print edition ആലപ്പുഴയിലെ വയോധികന്റെ കൊലപാതകം; സിനിമാക്കഥ പോലെയെന്ന് പൊലീസ്

സ്വന്തം ലേഖകൻ
Published on Aug 19, 2026, 01:00 AM | 1 min read
ആലപ്പുഴ/ഹരിപ്പാട് : കരുവാറ്റയിലെ വയോധികന്റെ കൊലപാതകം നടത്തിയത് സിനിമകളിൽ കാണുന്നതുപോലെ പ്രൊഫഷണൽ രീതിയിലെന്ന് പൊലീസ്. ഐഫോണും ബൈക്കും വാങ്ങാൻ ആസൂത്രണം ചെയ്ത ‘കൊലപാതകം’ പെൺകുട്ടി വീഡിയോ കോളിൽ കണ്ടുവെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പെൺകുട്ടി പ്രേരിപ്പിച്ചത് അനുസരിച്ച് സ്വർണവും പണവും അപഹരിക്കാൻവേണ്ടിയാണ് ആൺസുഹൃത്തും കൂട്ടുകാരും എത്തിയത്. വീടിന്റെ പിന്നിലെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന പ്രതികൾ പൊലീസിനെ കബളിപ്പിക്കാൻ കൈയുറ ധരിച്ചിരുന്നു. സ്ഥലത്ത് മുളകുപൊടി വിതറാനും മറന്നില്ല. മോഷണമാണ് ഇതിന് പിന്നിലെന്ന് വരുത്തിതീർക്കുകയായിരുന്നു ലക്ഷ്യം.
പെൺകുട്ടിയുടെ സഹായത്തോടെയാണ് വീട്ടിലുണ്ടായിരുന്ന നാലരപവൻ സ്വർണാഭരണം അപഹരിച്ചതത്രെ. സിനിമയുടെ സ്വാധീനവും കുടുംബപ്രശ്നങ്ങളും സംഭവത്തിന് പിന്നിലുണ്ട്. അച്ഛനമ്മമാരിൽനിന്ന് വേണ്ടത്ര സ്നേഹംകിട്ടാത്തതും പ്രശ്നമായിട്ടുണ്ടെന്ന് ചോദ്യംചെയ്യലിൽ പെൺകുട്ടി പറഞ്ഞെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊല്ലപ്പെട്ടയാൾ ഉപദ്രവിച്ചുവെന്ന് ആൺസുഹൃത്തിനോട് പറഞ്ഞിരുന്നു. മൃതദേഹത്തിന്റെ കൈയും കാലും തുണികൾകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു.
അടുത്ത ബന്ധുക്കളെയും പുറത്തുനിന്നുള്ളവരെയുമാണ് ആദ്യം സംശയിച്ചത്. പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യത്തിലാണ് പെൺകുട്ടിയുടെ കാമുകനും അവരുടെ സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ബോധ്യമായത്. പെൺകുട്ടി ഫോൺ ഉപയോഗത്തിന്റെ പേരിൽ നേരത്തെയും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.










0 comments