ad
Deshabhimani

പഠനകോൺഗ്രസ്‌: ലക്ഷ്യം നവകേരള നിർമിതി സമ്പുഷ്ടമാക്കൽ- തോമസ്‌ ഐസക്‌

thomas issac
വെബ് ഡെസ്ക്

Published on Feb 21, 2026, 03:40 PM | 1 min read

തിരുവനന്തപുരം: നവകേരള നിർമിതിയെ എങ്ങനെ കൂടുതൽ സമ്പുഷ്ടമാക്കാം എന്നതാണ്‌ അഞ്ചാം അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന്റെ ചർച്ചാവിഷയമെന്ന്‌ കോൺഗ്രസ്‌ അക്കാദമിക്‌ കമ്മിറ്റി സെക്രട്ടറി ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. ഇടതുപക്ഷ സർക്കാരുകളുടെ പ്രവർത്തനഫലമായി കേരളത്തിന്റെ സാമൂഹിക ഘടന മാറിയിട്ടുണ്ട്‌. 1973ൽ ജനസംഖ്യയിൽ 70 ശതമാനവും പാവപ്പെട്ടവരായിരുന്നു. ഇപ്പോൾ 40 ശതമാനം ജനങ്ങളുടെ വരുമാനം ഉയർന്ന്‌ അവർ ഇടത്തരക്കാരായി. 30 ശതമാനം പേർ പാവപ്പെട്ടവരായി തുടരുന്നു. പാവപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇടത്തരക്കാരുടെ പ്രതീക്ഷകൾക്ക്‌ അനുസൃതമായ വികസനമാറ്റങ്ങൾക്ക്‌ നേതൃത്വം നൽകാൻ കഴിയണം. ഇതിനായുള്ളതാണ്‌ നവകേരള വികസന അജണ്ട.


പാവപ്പെട്ടവരുടെ സാമൂഹ്യക്ഷേമ സ‍ൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം പശ്‌ചാത്തല സ‍ൗകര്യങ്ങൾക്ക്‌ വേണ്ട ഭീമമായ തുക കണ്ടെത്താൻ കഴിയണം. കേരളത്തിന്റെ മൂലധന ചെലവ്‌ ഉയർത്തുന്നതിന്‌ 10 വർഷത്തിനിടെ കഴിഞ്ഞിട്ടുണ്ട്‌. മറ്റ്‌ സംസ്ഥാനങ്ങളിലെപ്പോലെ പശ്ചാത്തല സ‍ൗകര്യ മേഖല പൂർണമായും കോർപ്പറേറ്റുവൽക്കരിക്കാനും കഴിയില്ല. പശ്‌ചാത്തല സ‍ൗകര്യ വികസനത്തിനായി ഭീമൻ ധനകാര്യസ്ഥാപനം വേണമെന്ന കാഴ്‌ചപ്പാടിൽ ആവിഷ്‌കരിക്കപ്പെട്ടതാണ്‌ കിഫ്‌ബി. 90,000 കോടി രൂപയുടെ പദ്ധതികൾ കിഫ്‌ബി നേരിട്ട്‌ ഏറ്റെടുത്തിട്ടുണ്ട്‌. കിഫ്‌ബിയിൽനിന്നുള്ള ധനസഹായം ഉപയോഗപ്പെടുത്തി ആർജ്ജിച്ചെടുക്കുന്ന കേന്ദ്ര പ്രോജക്ടുകളുമുണ്ട്‌. ഇതെല്ലാം കൂടി രണ്ട്‌ ലക്ഷം കോടിയോളം രൂപയുടെ പദ്ധതികൾ നടപ്പാക്കിക്കഴിയുമ്പോൾ കേരളത്തിന്റെ മുഖച്ഛായ മാറും.


നവകേരള വികസന അജണ്ടയുടെ വിജയം നവഉദാര നയങ്ങൾക്ക്‌ വെല്ലുവിളിയാണ്‌. അതുകൊണ്ട്‌ കൂടിയാണ്‌ കേന്ദ്രസർക്കാർ കേരളത്തിനുനേരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്‌. ഇതിനെതിരെ രാഷ്‌ട്രീയവും നിയമപരവുമായ പോരാട്ടം നടത്തുന്നതിനൊപ്പം സർക്കാർ ചെലവുകൾക്ക്‌ അനുപൂരകമായി സ്വകാര്യ സംരംഭകരെയും പൊതുമേഖല സ്ഥാപനങ്ങളെയും സഹായിക്കാൻ കഴിയുന്ന വിധത്തിൽ കേരള ബാങ്ക്‌ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച്‌ ചർച്ചകൾ നടക്കും. വിജ്ഞാന സന്പദ്‌ഘടന പടുത്തുയർത്തുന്നതിന്‌ എടുത്ത നടപടികൾ വിലയിരുത്തും. തൊഴിൽ മേഖലയിൽ സ്‌ത്രീപങ്കാളിത്തം 30ൽനിന്ന്‌ 50 ശതമാനമായി ഉയർത്താനാണ്‌ ലക്ഷ്യമിടുന്നത്‌. ഇത് സാധ്യമായാൽ കേരളസമൂഹത്തിൽ വൻചലനങ്ങളുണ്ടാകും.


നഗരവൽക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ‍, കാർഷികമേഖലയുടെ പുനഃസംവിധാനം, വിദ്യാഭ്യാസ–ആരോഗ്യമേഖലകളിൽ കൂടുതൽ മുന്നേറ്റം‍, കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റൽ എന്നിവയും ചർച്ചചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home