഡി പോലും പൂർത്തിയാക്കാൻ. അവരുടെ നിരവധി സ്‌കോളർഷിപ്പുകളും ഫെലോഷിപ്പുകളും നിർത്തലാക്കി. നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരായ പോരാട്ടം? എസ്‌എഫ്‌ഐ രാജ്യവ്യാപകമായി പ്രതിഷേധത്തിലാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേട് കാരണം നാല് വിദ്യാർഥികൾ ഇതിനകം ആത്മഹത്യ ചെയ്‌തു. മത്സരപരീക്ഷകൾക്ക് ഇവിടെ കോച്ചിങ് റാക്കറ്റുകളുണ്ട്. ചോദ്യപേപ്പറുകൾ 10 ലക്ഷം രൂപയ്‌ക്കും 20 ലക്ഷം രൂപയ്‌ക്കും വിൽക്കുന്നു. ബംഗാളിലെ രാഷ്‌ട്രീയസ്ഥിതി എങ്ങനെ വിലയിരുത്തുന്നു? വ്യക്തമായ പ്രത്യയശാസ്‌ത്രം ഇല്ലാത്തതാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രശ്‌നം. അതുകൊണ്ടാണ് അതിലെ പകുതിപ്പേരും ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിക്കെതിരെ ഘോരമായി പ്രസംഗിച്ചവരും ബിജെപിയിൽ ചേരുന്ന കാഴ്‌ച കാണേണ്ടിവന്നു. ഇത്രയൊക്കെ ആയിട്ടും തൃണമൂലിന് 80 സീറ്റ് കിട്ടിയത് ഇപ്പോഴും ബിജെപിയോട് ജനങ്ങൾക്ക് എതിർപ്പുണ്ടെന്നതിന്റെ തെളിവാണ്. എന്നാൽ ബിജെപിക്കൊപ്പം ചേർന്ന് അവർ വോട്ടർമാരെ വഞ്ചിച്ചു. ബിജെപിയുടെ വെറുപ്പിന്റെ രാഷ്‌ട്രീയത്തെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. ബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരും. എന്റെ പിഎച്ച്‌ഡി ഫീൽഡ് വർക്കിന്റെ ഭാഗമായി കോഴിക്കോടും പൊന്നാനിയിലും വന്നിട്ടുണ്ട്. കേരളം മനോഹരമാണ്. പുരോഗമന ചിന്തയുള്ളവരുടെ നാടാണ്.










0 comments