ad
Deshabhimani

ജാതി, ഏലം കൃഷിക്കും ആഫ്രിക്കൻ ഒച്ച്‌ ഭീഷണി ; കേരളത്തിൽ 20 വർഷമായി വൻ വ്യാപനം

African Snail
avatar
സി എ പ്രേമചന്ദ്രൻ

Published on Oct 07, 2025, 02:39 AM | 1 min read


തൃശൂർ

ആഫ്രിക്കൻ ഒച്ചുകൾ കേരളത്തിൽ വൻതോതിൽ വ്യാപിക്കുന്നു. നാട്ടിൻ പുറങ്ങളിൽ വാഴകൾക്കും ചെറുസസ്യങ്ങൾക്കും ദോഷം വരുത്തിയിരുന്ന ഇവ ഏലം, ജാതി തുടങ്ങി സുഗന്ധ വ്യഞ്ജന വിളകളേയും കാപ്പി കൃഷിയേയും നശിപ്പിക്കുന്നു. വനപ്രദേശങ്ങളിലേക്കും ഒച്ചുകൾ വ്യാപിക്കുകയാണ്‌. അഞ്ഞൂറോളം ഇനം സസ്യങ്ങളെയാണ് ആഫ്രിക്കൻ ഒച്ച് നശിപ്പിക്കുന്നത്‌.


അതിരപ്പിള്ളി‍യിൽ പ്ലാന്റേഷൻ കോർപറേഷൻ തോട്ടത്തിൽ ജാതി വ്യാപകമായി ഒച്ചുകൾ നശിപ്പിച്ചു. ഇടുക്കിയിൽ ഏലം കൃഷിക്കാണ്‌ ദോഷമായത്‌. ഇടുക്കിയിൽ കൊടും തണുപ്പ്‌ കാലത്തും ഇവയെ കണ്ടെത്തിയത്‌ ആശങ്കാജനകമാണ്‌. കർണാടക ചിക്കമംഗ്ലൂരുവിൽ കാപ്പി കൃഷിയേയും നശിപ്പിക്കുന്നതായി കണ്ടെത്തി. ഇപ്പോൾ വനമേഖലയേയും നശിപ്പിക്കുകയാണ്‌. പീച്ചി വനമേഖലയിൽ ഇവയെ കണ്ടെത്തി. മണ്ണുത്തിയിൽ പുകൃഷിയെ വൻതോതിൽ ബാധിക്കുന്നു. ഓണക്കാലത്ത്‌ ചെണ്ടുമല്ലി കൃഷി വ്യാപകമായി നശിപ്പിച്ചു.


കാട്‌പിടിച്ച പറന്പുകൾ ഇവയുടെ വ്യാപനം വർധിപ്പിക്കുകയാണെന്ന്‌ ഒച്ചുകളെക്കുറിച്ച്‌ ഗവേഷണം നടത്തിയ കാർഷിക സർവകലാശാലയിലെ സെന്റർ ഫോർ പ്ലാന്റ്‌ ബയോടെക്‌നോളജി ആൻഡ്‌ മോളിക്യുലാർ വിഭാഗത്തിലെ ഡോ. കീർത്തി വിജയൻ പറഞ്ഞു. ആഫ്രിക്കൻ ഒച്ചിലുള്ള നെമറ്റോഴ്‌സ്‌ കുട്ടികളിൽ മസ്‌തിഷ്‌ക ജ്വരം പടർത്തും. കുട്ടികൾ മണ്ണിൽ കളിക്കുന്പോൾ ഇവയെ പിടിക്കുകയും കൈ വായിൽ ഇടുകയും ചെയ്യും. അതുവഴിയാണ്‌ രോഗം പകരുന്നത്‌. ഇവയെ നശിപ്പിക്കാൻ പിടികൂടുന്പോൾ കൈയുറ ധരിക്കണം. മഴക്കാലത്ത്‌ പച്ചക്കറികൾ നന്നായി കഴുകി ഉപയോഗിക്കണം. തുരിശും പുകയിലയും ചേർത്ത മിശ്രിതം തളിച്ചാൽ ഇവയെ നിയന്ത്രിക്കാം. കുറച്ച്‌ ഒച്ചുകളാണുള്ളതെങ്കിൽ ഉപ്പ്‌ കലക്കിയ വെള്ളത്തിൽ പിടിച്ചിട്ട്‌ നശിപ്പിക്കാമെന്നും അവർ പറഞ്ഞു.


1945ലാണ്‌ കേരളത്തിൽ ആദ്യം ഇവയുടെ വ്യാപനമുണ്ടായത്‌. 1970ലുമുണ്ടായി. 2004ലുണ്ടായ വ്യാപനം 20വർഷമായി തുടരുകയാണെന്നാണ്‌ പഠനം. ഒച്ച്‌ ആറ്‌ മാസത്തിനുള്ളിൽ 500 മുട്ടയിടും. ഇതിൽ 400 എണ്ണം വിരിയും. ആൺ–പെൺ വേർതിരിവില്ലാതെ മുട്ടയിടുമെന്നത്‌ വ്യാപനം വർധിപ്പിക്കുന്നു. അഞ്ഞൂറിൽപ്പരം ചെടികൾ തിന്നുന്നതിനാൽ എവിടെയും വസിക്കാം. വാഹനങ്ങളിലും മറ്റും പറ്റിപ്പിടിച്ച്‌ വ്യാപിക്കും. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇവയെ ഭക്ഷിക്കുന്ന പക്ഷികളുണ്ട്‌. കേരളത്തിൽ ഇത്തരം പക്ഷികളുമില്ല. ചൂടുകാലത്തുൾപ്പെടെ രണ്ട്‌ വർഷം വരെ കാൽസിയം ഷീറ്റ്‌ പാടപോലെയുണ്ടാക്കി മണ്ണിനടിയിൽ സുരക്ഷിതമായി കഴിയാം എന്നതും പ്രത്യേകതയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home