മാലാഖകുഞ്ഞ് യാത്രയാകുന്നു; ആലിൻ ഷെറിന്റെ പൊതുദർശനം തുടരുന്നു

ആലിൻ ഷെറിൻ എബ്രഹമിന്റെ മൃതദേഹം മല്ലപ്പളി നെടുങ്ങാട പള്ളിയിലെ വീട്ടിൽ എത്തിച്ചപ്പോൾ - ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ
പത്തനംതിട്ട: അവയവദാനത്തിലൂടെ പുതുചരിത്രമെഴുതിയ ആലിൻ ഷെറിന് സംസ്ഥാന ബഹുമതികളോടെ നാട് യാത്രമൊഴിയേകുന്നു. വീട്ടിൽ പൊതുദർശനം ആരംഭിച്ചു. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ 3.30ഓടെയാണ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവാണ് പത്ത് മാസം മാത്രം പ്രായമായ ആലിൻ.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതിനു പിന്നാലെയാണ് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചത്.










0 comments