ഭവന നിർമാണ തട്ടിപ്പിനും പോറ്റി ബന്ധത്തിനും പിന്നാലെ പുനർജനി തട്ടിപ്പും: വയനാട്ടിലേത് തട്ടിപ്പുകാരുടെ ക്യാമ്പ്


റഷീദ് ആനപ്പുറം
Published on Jan 04, 2026, 03:33 PM | 2 min read
തിരുവനന്തപുരം : വയനാട് ഭവന പദ്ധതിതട്ടിപ്പ്, സഹകരണ ബാങ്ക് നിയമന കോഴ, പോറ്റിയുമായുള്ള ബന്ധം എന്നിവക്ക് പിന്നാലെ പുനർജനി തട്ടിപ്പിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പങ്ക് വെളിപ്പെട്ടതോടെ വയനാട് നടക്കുന്ന ‘ലക്ഷ്യം 2026’ ക്യാമ്പിൽ നിറയുന്നത് തട്ടിപ്പിന്റെ കഥകൾ. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാജ കഥകളുണ്ടാക്കി എല്ലാവരേയും തുറങ്കലിലടയ്‌ക്കുമെന്ന് വീമ്പിളക്കിയ വി ഡി സതീശൻ നടത്തിയ പടുകൂറ്റൻ സാമ്പത്തിക ക്രമക്കേടിന്റെ കഥകേട്ട് കേരളം അമ്പരപ്പിലാണ്. ക്യാമ്പ് നടക്കുന്ന വയനാട്ടെ ചൂരൽമല ദുരന്തത്തിൽപെട്ടവർക്ക് വീട് നിർമിച്ചു നൽകാൻ കോടികൾ പിരിച്ചിട്ടും ഒരു വീടുപോലും നൽകാത്തതിന്റെ ചോദ്യമുനയ്ക്കിടെയാണ് പുതിയ തട്ടിപ്പ് കഥകൾ പുറത്ത് വന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കമെന്ന പേരിലാണ് കോൺഗ്രസ് നേതാക്കൾ സുൽത്താൻ ബത്തേരിയതിൽ ക്യാമ്പിനായി എത്തിയത്. ക്യാമ്പ് തുടങ്ങുംമുമ്പേ വി ഡി സതീശനെതിരായ തട്ടിപ്പ് വാർത്തയാണ് പുറത്ത് വന്നത്. അതോടെ നേതാക്കളുടെ മുഖം മ്ലാനമായി. എന്നാൽ സതീശൻ വിരുദ്ധർ സന്തോഷത്തിലുമാണ്.
സ്വന്തം മണ്ഡലത്തിൽ പാവങ്ങൾക്ക് വീടുവെക്കാനാനെന്ന് പറഞ്ഞ് ലണ്ടനിലെ ഒരു ചടങ്ങിൽവെച്ച് നിയമ വിരുദ്ധമായി പണം പിരിച്ചു എന്നതാണ് വി ഡി സതീനെതിരായ കേസ്. ബർമിങ്‌ഹാമിലെ ഒരു ലഞ്ച് മീറ്റിൽ 500 പൗണ്ട് വീതം നൽകാൻ അദ്ദേഹം അഭ്യർഥിക്കുകയായിരുന്നു. ഇങ്ങനെ 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. പുനർജനി പദ്ധതിക്കായി രൂപീകരിച്ചതാണ് മണപ്പാട്ട് ഫൗണ്ടേഷൻ. യുകെ ആസ്ഥാനമായുള്ള മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ അക്കൗണ്ടിലേക്ക് പണം അയച്ചത്. എന്നാൽ പണം പിരിക്കാൻ വിദേശ വിനിമയ ചട്ടപ്രകാരം (എഫ്‌സിആർ) അനുമതി വേണം. അത് സതീശന് ലഭിച്ചിരുന്നില്ല. പറവൂരിലെ മുൻ എംഎൽഎ ആയിരുന്ന പി രാജുവും കാതികുളം ആക്‌ഷൻ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആണ് വിജിലൻസ് അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെ വിശദ അന്വേഷണം നടത്തുകയായിരുന്നു. എഫ്സിആർഎ നിയമം, 2010 ലെ സെക്ഷൻ 3 (2) (a) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്ന് വിജലൻസ് ശുപാർശ ചെയ്‌തിരിക്കുകയാണ്.
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്ക് 230 വീട് നിൽമിച്ചു നൽകുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു കോൺഗ്രസ്. 100 വീട് കെപിസിസിയും 100 വീട് രാഹുൽ ഗാന്ധിയും 30 വീട് യൂത്ത് കോൺഗ്രസും നിർമിക്കുമെന്നായിരുന്നു പറഞ്ഞത്. പണം പിരിക്കാൻ ആപ്പ് വരെയുണ്ടാക്കി. എന്നാൽ ഇതുവരെ ഒരു വീട്‌പോലും നിർമിച്ചിട്ടില്ല. പരിച്ച പണം എവിടെ എന്നാണ് എല്ലാവരുടേയും ചോദ്യം. കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ന് നിർമാണം ആരംഭിക്കുമെന്ന് ടി സിദ്ദീഖ് എംഎൽഎ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അദ്ദേഹവും ഇപ്പോൾ കൈമലർത്തുകയാണ്. കോൺഗ്രസ് നേതാക്കൾ നടത്തിയ സഹകരണ ബാങ്ക് നിയമന കോഴയുടെ ബലിയാടായി ഡിസിസി ട്രഷററായിരുന്ന എൻ എം വിജയനും ഇളയമകൻ ജിജേഷും ജീവനൊടുക്കിയതും കോൺഗ്രസ് നേതാക്കളെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. തട്ടിപ്പിനിരയായവർക്ക് പണം തിരികെ നാൽകാമെന്ന വാഗ്‌ദാനം കോൺഗ്രസ് നേതാക്കൾ പാലിക്കാത്തതിനാൽ രണ്ട് ജീവനാണ് നഷ്‌ടമായത്. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.
ശബരിമലയിലെ സ്വർണം കട്ടെടുത്ത ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധവും കോൺഗ്രസിന്റെ മുഖംമൂടി അഴിക്കുന്നതാണ്. പോറ്റി രണ്ട് തവണയാണ് ഇസെഡ് സുരക്ഷയുണ്ടായിരുന്ന സോണിയാ ഗാന്ധിയുടെ വീട്ടിൽ എത്തിയത്. രണ്ട് തവണയും സേണിയക്ക് ഉപഹാരവും നൽകുന്നുണ്ട്. ഒരു തവണ സോണിയയുടെ കൈയിൽ എന്തോ കെട്ടുന്നുണ്ട്. സ്വർണ ബ്രേസ്‌ലറ്റ് ആണെന്നും അതല്ല, പൂജിച്ച ചരടാണെന്നും പറയുന്നുണ്ട്. പോറ്റിക്ക് സോണിയക്ക് അടുത്ത് എത്താൻ സൗകര്യം ഒരുക്കിയത് യുഡിഎഫ് കൺവീനർ കൂടിയായ അടൂർ പ്രകാശും ആന്റോ ആന്റണി എംപിയും ആണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ ശബരിമലയുടെ മറവിൽ കള്ളം പ്രചരിപ്പിച്ച കോൺഗ്രസിന്റെ ശരിയായ മുഖമാണ് ഇവിടെ വെളിപ്പെട്ടത്.
ഇതെല്ലാം കേട്ട് ആരെങ്കിലും അമ്പരന്നോ? ഒരിക്കലുമില്ല. സതീശനെന്ന ‘അഴിമതി രഹിതനെ’യും കോൺഗ്രസിനെയും കേരളത്തിന് നല്ലതുപോലെ അറിയാം. അതുകൊണ്ടാണല്ലൊ പലതരം തരം കള്ളം പ്രചരിപ്പിച്ചിട്ടും എൽഡിഎഫ് സർക്കാരിന് ജനങ്ങൾ തുടർഭരണം നൽകിയത്.










0 comments