ad
Deshabhimani

മഹിളാ അസോസിയേഷന്‍ 
 14–ാം സംസ്ഥാന സമ്മേളനം

print edition കരുത്തോടെ തുടക്കം

aidwa

ജനാധിപത്യ മഹിളാ അസോസിയേഷന്‍ 14–ാം സംസ്ഥാന സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 14, 2026, 02:15 AM | 1 min read


കാനത്തില്‍ ജമീല നഗര്‍ 
(തിരുവനന്തപുരം)

മാറുമറയ്‌ക്കൽ സമരമടക്കം മഹിളകളുടെ ഉജ്വലമായ പോരാട്ടങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച തിരുവനന്തപുരത്തെ മണ്ണിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ 14–ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. മനുവാദ ആശയങ്ങളിലേക്ക്‌ രാജ്യത്തെ തള്ളിവിടാൻ കേന്ദ്രസര്‍ക്കാർ ശ്രമിക്കുന്ന കാലത്ത്‌ സ്‌ത്രീമുന്നേറ്റങ്ങൾ കരുത്തോടെ തുടരുമെന്ന്‌ പ്രഖ്യാപിച്ച്‌ രണ്ടുനാൾ കേരളത്തിന്റെ സ്‌ത്രീശക്തി തലസ്ഥാന നഗരിയിൽ സംഗമിക്കും. ജമീല നഗറില്‍ (എകെജി ഹാള്‍) സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി പതാക ഉയര്‍ത്തിയതോടെയാണ്‌ സമ്മേളന നടപടികൾക്ക്‌ തുടക്കമായത്‌.


പ്രതിനിധി സമ്മേളനം അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി അധ്യക്ഷയായി. ശ്രീജ ഷൈജുദേവ് രക്തസാക്ഷി പ്രമേയവും സബിത ബീഗം അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത പ്രവര്‍ത്തന റിപ്പോര്‍ട്ടും അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. ടി എന്‍ സീമ സ്വാഗതം പറഞ്ഞു. അഖിലേന്ത്യ വൈസ് പ്രസിഡന്റുമാരായ യു വാസുകി, കെ കെ ശൈലജ, പി സതീദേവി, പി കെ സൈനബ, സെക്രട്ടറി എന്‍ സുകന്യ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ എസ് സലീഖ, ആര്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കുന്നു.


സൂസന്‍ കോടി, കെ എസ് സലീഖ, എം വി സരള, ബിന്ദു ഹരിദാസ്, കെ ആര്‍ വിജയ എന്നിവരടങ്ങുന്ന പ്രസിഡീയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും ആരംഭിച്ചു. ബുധനാഴ്‌ച പൊതുചര്‍ച്ച തുടരും. വ്യാഴാഴ്‌ച പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home