ad
Deshabhimani

എയർ ഇന്ത്യ വിമാനത്തിന്‌ 
കൊച്ചിയിൽ സുരക്ഷിത ലാൻഡിങ് ; വിമാനത്തിൽ ഉണ്ടായിരുന്നത്‌ 
 160 യാത്രക്കാരും ജീവനക്കാരും

print edition ദുരന്തം വഴിമാറി ; ജാഗ്രതയോടെ നിലയുറപ്പിച്ച്‌ സിയാൽ , ദ‍ൗത്യം വിജയകരം

Air India Express Emergency Landing kochi
വെബ് ഡെസ്ക്

Published on Dec 19, 2025, 01:56 AM | 2 min read


നെടുമ്പാശേരി

ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന്‌ കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 398 വിമാനം വ്യാഴം രാവിലെ 9.08 നാണ് സിയാൽ (കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം) ഒരുക്കിയ പ്രത്യേക സുരക്ഷാസംവിധാനത്തിൽ ഇറക്കിയത്. 160 യാത്രക്കാരും ജീവനക്കാരുമാണുണ്ടായിരുന്നത്‌.


ജിദ്ദ കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴം പുലർച്ചെ റൺവേയിൽനിന്ന്‌ പുറപ്പെട്ട വിമാനത്തിന്റെ ടയറുകളിൽ തകരാർ കണ്ടെത്തിയതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ലാൻഡിങ് ഗിയറിനും സാങ്കേതിക തകരാറുണ്ടായിരുന്നു. റൺവേയിലുണ്ടായിരുന്ന എന്തോ വസ്‌തു ടയറുകൾക്ക്‌ കേടുപാടുണ്ടാക്കിയതായി സംശയമുണ്ടായിരുന്നു. തുടർന്ന്‌ വിമാനം കൊച്ചിയിൽ ഇറക്കാൻ പൈലറ്റ് അനുമതി തേടി. വിവരം സിയാൽ അധികൃതർക്ക് കൈമാറിയതിനുപിന്നാലെ ഇവിടെ മുൻകരുതലുകളെടുത്തു. പരിഭ്രാന്തി ഒഴിവാക്കാൻ വിവരം രഹസ്യമായി സൂക്ഷിച്ചാണ്‌ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയത്‌. ലാൻഡിങ്ങിനുശേഷം നടത്തിയ പരിശോധനയിൽ വലതുഭാഗത്തെ രണ്ട്‌ ടയറുകൾ പൊട്ടിയതായി കണ്ടെത്തി.


റൺവേയിലുണ്ടായ അപകടത്തെക്കുറിച്ച്‌ അന്വേഷിച്ചുവരുന്നതായി എയർഇന്ത്യ അധികൃതർ അറിയിച്ചു. വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും പിന്നീട്‌ പ്രത്യേക ബസുകളിൽ കരിപ്പൂരിൽ എത്തിച്ചു.


cial


ജാഗ്രതയോടെ നിലയുറപ്പിച്ച്‌ സിയാൽ; 
ദ‍ൗത്യം വിജയകരം

സാങ്കേതിക തകരാറുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 398 വിമാനത്തിന്റെ സുരക്ഷിത ലാൻഡിങ് വിജയകരമായി ഏകോപിപ്പിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ). വിമാനത്തിന്റെ അടിയന്തര ലാൻഡിങ് അറിയിപ്പ്‌ വ്യാഴം രാവിലെ 8.35നാണ് സിയാലിൽ ലഭിച്ചത്. സിയാലിലെ എയർപോർട്ട് റെസ്ക്യൂ ആൻഡ്‌ ഫയർ ഫൈറ്റിങ് (എആർഎഫ്എഫ്), സിഐഎസ്എഫ്, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ, ഇതര സുരക്ഷാസംവിധാനങ്ങൾ എന്നിവയും സംസ്ഥാന അഗ്നിശമന, പൊലീസ് സേനകളും ജാഗ്രതയിലായി. മികച്ച ഏകോപനത്തിലൂടെ സുരക്ഷിത ലാൻഡിങ്ങിന്‌ ക്രമീകരണങ്ങളൊരുക്കി. സിയാലുമായി സഹകരിക്കുന്ന എല്ലാ ഏജൻസികളും സ്റ്റേക്ക്ഹോൾഡർമാരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് അടിയന്തര സാഹചര്യത്തിൽ ഫലപ്രദമായി ഇടപെട്ട്‌ വിജയിപ്പിക്കാൻ കഴിഞ്ഞതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.


cial
നിലത്തിറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ പ്രത്യേകം 
തയ്യാറാക്കിയ ബസിൽ കയറുന്നതിനായി വിമാനത്താവളത്തിന്‌ പുറത്തേക്കുവരുന്നു


11 വിമാനങ്ങൾ വൈകി

അടിയന്തര ലാൻഡിങ്ങിനെത്തുടർന്ന് റൺവേ അടച്ചിടേണ്ടിവന്നതിനാൽ കൊച്ചിയിൽ ഇറങ്ങേണ്ട ആറു വിമാനങ്ങളും പുറപ്പെടേണ്ട അഞ്ചു വിമാനങ്ങളും വൈകി. ലാൻഡിങ്‌ വൈകിയ കൊളംബോ–കൊച്ചി വിമാനം ഉൾപ്പെടെ മൂന്നെണ്ണം മറ്റിടങ്ങളിലേക്ക് തിരിച്ചുവിട്ടു. തകരാറിലായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ പുറത്തിറക്കിയശേഷം തടസ്സങ്ങൾ മാറ്റി വ്യാഴം രാവിലെ 9.45ന് റൺവേ വീണ്ടും തുറന്നു. 9.48ന് ആദ്യവിമാനം ടേക്ക് ഓഫ് ചെയ്തു. സുരക്ഷിതമായ ലാൻഡിങ്ങും റൺവേ ക്ലിയറൺസിനും ശേഷം സിയാലിലെ എല്ലാ ഓപ്പറേഷനുകളും സാധാരണനിലയിലായതായി അധികൃതർ അറിയിച്ചു.


കർശനപരിശോധന 
വേണമെന്ന് യാത്രക്കാർ

സാങ്കേതിക തകരാർ സംഭവിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ്‌ നടത്തിയ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി യാത്രക്കാർ. ഫ്ലൈറ്റുകളിൽ കർശനപരിശോധന വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.


വ്യാഴം പുലർച്ചെ ജിദ്ദയിൽനിന്ന്‌ വിമാനം ടേക്ക്‌ ഓഫ് ചെയ്തപ്പോൾത്തന്നെ വലിയ ശബ്ദം കേട്ടതായി യാത്രക്കാർ പറഞ്ഞു. ആശങ്കയിലായ യാത്രക്കാർ ക്യാബിൻ ക്രൂവിനെ വിവരം ധരിപ്പിച്ചു. എന്നാൽ, ഒരു കുഴപ്പവുമില്ല എന്നായിരുന്നു മറുപടി. രാവിലെ 8.30ന് കൊച്ചിയിലെത്തുന്നതിന് തൊട്ടുമുമ്പാണ് അടിയന്തര ലാൻഡിങ്‌ വിവരം അധികൃതർ അറിയിച്ചത്. ഉംറ കഴിഞ്ഞുവന്നവരുൾപ്പെടെ പ്രായമേറിയ യാത്രക്കാരായിരുന്നു കൂടുതലും. മറ്റൊരു വിമാനത്തിൽ കരിപ്പൂരിൽ എത്തിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. എന്നാൽ, പ്രത്യേക ബസുകളിലാണ് യാത്രക്കാരെ കൊണ്ടുപോയത്. ഇത് യാത്രക്കാരും അധികൃതരും തമ്മിൽ തർക്കത്തിനും ഇടയാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home