print edition ആക്കുളം-ചേറ്റുവ ജലപാത: ഒന്നാംഘട്ടം ഉദ്‌ഘാടനം നാളെ


സ്വന്തം ലേഖകൻ
Published on Feb 25, 2026, 02:30 AM | 1 min read
വർക്കല: ആക്കുളം-–ചേറ്റുവ ജലപാത ഒന്നാംഘട്ടം വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ വ്യാഴം വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചിലക്കൂര്‍ ടൂറിസം പദ്ധതിയും പശ്ചിമതീര കനാല്‍ (വെസ്റ്റ് കോസ്റ്റ് കനാല്‍) നവീകരണ പദ്ധതിയുടെ ഭാഗമായി ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് പൂര്‍ത്തിയാക്കിയ മറ്റ് വികസന സംരംഭങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങില്‍ വി ജോയി എംഎല്‍എ അധ്യക്ഷനാകും. ചിലക്കൂര്‍ ടൂറിസം പദ്ധതി, സോളാര്‍ ബോട്ട് എന്നിവയുടെ നടത്തിപ്പ് ചുമതല സംബന്ധിച്ച ധാരണപത്രം ക്വില്‍ ഡയറക്ടര്‍ എസ് സുഹാസും കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയും തമ്മില്‍ കൈമാറും.
ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദൃശ്യ-ശ്രവ്യ പ്രദര്‍ശനം ഉള്‍ക്കൊള്ളിച്ചുള്ള ഇലക്ട്രിക് ബോട്ട് സിയാല്‍ പുറത്തിറക്കും. കേരള ചരിത്രത്തിന്റെ ത്രീഡി വീഡിയോയും ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈറ്റ്- ആന്‍ഡ് -സൗണ്ട് ഷോയും ചിലക്കൂര്‍ തുരങ്കത്തില്‍ ആസ്വദിക്കാനാകും. സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്ന് 2018 ല്‍ രൂപീകരിച്ച സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഡബ്ല്യുഐഎല്‍) ആണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം–-ചേറ്റുവ ജലപാത സംസ്ഥാന സര്‍ക്കാരിന്റെ വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍നാടന്‍ ജലഗതാഗത വികസന പദ്ധതിയുടെ ഭാഗമായാണ് കനാല്‍ സഞ്ചാരയോഗ്യമാക്കിയത്.










0 comments