അയ്യപ്പൻമാർക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സർക്കാർ

പത്തനംതിട്ട : ആന്ധ്രാ സ്വദേശികളായ ശബരിമല തീർഥാടകർക്ക് മികച്ച ചികിത്സയൊരുക്കിയതിന് നന്ദിയറിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. സമയബന്ധിതമായി മികച്ച ചികിത്സ ഉറപ്പാക്കിയതിന് ആരോഗ്യ മന്ത്രി വീണാ ജോർജ്, കേരള പൊലീസ് എന്നിവർക്കാണ് നന്ദിയറിയിച്ചത്.
ഈ മാസം 25 ന് കിഴക്കൻ ഗോദാവരി ജില്ലയിൽ നിന്നുള്ള നാല് അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരം ചന്തവിളയിൽ വച്ച് അപകടത്തിൽപ്പെട്ടിരുന്നു. 4 പേർക്ക് പരിക്കേറ്റു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യമന്ത്രി വിദഗ്ധ പരിചരണം ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസ് എന്നയാൾക്ക് അടിയന്തര ന്യൂറോ സർജറി നടത്തി തീവ്രപരിചരണം ഉറപ്പാക്കി. തുടയെല്ലിന് പൊട്ടലുള്ളയാൾ ഓർത്തോ ഐസിയുവിൽ വിദഗ്ധ ചികിത്സയിലാണ്. എല്ലാവർക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകളിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്തു. മണ്ഡല-മകരവിളക്ക് സീസണിലെ സർക്കാരിന്റെ നിരീക്ഷണവും ഊർജിത രക്ഷാപ്രവർത്തനവും, വിദഗ്ധ മെഡിക്കൽ സംവിധാനങ്ങൾ, മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപനം എന്നിവയെ ആന്ധ്രാ സർക്കാർ പ്രത്യേകം അഭിനന്ദിച്ചു.








0 comments