print edition കിഫ്ബി തകർക്കൽ; സർക്കാരിന് ഗൂഢലക്ഷ്യം


സി കെ ദിനേശ്
Published on Oct 17, 2026, 01:01 AM | 1 min read
തിരുവനന്തപുരം : അടിസ്ഥാനവികസന മേഖലയിൽ കുതിച്ചുചാട്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനത്തെ ഞെക്കിക്കൊല്ലുന്നതിനുപിന്നിൽ ഗൂഢലക്ഷ്യം. തട്ടിക്കൂട്ട് റിപ്പോർട്ടുണ്ടാക്കി കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ അജൻഡയ്ക്ക് വഴങ്ങുകയാണ് കേരളം. വ്യവസായ പാർക്കുൾപ്പെടെ ഭാവിയിൽ നേട്ടമുണ്ടാക്കുന്ന വൻകിട പദ്ധതികൾ സ്വകാര്യ മേഖലയിലാക്കുകയാണ് ഒരു ലക്ഷ്യം. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികൾ, സ്കൂളുകൾ, പൊതുഗതാഗത സൗകര്യങ്ങൾ തുടങ്ങിയവയ്ക്ക് താഴിടുകയെന്നത് മറ്റൊന്ന്.
അടിസ്ഥാനവികസന മേഖലയിൽ ഇതിനകമുണ്ടാക്കിയ സൗകര്യങ്ങളും സാമൂഹ്യപുരോഗതിയും കോർപറേറ്റ് ഭീമന്മാർക്ക് തിരിച്ചടിയാണ്. അതുകൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ദുരാരോപണങ്ങൾ അടിസ്ഥാനമാക്കിയുള്ള തട്ടിക്കൂട്ട് അവലോകന റിപ്പോർട്ട്. കിഫ്ബിയുടെ സങ്കൽപ്പംപോലും മനസ്സിലാക്കാതെയാണ് വ്യാജപ്രചാരണം.
കിഫ്ബി മുൻ സിഇഒ സർക്കാരിൽ എക്സ് ഓഫീഷ്യോ സെക്രട്ടറിയായെന്നും കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായെന്നും കൺസൾട്ടൻസിക്ക് പണംനൽകിയതിലും ഭൂമി ഏറ്റെടുത്തതിലും ക്രമക്കേടുണ്ടെന്നാണ് പ്രധാന ആരോപണം. ചുമതല സംബന്ധിച്ച സാങ്കേതിക കാര്യങ്ങൾ അക്കാലത്തേ സർക്കാർ വിശദീകരിച്ചു. അവ സമിതിയുടെ കണ്ടെത്തലായി കൊട്ടിഘോഷിക്കുന്നത് ബാലിശമാണ്. ക്രമക്കേടുണ്ടെങ്കിൽ നടപടിയെടുക്കുന്നതിന് പകരം പദ്ധതി തകർക്കുന്നത് സംസ്ഥാനത്തിന്റെ ഭാവി ലക്ഷ്യമിട്ടല്ലെന്ന് ഉറപ്പ്.
സർക്കാർ നൽകുന്ന സെസ് വായ്പ തിരിച്ചടയ്ക്കാനുപയോഗിച്ചു, ഓഫ് ബജറ്റ് വായ്പകളെടുക്കുന്നു, ഉയർന്ന പലിശ കൊടുക്കുന്നു, മസാല ബോണ്ട് നഷ്ടം വരുത്തി തുടങ്ങിയ ‘കണ്ടെത്തലുകളും’ സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. ഇഡി കേസെടുത്തിട്ടും കോടതിയിൽ തള്ളിപ്പോയതാണിത്. നിയമസഭയിൽ ഏകകണ്ഠമായി പാസാക്കിയ നിയമവും റിസർവ് ബാങ്കിന്റെ അനുമതിയും അടിസ്ഥാനമാക്കിയായിരുന്നു ഇൗ പ്രവർത്തനങ്ങൾ. കിഫ്ബി പദ്ധതികൾ വകുപ്പുകൾ നേരിട്ട് നടത്തിയിരുന്നെങ്കിൽ വൻ ലാഭമുണ്ടാക്കാമായിരുന്നുവെന്ന കണ്ടെത്തൽ സർക്കാരിനെത്തന്നെ ട്രോളുന്നതിന് തുല്യം.









0 comments