"ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും അസാധാരണമായ കുലുക്കവും; ജീവൻ തിരിച്ചുകിട്ടിയതിന്റെ വില എയർ ഇന്ത്യ തരുന്നില്ല"

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസിനുണ്ടായത് ഗുരുതര സാങ്കേതിക പിരിവെന്ന് സൂചന. വിമാനം ജിദ്ദയിൽനിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ ഒരു ടയർ പൊട്ടിയതായി യാത്രക്കാർ സംശയം പ്രകടിപ്പിച്ചു.
ബുധൻ രാത്രി 12.30നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ 1.15 ആയപ്പോഴാണ് പുറപ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുമ്പോൾതന്നെ വലിയ ശബ്ദം കേൾക്കുകയും അസാധാരണമായ കുലുക്കം അനുഭവപ്പെട്ടതായും യാത്രക്കാർ പറഞ്ഞു. ഇതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചപ്പോൾ സാധാരണനിലയിലുള്ളതാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി. കരിപ്പൂരിൽ ലാൻഡ് ചെയ്യാനാകില്ലെന്ന് രാവിലെ 8.30 കഴിഞ്ഞപ്പോൾ പൈലറ്റ് അറിയിച്ചു. കൊച്ചിയിലേക്ക് എത്തുന്നതിന് 10 മിനിറ്റ് മുൻപ് മാത്രമാണ് അടിയന്തര ലാൻഡിങ് ആണെന്ന് അറിയിച്ചത്. റണ്‍വേയ്ക്ക് പുറത്താണ് ലാന്‍ഡ് ചെയ്തത്. ജീവൻ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകുന്നില്ല. പക്ഷേ അതിന്റെ വില വിമാനകമ്പനി നൽകുന്നില്ലെന്നും ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.
8.45നായിരുന്നു കരിപ്പൂരിൽ വിമാനം ഇറങ്ങേണ്ടിയിരുന്നത്. മറ്റൊരു വിമാനത്തിൽ കരിപ്പൂരിലെത്തിക്കാം എന്നാണ് പുറത്തിറങ്ങാൻ നേരം വിമാന ജീവനക്കാർ പറഞ്ഞത്. എന്നാൽ ബസിൽ പോകാനാണ് പിന്നീട് അറിയിച്ചതെന്നും യാത്രക്കാർ പരാതിപ്പെട്ടു. ഇതുവരെയും പലർക്കും ഭക്ഷണംപോലും ലഭ്യമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.
വ്യാഴാഴ്ച രാവിലെ 9.05-നാണ് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 398 നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ രണ്ട് ടയറുകള്‍ക്കാണ് തകരാറുണ്ടായത്.










0 comments