print edition പാരഡിയും വ്യാജചിത്രവും; പെട്ടപ്പോൾ കൂട്ടക്കരച്ചിൽ

പ്രത്യേക ലേഖകൻ
Published on Dec 28, 2025, 12:27 AM | 1 min read
തിരുവനന്തപുരം : മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി നിൽക്കുന്ന എഐ നിർമിതചിത്രം ആദ്യമായി പങ്കുവച്ച രാഷ്‌ട്രീയകാര്യ സമിതിയംഗം എൻ സുബ്രമണ്യനെതിരെ നടപടി വന്നതോടെ കോൺഗ്രസ് നേതാക്കളുടെ കൂട്ട കരച്ചിൽ. മറ്റ് പലരും വീഡിയോയിൽനിന്ന് മുറിച്ചെടുത്ത ചിത്രം പങ്കുവച്ചിട്ടുണ്ടെങ്കിലും എഐ സഹായത്തോടെ മുഖ്യമന്ത്രിയോട് സംസാരിക്കുന്നതായുള്ള ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ വ്യാജചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചത് സുബ്രമണ്യനാണ്.
സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത് ജാമ്യത്തിൽ വിടുന്ന സാധാരണ നടപടി മാത്രമാണ് ചേവായൂർ പൊലീസ് പൂർത്തിയാക്കിയത്. അതിനെ വീട് വളഞ്ഞു, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങി യുഡിഎഫ് കാലത്തെ ‘പൊലീസ് രാജ്’ ഓർമ്മിപ്പിക്കും വിധമാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചത്.
അതേസമയം, സുബ്രമണ്യൻ തന്റെ വീട് വളഞ്ഞതായി പരാതിപ്പെട്ടില്ല. ‘വീട്ടിൽ വന്ന പൊലീസുകാർക്ക് കട്ടൻചായ കൊടുത്ത് സംസാരിച്ചിരുന്നു ’ എന്നാണ് പറഞ്ഞത്. ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണത്തിന് നേതൃത്വം നൽകുന്നത് തങ്ങൾ തന്നെയാണെന്ന് സമ്മതിക്കുകയാണ് സുബ്രമണ്യനെ ന്യായീകരിക്കുക വഴി ഉത്തരവാദിത്തപ്പെട്ട നേതാക്കൾ. ‘പോറ്റിയെ കേറ്റിയേ’ പാട്ട് ഇപ്പോൾ പാടാൻ മടിക്കുന്ന നേതാക്കൾ വ്യാജ ചിത്രത്തിലും പ്രതിരോധത്തിലായി. യഥാർഥ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനോട് രഹസ്യം പറയുന്നുവെന്ന തരത്തിൽ പ്രചരിച്ച ചിത്രം എഐ നിർമിതമെന്ന് തെളിഞ്ഞത്. സെക്രട്ടറിയറ്റിന് മുന്നിൽ ശബരിമലയിലേക്കുള്ള ഒരു എമർജൻസി റെസ്‌ക്യു വാഹനം മുഖ്യമന്ത്രി കൈമാറിയ ചടങ്ങായിരുന്നു. വാഹന സ്പോൺസർമാരോടൊപ്പം വന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി കൂട്ടത്തിൽ നിൽക്കുന്ന ദൃശ്യം മാത്രാണതെന്ന് ജനം മനസ്സിലാക്കി. എംപിമാരായ അടൂർ പ്രകാശും ആന്റോ ആന്റണിയും ഉണ്ണിക്കൃഷ്‌ണൻ പോറ്റിയോടൊപ്പം സോണിയാഗാന്ധിയെ കണ്ട ചിത്രം പുറത്തുവന്നതിനും മറുപടിയില്ല. ഇൗ ജാള്യം മറയ്ക്കാനാണ് സുബ്രമണ്യനെതിരായ സാധാരണ പൊലീസ് നടപടി പോലും വിവാദമാക്കുന്നത്.










0 comments