ad
Deshabhimani

print edition അതിജീവിതയെ തള്ളി കോൺഗ്രസ്‌ നേതാക്കൾ

adoor prakash statement on dileep case
വെബ് ഡെസ്ക്

Published on Dec 10, 2025, 01:32 AM | 3 min read


തിരുവനന്തപുരം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ അതിജീവിതയെ തള്ളി കോൺഗ്രസ്‌ നേതാക്കൾ. ‘ ദിലീപിന് നീതി കിട്ടി, സർക്കാർ അപ്പീലിന്‌ പോകുന്നത്‌ വേറെ ജോലി ഇല്ലാത്തതുകൊണ്ട്‌. വ്യക്തിപരമായി തന്നെ ഏറെ അടുപ്പം നിലീപിനോടുണ്ട്‌. ’’ – എന്നാണ്‌ യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തലുകളും കേസും വന്നപ്പോഴും ആദ്യം ന്യായീകരിക്കാൻ എത്തിയതും അടൂർ പ്രകാശ്‌ ആണ്‌.


എറണാകുളം കേന്ദ്രീകരിച്ച്‌ ചില കോൺഗ്രസ്‌ നേതാക്കൾ നേരത്തെ തന്നെ അതിജീവിതയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ യുഡിഎഫ്‌ കൺവീനർ തന്നെ ദിലീപിന്‌ വേണ്ടി വാദിച്ചു. പ്രതികളെല്ലാം കുറ്റക്കാരെന്ന്‌ കണ്ടെത്തിയെന്ന്‌ പറഞ്ഞ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും അതിജീവിതയെ പിന്തുണയ്ക്കാൻ തയ്യാറായില്ല. കോൺഗ്രസ്‌ രാജ്യസഭാംഗം ജെബി മേത്തർ ഉൾപ്പെടെയുള്ളവരും ദിലീപിന്‌ അനുകൂലമായ നിലപാടാണ്‌ എടുത്തിരുന്നത്‌. ദിലീപിന്‌ വേണ്ടി സമൂഹമാധ്യമങ്ങളിൽ അക്രമണോത്സുക കമന്റുകൾ ഇടുന്നതും വിധി വന്നപ്പോൾ ലഡു വിതരണം ചെയ്തവരിലും ഇ‍ൗ നേതാക്കളുടെ ‘ഫാൻസ്‌ ’ ഉണ്ടായിരുന്നു.


അതിജീവിതയ്ക്ക്‌ പരിപൂർണ നീതി ലഭ്യമാക്കാൻ ഏതറ്റംവരേയും പോകാൻ തയ്യാറാണെന്നും അപ്പീൽ അടക്കമുള്ള എല്ലാ നിയമനപടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്നുമുള്ള ശക്തമായ നിലപാടാണ്‌ സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. കോൺഗ്രസ്‌ നേതാക്കളുടെ നിലപാടും പരസ്യ പ്രതികരണങ്ങളും, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ നിയമനടപടിക്കൊരുങ്ങുന്ന ദിലീപിന്‌ സഹായകരമാകും.


കേസിൽ ആദ്യം മുതലേ കോൺഗ്രസ്‌ സ്വീകരിച്ച നിലപാട്‌ അതിജീവിതയ്ക്കെതിരായിരുന്നു. സംഭവം നടന്ന്‌ ഏറെ താമസിയാതെ തന്നെ കുറ്റവാളികളെ അകത്താക്കാനായത്‌ എൽഡിഎഫ്‌ ഭരണമായതുകൊണ്ടാണെന്ന പൊതു അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്‌ കോൺഗ്രസ്‌ നിലപാട്‌. അതേസമയം, താൻ പൂർണമായും അതിജീവിതയ്ക്കൊപ്പമാണെന്ന്‌ ശശി തരൂർ പറഞ്ഞു. അവർക്ക്‌ നീതിലഭ്യമാക്കുന്നതിനുവേണ്ടി അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ​


അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അത്ഭുതമില്ല

കോഴിക്കോട്‌

നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരും മുന്നണിയും എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. കേസിൽ അപ്പീൽ പോകുമെന്ന്‌ സർക്കാർ അറിയിച്ചിട്ടുണ്ട്‌. വിധിയെപ്പറ്റി ദിലീപിന്‌ അനുകൂലമായി യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌ പറഞ്ഞതിൽ അത്ഭുതമില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ അവസാന നിമിഷം വരെ സംരക്ഷിച്ച പാർടിയിൽനിന്ന്‌ അങ്ങനെ പ്രതികരണം വന്നത്‌ സ്വാഭാവികമാണ്‌. രാഹുലിന്‌ ഒളിവിൽ പോകാനും അവർ എല്ലാ സഹായവും നൽകി. അവസാനം നിൽക്കള്ളിയില്ലാതായതോടെയാണ്‌ പുറത്താക്കിയത്‌.

രാഷ്‌ട്രീയത്തിലെ ക്രിമിനൽവൽക്കരണമാണ്‌ മാങ്കൂട്ടത്തിൽ സംഭവത്തിലൂടെ വ്യക്തമാവുന്നത്‌. വയനാട്ടിൽ കോൺഗ്രസ്‌ നേതാക്കളോടും കുടുംബങ്ങളോടും ആ പാർടി ചെയ്‌ത ദ്രോഹം കണ്ടിട്ടില്ലേ. അത്തരം നിലപാടുകളുടെ ആവർത്തനമാണ്‌ അടൂർ പ്രകാശിന്റേതെന്നും ടി പി പറഞ്ഞു.


അടൂർ പ്രകാശ്‌ പറഞ്ഞത്‌ യുഡിഎഫ്‌ നിലപാട്‌

കൊച്ചി

യുഡിഎഫ്‌ അതിജീവിതയ്‌ക്കൊപ്പമല്ലെന്നാണ്‌, നടി ആക്രമിക്കപ്പെട്ട കേസിൽ അടൂർ പ്രകാശിന്റെ പ്രസ്‌താവനയിലൂടെ വ്യക്തമായെന്ന്‌ മന്ത്രി പി രാജീവ്‌. സർക്കാർ അപ്പീൽ പോകുമല്ലോ എന്നാണ്‌ വിധി വന്നദിവസം പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പറഞ്ഞത്‌. എന്നാൽ, സർക്കാരിന്‌ വേറെ പണിയില്ലേ എന്ന്‌ അടൂർ പ്രകാശ്‌ ചോദിച്ചതിലൂടെ അവരുടെ യഥാർഥ നിലപാടെന്ത്‌ എന്ന്‌ വ്യക്തമായെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

നേരിട്ട്‌ കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർക്കെല്ലാം ശിക്ഷ ഉറപ്പാക്കാനായത്‌ അന്വേഷക സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമാണ്‌. കുറ്റകൃത്യത്തിന്‌ പിന്നിലെ ഗൂഢാലോചന തെളിയിക്കാനായില്ലെന്നാണ്‌ കോടതി പറഞ്ഞത്‌. ഏതെങ്കിലും പ്രത്യേക വ്യക്തി കുറ്റം ചെയ്‌തിട്ടുണ്ടെന്നോ ഇല്ലെന്നോ ഉള്ള നിലപാട്‌ സർക്കാരിനില്ല. അന്വേഷകസംഘം തയ്യാറാക്കുന്ന കുറ്റപത്രം പരിശോധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌ നീതിപീഠമാണ്‌. അന്വേഷകസംഘത്തിന്‌ എല്ലാ സ്വാതന്ത്ര്യവും സർക്കാർ നൽകിയിട്ടുണ്ട്‌. അതിജീവിതയുടെ താൽപ്പര്യം പരിഗണിച്ച്‌ എപ്പോഴും സർക്കാർ കൂടെനിന്നു. ഇനിയുള്ള കാര്യങ്ങളിലും അങ്ങനെതന്നെയായിരിക്കും. അപ്പീൽ നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനം പ്രഖ്യാപിച്ചിരുന്നു. അതിജീവിതയ്‌ക്കൊപ്പം നിൽക്കുക എന്നതുതന്നെയാണ്‌ എക്കാലത്തും സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.


കോൺഗ്രസ് സംസ്-കാരം വെളിപ്പെട്ടു: ഡിവൈഎഫ്ഐ

തിരുവനന്തപുരം

അതിജീവിതകൾക്കെതിരെ കോൺഗ്രസ് സ്വീകരിക്കുന്ന പൊതുനിലപാടിന്റെ ഭാഗമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്‌താവനയെന്ന്‌ ഡിവൈഎഫ്ഐ. രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ സമൂഹത്തിന് ബാധ്യതയായ ക്രിമിനലുകൾക്ക് സംരക്ഷണം കൊടുക്കുന്ന യുഡിഎഫ് സംവിധാനം ഇ‍ൗ നിലപാട് പിന്തുടരുന്നതിൽ അത്ഭുതമില്ല.

മുമ്പ് സൂര്യനെല്ലി കേസിലെ അതിജീവിതയെ കോൺഗ്രസ് നേതാവ് കെ സുധാകരൻ അപമാനിച്ച ചരിത്രം മുന്നിലുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായി അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനെ അപഹസിച്ച അടൂർ പ്രകാശ് കേരളത്തിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുകയാണ്. വേട്ടക്കാർക്ക് ഒത്താശ ചെയ്യുന്ന ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ​



സ്‌ത്രീവിരുദ്ധതയുടെ തെളിവ്‌

പത്തനംതിട്ട

നടിയെ അക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്‌ കോടതിയിൽ നീതി ലഭിച്ചെന്ന യുഡിഎഫ്‌ കൺവീനർ അടൂ‍ർ പ്രകാശിന്റെ പ്രതികരണം അദ്ദേഹത്തിന്റെയും പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയപ്രസ്ഥാനത്തിന്റെയും സ്‌ത്രീവിരുദ്ധതയുടെയും തെളിവാണെന്ന്‌ മന്ത്രി വീണാ ജോർജ്‌. കുമ്പഴ എംഡിഎൽപിഎസിൽ വോട്ട്‌ രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇ‍ൗ ഒരു സംഭവത്തിൽ മാത്രമല്ല, അടുത്തിടെയുണ്ടായ പല സംഭവങ്ങളിലും അവരുടെ സ്‌ത്രീവിരുദ്ധത വ്യക്തമായതാണെന്നും മന്ത്രി പറഞ്ഞു.



അടൂർ പ്രകാശിന്‌ സ്ത്രീവിരുദ്ധ സമീപനം

കോട്ടയം

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ദിലീപ് അനുകൂല പ്രസ്താവന അപക്വമായ സമീപനമെന്ന്‌ മന്ത്രി വി എൻ വാസവൻ. പാന്പാടി എംജിഎം സ്‌കൂളിൽ വോട്ട്‌ ചെയ്തശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റേത്‌ സ്ത്രീവിരുദ്ധ സമീപനമാണ്‌.

അതിജീവിതമാരെ അധിക്ഷേപിക്കുകയാണ്‌ അടൂർ പ്രകാശ്‌. രാഹുൽ വിഷയത്തിൽ ഉന്നത കോൺഗ്രസ്‌ നേതാക്കൾ നിലപാട് പറഞ്ഞപ്പോഴും ആ സംഭവത്തെ അപലപിക്കാനോ തള്ളിക്കളയാനോ അടൂർ പ്രകാശ് തയ്യാറായില്ലെന്നും വാസവൻ പറഞ്ഞു.


യുഡിഎഫ് സ്ത്രീപക്ഷത്തല്ല

തിരുവനന്തപുരം

സ്ത്രീ പീഡകർക്ക് വെഞ്ചാമരം വീശുകയാണ് യുഡിഎഫ്‌ എന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ മാങ്കൂട്ടത്തിലിനെ ചുമക്കുന്ന യുഡിഎഫിന് ഈ നടനെയും ചുമക്കാൻ മടി കാണില്ല. യുഡിഎഫ് അപമാനിക്കപ്പെട്ട സ്ത്രീയുടെ പക്ഷത്തല്ല.

യുഡിഎഫ് കൺവീനറുടെ പ്രസ്താവന കണ്ട ഒരു സ്ത്രീയ്‌ക്കും യുഡിഎഫിന് വോട്ട് ചെയ്യാനോ പിന്തുണക്കാനോ കഴിയില്ല. എൽഡിഎഫ് നിൽക്കുന്നത് പൂർണമായും അതിജീവിതയ്ക്കൊപ്പമാണ്. എൽഡിഎഫ്. ഇന്നും നാളെയും അവൾക്കൊപ്പമായിരിക്കുമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home