print edition പെരുമ്പാവൂരിലെ ‘ഗുണ കേവ്’ മാജിക്കിന് പൊൻതിളക്കം

ഗുണ കേവ്‌സ് ഗുഹയുടെ സെറ്റ്
സി കെ ഉണ്ണികൃഷ്‌ണൻ
Published on Nov 04, 2025, 03:35 AM | 1 min read
കൂറ്റനാട്
കൊടൈക്കനാലിലെ ‘ഗുണ കേവ്സ്' പെരുമ്പാവൂരിലേക്ക് പറിച്ചുനട്ട മാജിക്കിന് അംഗീകാരത്തിളക്കം. ‘‘കാലവും കലയും നമ്മളെ പലതും ചെയ്യിക്കും, പലയിടത്തും കൊണ്ടെത്തിക്കും– ‘മഞ്ഞുമ്മൽ ബോയ്‌സി’ലൂടെ മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം നേടിയ അജയൻ ചാലിശേരിയുടെ പ്രതികരണം.
ഗുഹയുടെ സെറ്റിടാൻ കഴിയുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. ഹൈദരാബാദിലെയും ചെന്നൈയിലെയും സ്‌റ്റുഡിയോകൾ നോക്കിയെങ്കിലും ശരിയായില്ല. ഒടുവിലാണ് പെരുമ്പാവൂർ ഒക്കലിലെ ഒഴിഞ്ഞുകിടന്ന ഗോഡൗണിലെത്തിയത്. 45- അടി ഉയരത്തിലായിരുന്നു സെറ്റ്. യഥാർഥ ഗുഹയിൽനിന്നുള്ള ചെടികൾ, മണ്ണ്, പാറകൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചു. ഫൈബറിലായിരുന്നു നിർമാണം.
മഴയും മഞ്ഞും കൃത്യമായി വീ ഴ്ത്താൻ ക്രമീകരണമുണ്ടായിരുന്നു. ഛായാഗ്രാഹകൻ ഷൈജു ഖാലിദും പ്രൊഡക്ഷൻ ടീമും ഒപ്പംനിന്നു–അജയൻ പറഞ്ഞു. ചിദംബരം സംവിധാനം ചെയ്‌ത ആദ്യ സിനിമ ‘ജാൻ എ മനി'ലേക്ക് വിളിച്ചെങ്കിലും പോകാനായില്ല.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ആണ് അജയൻ സ്വതന്ത്രമായി കലാസംവിധാനം നിർവഹിച്ച ആദ്യസിനിമ. ഗ്യാങ്സ്റ്റർ, റാണി പത്മിനി, അപ്പവും വീഞ്ഞും, മഹേഷിന്റെ പ്രതികാരം, പറവ, വരത്തൻ, ട്രാൻസ്, ഇടുക്കി ഗോൾഡ്, ഇരുൾ, കോൾഡ് കേസ്, മാരാ (തമിഴ്) തുടങ്ങി നിരവധി ചിത്രങ്ങളിൽ അജയന്റെ കലാവിരുത് പ്രകടം.
ചാലിശേരി കവുക്കോട് കൊല്ലഴിപ്പറമ്പിൽ പരേതനായ അപ്പുണ്ണിയുടെയും മീനാക്ഷിയുടെയും നാലുമക്കളിൽ മൂത്തയാളാണ് അജയൻ. ചിത്രകലയിൽനിന്നാണ് സിനിമയിലേക്ക് വന്നത്. വരയിൽ അച്ഛനാണ് ഗുരു. ചാലിശേരി തുളസി ഡിസൈൻസിലൂടെയാണ് തുടക്കം. ഭാര്യ: സബിത. മക്കൾ: ദയക്കുട്ടി, യുവാൻ.










0 comments