ആൻജിയോപ്ലാസ്റ്റി അനാവശ്യമല്ലെന്ന് ഡോക്ടര്‍മാര്‍; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം

കോഴിക്കോട് : അനാവശ്യ ആൻജിയോപ്ലാസ്റ്റി ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശം ഡോക്ടർമാർക്കിടയിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ഡോക്ടർമാർ രൂക്ഷ വിമർശനങ്ങളുയർത്തി. ഇത്തരം പ്രസ്താവനകൾ രോഗികളിൽ ചികിത്സയെക്കുറിച്ചും ആരോഗ്യ വിദഗ്ധരെക്കുറിച്ചും സംശയമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകവും രംഗത്തെത്തിയിരുന്നു.
ഹൃദയാഘാതം പോലുള്ള അത്യാഹിത ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ആൻജിയോപ്ലാസ്റ്റി ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. എല്ലാ ഡോക്ടർമാരെയും സംശയത്തോടെ കാണുന്ന പ്രവണത തെറ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചികിത്സയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടായാൽ ചില രോഗികൾ ആവശ്യമായ ചികിത്സ വൈകിപ്പിക്കാനോ നിരസിക്കാനോ കാരണമാകുമെന്നും ഡോക്ടർമാർ പറഞ്ഞു.
കേരളത്തിലെ ആൻജിയോപ്ലാസ്റ്റി ചികിത്സകളിൽ 70 ശതമാനത്തിലധികവും അത്യാഹിത ഘട്ടങ്ങളിലാണ് നടക്കുന്നത്. ഓരോ രോഗിയുടെയും രോഗാവസ്ഥയും പരിശോധനയും വ്യത്യസ്തമാണ്. ഒരാൾക്ക് ആവശ്യമില്ലാത്ത ചികിത്സ മറ്റൊരാൾക്ക് അത്യന്താപേക്ഷിതമായി വന്നേക്കാം. ഒരു ചികിത്സയുടെ ആവശ്യകത വ്യക്തിഗത രോഗിയുടെ ശാസ്ത്രീയമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനിക്കേണ്ടതെന്നും ഐഎംഎ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
കോഴിക്കോട് നടന്ന കേരള ഹാർട്ട് കെയർ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ആരോഗ്യരംഗത്തെക്കുറിച്ച് അശാസ്ത്രീയമായ പരാമർശങ്ങൾ ഇതിന് മുൻപും യുഡിഎഫ് മന്ത്രിമാർ നടത്തിയിട്ടുണ്ട്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നതിനിടെ പകർച്ചവ്യാധികളും പെരുകുകയാണ്. ദിനംപ്രതി പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് ഔദ്യോഗിക കണക്കുകളിൽ വ്യക്തമായിട്ടും പകർച്ചവ്യാധിയില്ലെന്നും മരുന്ന് പ്രതിസന്ധിയില്ലെന്നും പറഞ്ഞ് കൈയൊഴിയുകയാണ് ആരോഗ്യമന്ത്രി മുരളീധരൻ.








0 comments