ad
Deshabhimani

print edition മഹിളാ അസോസിയേഷന്‍ 
സമ്മേളനം ഇന്ന്‌ സമാപിക്കും

aidwa
വെബ് ഡെസ്ക്

Published on Jan 15, 2026, 01:59 AM | 2 min read


കാനത്തില്‍ ജമീല നഗര്‍ (തിരുവനന്തപുരം)

സ്‌ത്രീകളുടെ ഏറ്റവും വലിയ പോരാട്ടസംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14ാം സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച കൊടിയിറങ്ങും. സംസ്ഥാനത്തെ 60 ലക്ഷത്തിലേറെ അംഗങ്ങളെ പ്രതിനിധീകരിച്ച് 700 സ്ത്രീകളാണ് സമ്മേളനത്തിന്റെ ഭാഗമായത്. വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെയും സംസ്ഥാന സെക്രട്ടറി സി എസ് സുജാതയും മറുപടി നല്‍കും. ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണത്തിനുശേഷം പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളനത്തിന് സമാപനമാകും.


സ്ത്രീപ്രശ്നങ്ങൾ ഉയർത്തിയുള്ള ഒട്ടേറെ പോരാട്ടങ്ങൾ നടന്ന സമ്മേളനകാലത്തിലൂടെയാണ്‌ അസോസിയേഷൻ കടന്നുപോകുന്നത്‌. രാജ്യത്തെ ഒരു കോടിയിലേറെ സ്ത്രീകള്‍ അംഗങ്ങളായുള്ള അസോസിയേഷന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ചർച്ചയും പുതിയ തീരുമാനങ്ങളുമുണ്ടായി. തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, കേരളത്തോടുള്ള സാമ്പത്തിക ‍ഉപരോധം അവസാനിപ്പിക്കുക, വെനസ്വേലയെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, ട്രെയിനുകളില്‍‌ സ്ത്രീസുരക്ഷയും മുതിര്‍ന്നവരുടെ യാത്രാനുകൂല്യങ്ങളും പുനഃസ്ഥാപിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അവതരിപ്പിച്ചു.


റെയില്‍വേ സ്ത്രീസുരക്ഷ ഉറപ്പാക്കണം

റെയില്‍വേ സ്വകാര്യവൽക്കരണത്തില്‍നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. റെയില്‍വെയെ സ്വകാര്യവൽക്കരിക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാരെന്ന്‌ പ്രമേയത്തിൽ പറഞ്ഞു.


പൊതുഗതാഗതത്തെ പൂര്‍ണമായും സ്വകാര്യവൽക്കരിക്കുന്ന നയത്തില്‍നിന്ന് കേന്ദ്രം പിന്മാറണം. സ്ത്രീ സൗഹൃദമല്ലാത്ത യാത്രാസാഹചര്യമാണ് നിലനില്‍ക്കുന്നത്. റെയില്‍വെ ടെക്നിക്കല്‍ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുംവിധം ലേഡീസ് കമ്പാര്‍ട്ട്മെന്റുകള്‍ ഒരുക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ട്രെയിനുകളുടെ എണ്ണം കൂട്ടി, മുതിര്‍ന്ന പൗരന്മാരുടെ ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


ജാഗ്രതാസമിതികൾ 
ശക്തിപ്പെടുത്തണം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗമായി രൂപീകരിച്ച വാര്‍ഡുതല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ചൂഷണമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു പരിധിവരെ സുരക്ഷ ഉറപ്പാക്കാന്‍ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും.


സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരമടക്കം കേരളം നേടിയെടുത്ത സാമൂഹിക പുരോഗതി ഇല്ലാതാക്കാന്‍ ജാതിമതസംഘടനകളും സങ്കുചിത വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിരന്തരം ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജാഗ്രതസമിതികളുടെ പ്രസക്തി. മാസത്തില്‍ ഒരുതവണയെങ്കിലും യോഗം ചേരണമെന്നും ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ പിന്തുണ ഉറപ്പാക്കണമെന്നും വാര്‍ഡുതല സമിതികളെ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബിനുമോള്‍ പ്രമേയം അവതരിപ്പിച്ചു.


വെനസ്വേലയെ തകർക്കരുത്‌

അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വെനസ്വേലയുടെ ഭരണാധികാരിയെ തട്ടിക്കൊണ്ടുപോയ യുഎസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം. സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയ്ക്ക് ശേഷം ഏകധ്രുവലോകം ലക്ഷ്യമാക്കി പരമാധികാര രാഷ്ട്രങ്ങള്‍ക്കുനേരെ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന മനുഷ്യത്വരഹിത കടന്നാക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ബന്ധിയാക്കിയ സംഭവം. ഇരുവരെയും ഉടൻ മോചിപ്പിക്കണമെന്ന്‌ സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പൊരുതുന്ന വെനസ്വേലന്‍ ജനതയോട് സമ്മേളനം ഐക്യദാർഢ്യം അറിയിച്ചു. അമേരിക്കയുടെ സാമ്രാജ്യത്വ അധിനിവേശം അവസാനിപ്പിക്കണമെന്നും വെനസ്വേലയെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home