‘വിഷൻ 2031’ അന്താരാഷ്‌ട്ര കോൺഫറൻസിന് തുടക്കം
print edition കേരളം രാജ്യം ഉറ്റുനോക്കുന്ന മാതൃക : അമർത്യ സെൻ

തിരുവനന്തപുരം
രാജ്യത്തെ ഉയർന്ന വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെന്ന് നൊബേല്‍ ജേതാവും വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞനുമായ ഡോ. അമർത്യ സെൻ. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയിൽ കൈവരിച്ച അതിശയിപ്പിക്കുന്ന നേട്ടം വികസന കാഴ്‌ചപ്പാടിന്റെ വിജയമാണ്. ദാരിദ്ര്യ നിർമാർജനത്തിലും ആയുർദൈർഘ്യത്തിലും പ്രതിശീർഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയായി കേരളം മാറിയെന്നും ‘വിഷൻ 2031' അന്താരാഷ്‌ട്ര സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
1957ലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള ആവേശം ഇന്നും ഓർക്കുന്നു. യാഥാസ്ഥിതികമല്ലാതെ, ‘വ്യത്യസ്‌ത പാതയിലൂടെ ജനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിലെ ഇടത് രാഷ്‌ട്രീയത്തിന് കഴിയുമോ’ എന്ന് അന്ന് കോളേജ് സ്ട്രീറ്റിലെ കോഫി ഹൗസുകളിൽ വലിയ സംവാദം നടക്കുമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളത്തിന് വികസനത്തിന് പണം കണ്ടെത്താൻ കഴിയില്ലെന്ന് പലരും എന്നോട് വാദിച്ചിരുന്നു. ഇന്ന് എല്ലാ മേഖലയിലും കേരളം മുൻപന്തിയിൽ നിൽക്കുമ്പോൾ ആ പഴയ സംശയവാദികൾക്കെല്ലാം സൗജന്യമായി കോഫി വാങ്ങി നൽകാൻ ഞാൻ തയ്യാറാണ്. കേരളത്തിന്റെ മാനവവിഭവശേഷി വികസനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ തെറ്റിയില്ല. കേരളത്തിൽ മതനിരപേക്ഷതയ്‌ക്ക് വലിയ വെല്ലുവിളികളില്ല. എന്നാൽ, ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും സ്ഥിതി മോശമായിട്ടുണ്ട്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും മതനിരപേക്ഷമൂല്യം ആക്രമിക്കപ്പെടുമ്പോൾ കേരളം കാത്തുസൂക്ഷിക്കുന്ന ജനാധിപത്യബോധം വലിയ പ്രതീക്ഷയാണ്. സംഘടിതമായി അടിച്ചേൽപ്പിക്കപ്പെടുന്ന സങ്കുചിത രാഷ്‌ട്രീയത്തെ എങ്ങനെ ചെറുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഭാവി. സ്‌ത്രീകളുടെ സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും കേരളം പുലർത്തിയിരുന്ന ഉന്നത നിലവാരം നൂറ്റാണ്ടുകൾമുമ്പേ ലോകം ശ്രദ്ധിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അറിവുകളെയും സംസ്‌കാരങ്ങളെയും സ്വാഗതംചെയ്‌ത കേരളം ഇന്ത്യയുടെ പ്രവേശന കവാടമായി പ്രവർത്തിച്ചു. മതനിരപേക്ഷതയും ബഹുസ്വരതയും കേരളത്തിന്റെ അസ്‌തിത്വത്തിന്റെ ഭാഗമാണ് –അദ്ദേഹം പറഞ്ഞു.

നവകേരളം ചർച്ചയാകും
രൂപംകൊണ്ട് 75 വർഷം തികയുന്ന 2031ൽ കേരളം എങ്ങനെയാകണമെന്നതിന് ആശയം രൂപീകരിക്കാൻ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര കോൺഫറൻസിന് തലസ്ഥാനത്ത് തുടക്കം. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ കോൺഫറൻസിന്റെ ഉദ്‌ഘാടനം നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.
തിങ്കളാഴ്‌ച ഒമ്പത് വേദികളിലായി 18 വിഷയങ്ങളിൽ സെമിനാറുകൾ. വിദേശ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും അന്താരാഷ്‌ട്ര ഏജൻസി പ്രതിനിധികളും പങ്കെടുക്കും. ചൊവ്വാഴ്‌ച ശങ്കരനാരായണൻ തമ്പി ഹാളിൽ രാവിലെ സമാപന സമ്മേളനവും ‘മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ' വിഷയത്തിൽ സെമിനാറും. മുഖ്യമന്ത്രി പിണറായി വിജയൻ, ജമ്മു- കശ്‌മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്‌ദുള്ള, ജസ്റ്റിസ് എ പി ഷാ, സയീദ് അഖ്‌തർ മിർസ, പ്രകാശ് കാരാട്ട്, എൻ റാം എന്നിവർ പങ്കെടുക്കും.
ഉദ്‌ഘാടന സമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. പ്രൊഫ. അമർത്യ സെൻ, പ്രൊഫ. റോമില ഥാപ്പർ എന്നിവർ ഓൺലൈനായി സംസാരിച്ചു. പലസ്‌തീൻ അംബാസഡർ അബ്‌ദുള്ള എം അബു ഷാവേസ്, ക്യൂബയിലെ ഹവാന പ്രവിശ്യാ സർക്കാർ അംഗം അയ്‌മീ അലെയാന്ദ്ര ഡയസ് നെഗ്രിൻ, ലോക ഭക്ഷ്യ പുരസ്‌കാര ജേതാവ് ഡോ. ശകുന്തള ഹരക്‌സിങ് തിൽസ്റ്റെഡ്, മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ, ചീഫ് സെക്രട്ടറി എ ജയതിലക്, പ്ലാനിങ് ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് എന്നിവർ സംസാരിച്ചു.










0 comments