എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ശരവേഗത്തിൽ എല്ലാം സജ്ജം

അമൽ ബാബു
തിരുവനന്തപുരം/ കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് തച്ചോട്ട് കാവ് സ്വദേശി സ്വദേശി അമൽ ബാബു(25) വിന്റെ ഹൃദയം നിമിഷനേരംകൊണ്ട് കൊച്ചിയിലെത്തിച്ചത് കൂട്ടായ്മയുടെ കരുത്തിൽ. എറണാകുളം ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിൽ നിന്ന് കേവലം മുന്ന് മിനിറ്റുകൊണ്ടാണ് ലിസി ആശുപത്രിയിൽ ആംബുലൻസ് എത്തിക്കാനായത്. റോഡ് ഗതാഗതം സജ്ജീകരിക്കാൻ എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ഏകോപനമുണ്ടായിരുന്നു. പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് അഞ്ച് കിലോമീറ്റർ ദൂരം ആംബുലൻസ് പിന്നിട്ടത്.
കഴിഞ്ഞ സെപ്തംബറിൽ തിരുവനന്തപുരത്ത് മസ്തിഷക മരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയവും സമാനമായ രീതിയിൽ കൊച്ചിയിൽ എത്തിച്ചിരുന്നു. അന്ന് ഹെലിപാഡിൽ നിന്ന് നാല് മിനിറ്റുകൊണ്ടാണ് ആംബുലൻസ് ലിസി ആശുപത്രിയിൽ എത്തിച്ചത്.
ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിലാണ് അമലിന്റെ ഹൃദയം മിടിക്കുക. അമലിന്റെ കരള്‍, രണ്ട് വൃക്കകള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കിയത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം അവയവങ്ങള്‍ എത്രയും പെട്ടെന്ന് അതാത് ആശുപത്രികളില്‍ എത്തിക്കാന്‍ കെ-സോട്ടോ നടപടി സ്വീകരിച്ചിരുന്നു. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ ആണ് ഉപയോഗിച്ചത്. റോഡ് മാര്‍ഗമുള്ള ഗതാഗതവും പൊലീസ് ക്രമീകരിച്ചിരുന്നു. കിംസ് ആശുപത്രിയിൽനിന്ന് അമലിന്റെ ഹൃദയം വഹിച്ചുള്ള ആംബുലൻസ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതും നിമിഷനേരം കൊണ്ടായിരുന്നു. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ അമലിന്റെ ബന്ധുക്കൾക്ക് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അമല്‍ ബാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.
ഈഞ്ചക്കലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അമല്‍ ഒക്ടോബര്‍ 12ന് രാത്രി ഒന്‍പതിന് ജോലി ചെയ്തു മടങ്ങുമ്പോള്‍ കുണ്ടമണ്‍ കടവിന് സമീപം അമല്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ വശത്ത് നിന്ന് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഒക്ടോബര്‍ 15ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.
അച്ഛന്‍ എ. ബാബു (റിട്ട. എസ്.ഐ), അമ്മ ഷിംല ബാബു, സഹോദരി ആര്യ എന്നിവരാണ് അമല്‍ ബാബുവിന്റെ കുടുംബാംഗങ്ങള്‍.










0 comments