ad
Deshabhimani

'ആലിൻ മഹത്തായ മാതൃക' : ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞ് കേരളം

alin sherin
വെബ് ഡെസ്ക്

Published on Feb 17, 2026, 05:07 PM | 2 min read

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിച്ച ആലിൻ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്നു. ആലിന്റെ കുടുംബത്തെയും ഒപ്പം നിന്ന സർക്കാരിനെയും അഭിനന്ദിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ വാർത്തകൾ നൽകി. കേരളത്തിന്റെ മാതൃക ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും കേരളം രാജ്യത്തിനൊന്നാകെ മാതൃകയാണെന്നുമാണ് ദേശീയ മാധ്യമങ്ങളിലെ വാർത്തകൾ. എൻഡിടിവി, ടൈംസ് നെറ്റ്‍വർക്ക്, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലെല്ലാം ആലിനെപ്പറ്റിയുള്ള വാർത്തകൾ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ആലിന് സംസ്ഥാന സർക്കാർ ഔദ്യോ​ഗിക ബഹുമതി നൽകിയതും വാർത്തകളിൽ നിറഞ്ഞു. സർക്കാരിന്റെ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു ആലിന്റെ സംസ്കാരം.


രാജ്യത്തെ കൊട്ടിഘോഷിക്കപ്പെടുന്ന ന​ഗരങ്ങളിലൊന്നും ഇത്തരമൊരു അപൂർവ സംഭവം ഇന്നേവരെ നടന്നിട്ടില്ലെന്നും കേരളത്തിലെ ഒരു കൊച്ചു​ഗ്രാമത്തിൽ നിന്ന് ലോകത്തിനു തന്നെ മാതൃതയാക്കാവുന്ന പ്രവർത്തിയുണ്ടായത് സർക്കാർ സംവിധാനങ്ങളുടെ കൂടി സഹായത്തോടെയാണെന്നും മാധ്യമങ്ങളും നെറ്റിസൺസും പറയുന്നു.


കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളെ എല്ലാവരും അഭിനന്ദിക്കുന്നു. ദുഃഖത്തിനിടയിലും അവരെടുത്തത് അസാധാരണമായ ഒരു തീരുമാനമാണ്. എന്നാൽ, സമൂഹത്തിന്റെയും സഭയുടെയും മെഡിക്കൽ സംവിധാനത്തിന്റെയും അവരോടൊപ്പം നിന്ന സർക്കാർ അധികാരികളുടെയും പങ്കും പ്രധാനമാണ്. അവർ മാതാപിതാക്കളുടെ ഉദ്ദേശ്യത്തെ മാനിച്ചു, അതിന് മുൻഗണന നൽകി, മടികൂടാതെ പൂർണ്ണ പിന്തുണ ഉറപ്പാക്കി. ലോകത്തിലെ ചില "മുൻനിര" മഹാനഗരങ്ങളിൽ ഇത് സംഭവിച്ചില്ല. ഇതുപോലുള്ള നിസ്വാർത്ഥ ഉദ്ദേശ്യങ്ങൾ സാധ്യമാകുന്നത് വർഷങ്ങളായി സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ വളർത്തിയെടുത്ത സാമൂഹിക സാക്ഷരത, പൊതു അവബോധം, സംവേദനക്ഷമത എന്നിവ മൂലമാണ്. സ്ഥാപനങ്ങളും സമൂഹങ്ങളും ധാർമ്മികതയോടെയും നിലകൊള്ളുമ്പോൾ ഇത്തരം മാതൃതകളുണ്ടാകും- ഡോക്ടറായ ദീപ ഖാദർ സമൂഹമാധ്യമത്തിൽ കുറിച്ചു.


മാതാപിതാക്കൾക്കൊപ്പം സമൂഹം കൂടെ നിന്നതിനാലാണ് ഇത്തരമൊരു പ്രവർത്തി സാധ്യമായതെന്നാണ് നെറ്റിസൺസ് ആവർത്തിക്കുന്നത്. നാലുപേർ‌ക്ക് പുതുജീവനേകിയാണ് ആലിൻ മടങ്ങിയത്. മസ്തിഷ്കമരണം സംഭവിച്ചതിനുപിന്നാലെ ആലിന്റെ ഹൃദയവാൽവ്, കരൾ, വൃക്കകൾ, നേത്രപടലം എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഹൃദയവാൽവും കരളും വൃക്കകളും അന്നുതന്നെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തെത്തിച്ചു. ​ഗ്രീൻ കോറിഡോർ ഒരുക്കി 3.15 മണിക്കൂർ കൊണ്ടാണ് അവയവങ്ങളെത്തിച്ചത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടിക്കാണ് കരൾ നൽകിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ആലിന്റെ വീട്ടിലെത്തി മാതാപിതാക്കളെ നേരിൽ കണ്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home