ad
Deshabhimani

പ്രതീക്ഷയുടെ ചിറകായി അംജദ്‌ എത്തി; 
മൂലകോശദാനം 12ന്‌ അമൃതയിൽ

blood
വെബ് ഡെസ്ക്

Published on Sep 10, 2025, 09:41 AM | 1 min read

കൊച്ചി : അജ്ഞാതനായ പത്തുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ യുഎഇയിൽനിന്ന്‌ അംജദ് റഹ്‌മാൻ പറന്നെത്തി. രജിസ്‌റ്റർ ചെയ്‌ത്‌ ഒരു പതിറ്റാണ്ടിലധികം പിന്നിട്ടപ്പോഴാണ്‌ മൂലകോശ ദാതാവാകാനുള്ള അവസരം യുവാവിനെ തേടിയെത്തുന്നത്‌. കൊച്ചി അമൃത ആശുപത്രിയിലാണ്‌ മൂലകോശദാനം നടക്കുന്നത്‌. നിയോഗം പൂർത്തിയാക്കി വെള്ളിയാഴ്‌ച യുഎഇയിലേക്ക്‌ മടങ്ങും. ‘‘അപൂർവ നിയോഗമാണ്‌ ലഭിച്ചിരിക്കുന്നത്‌. സ്വീകർത്താവായ കുട്ടി എത്രയും പെട്ടെന്ന്‌ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചെത്തട്ടെ.

ധാത്രിയുടെ (സ്‌റ്റെം സെൽ രജിസ്‌ട്രി) നിയമപ്രകാരം സ്വീകർത്താവ്‌ ആരെന്നറിയുക അയാൾ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നാൽ മാത്രമാണ്‌. അതുവരെ കുട്ടിയെ കാണാൻ കാത്തിരിക്കും. ഇനിയും ഒരിക്കൽക്കൂടി അതിനായി വരും. ’’ അംജദ്‌ ദേശാഭിമാനിയേട്‌ പറഞ്ഞു. 2014ൽ കോഴിക്കോട്‌ മണാശേരിയിലെ എംഎംഒ കോളേജ്‌ വിദ്യാർഥിയായിരിക്കുന്പോഴാണ്‌ മൂലകോശ ദാതാക്കളെ തേടിയുള്ള ധാത്രിയുടെ അന്വേഷണത്തിൽ പങ്കെടുത്തത്.

ബ്ലഡ്‌ ഡോണേഴ്‌സ്‌ ഫോറം ജില്ലാ പ്രസിഡന്റായിരുന്ന അംജദ്‌ ദാതാവാകാൻ സ്വയം സന്നദ്ധനാകുകയായിരുന്നു. യുഎഇയിൽ ഹോട്ടൽ മാനേജരായി ജോലിചെയ്യുന്പോഴാണ്‌ മാരക രക്താർബുദവുമായി മല്ലിടുന്ന പത്തുവയസ്സുകാരന്‌ തന്റെ മൂലകോശം യോജിക്കുമെന്ന വിവരം അറിയുന്നത്‌. കേരളമൊട്ടാകെ 10 ലക്ഷംപേരിൽ നടത്തിയ അന്വേഷണത്തിൽനിന്നാണ്‌ തന്നെ കണ്ടെത്തിയതെന്നും അറിഞ്ഞു. ഓഫീസിൽ അറിയിച്ചപ്പോൾ മാനേജ്‌മെന്റും സഹപ്രവർത്തകരും പ്രോത്സാഹിപ്പിച്ചു.

രണ്ടാഴ്‌ചമുന്പ്‌ അമൃത ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി മടങ്ങി. പരിശോധനകൾ പോസിറ്റീവ്‌ ആയതോടെയാണ്‌ തിങ്കളാഴ്‌ച അമൃതയിലേക്ക്‌ എത്തിയത്‌. മൂലകോശം കൂടുതലുണ്ടാകാനായി ചില കുത്തിവയ്‌പ്പുകളുള്ളതിനാൽ ആശുപത്രിയിൽത്തന്നെ കഴിയുകയാണ്‌ അംജദ്‌. വെറ്ററിനറി സർവകലാശാലയിലെ ഗസ്‌റ്റ്‌ ലക്‌ചററായ ഭാര്യ റസ്‌നയും കുടുംബവും എല്ലാ പിന്തുണയും നൽകി അംജദിനൊപ്പമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home