ബംഗളൂരുവിൽവച്ച് അടൂര്‍ പ്രകാശിന് സമ്മാനപ്പൊതിയും പ്രത്യേകം കവറും ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി നൽകുന്ന ചിത്രം പുറത്ത്
print edition യുഡിഎഫിന് ‘ബൂമറാങ്ങാ’യി ശബരിമല ; അടൂർ പ്രകാശിന് മുഖ്യപ്രതിയുമായി അടുത്ത ബന്ധം


സി കെ ദിനേശ്
Published on Jan 24, 2026, 02:54 AM | 2 min read
തിരുവനന്തപുരം
ശബരിമലയിലെ സ്വർണം കട്ടവരെ സോണിയ ഗാന്ധിയുടെ വിട്ടിൽ കയറ്റിയതിന് ഉത്തരം നൽകാനാകാതെ അടിപതറുമ്പോൾ, അടൂർ പ്രകാശും ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള പുതിയ ചിത്രങ്ങൾ പുറത്തുവന്നത് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കി. അടൂർ പ്രകാശും മുഖ്യപ്രതിയും തമ്മിൽ അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ശബരിമലയുടെ ഒരു ഒൗദ്യോഗിക ചുമതലയും ഇല്ലാത്തപ്പോഴും അടൂർ പ്രകാശ് നിരന്തരം പ്രതിയുമായി ബന്ധപ്പെട്ടുവെന്നാണ് ഇപ്പോൾ തെളിയുന്നത്.
സ്വർണ മോഷണ പരമ്പരയിൽ നിന്ന് കോൺഗ്രസിന് ഒരുവിധത്തിലും രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ശബരിമല വിഷയം നിയമസഭയിൽ ചർച്ച ചെയ്യാതെ ബഹളം വച്ച് അലങ്കോലപ്പെടുത്തുന്നതിന് കാരണവും മറ്റൊന്നല്ല.
പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ് തറയിൽ അംഗവുമായിരിക്കുമ്പോൾ ഇവർ തന്നെയാണ് കോൺക്രീറ്റ് അടിത്തറയുള്ള കൊടിമരം ചിതലരിച്ചെന്ന് പറഞ്ഞ് മാറ്റിയത്. വാജിവാഹനം ചട്ടവിരുദ്ധമായി തന്ത്രിയെ ഏൽപ്പിക്കുകയും ചെയ്തു. സിപിഐ എം പ്രതിനിധി എം രാജഗോപാലൻ നായർ പ്രസിഡന്റായിരിക്കുമ്പോൾ ശബരിമലയിലെ സ്വത്തിൽ തന്ത്രിക്ക് ഒരവകാശവുമില്ലെന്നും ആചാരത്തിന്റെ പേരിൽ ഒരു വസ്തുവും കൈമാറരുതെന്നും പ്രത്യേകം ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിച്ചാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്.
വിജയ് മല്ല്യ സ്വർണം കൊടുത്ത കാലഘട്ടം മുതലുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന് ഇപ്പോൾ ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ഇതേ ആവശ്യമാണ് സർക്കാർ നേരത്തെ കോടതിയിൽ ഉന്നയിച്ചിരുന്നത്. സ്വർണം കട്ടവർ ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് സിപിഐ എമ്മും സർക്കാരും വളരെ മുമ്പേ വ്യക്തമാക്കിയതാണ്.
പോറ്റിയുമായുള്ള ബന്ധം സമ്മതിച്ച് അടൂർ പ്രകാശ്
ശബരിമല സ്വർണമോഷണക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് സമ്മതിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ‘പോറ്റിയുടെ വീട്ടിലും സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്. കെപിസിസി ജനറൽസെക്രട്ടറി രമണി പി നായരോടൊപ്പാണ് സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടിൽ പോയത്.
നിയോജകമണ്ഡലത്തിലുള്ള ആളായതിനാലാണ് പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ പോയത്. ബംഗളുരുവിൽ ഉണ്ടായിരുന്ന സമയത്ത് പോറ്റി അവിടെയും വന്നു. കാണാൻ വന്നപ്പോൾ കുറച്ച് ഇൗന്തപ്പഴവും മറ്റുമാണ് കൊണ്ടുവന്നത്.’– അടൂർ പ്രകാശ് പറഞ്ഞു. തനിക്കെതിരെ ദിവസവും പുറത്തുവരുന്ന തെളിവുകൾക്ക് പിന്നിൽ കോൺഗ്രസുകാർ തന്നെയാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പോറ്റിയുമായി ബംഗളൂരുവിലും ഇടപാട്
അടൂർ പ്രകാശ് ‘സമ്മാനം’ കൈപ്പറ്റി
ശബരിമല സ്വര്‍ണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശുമായി സംസ്ഥാനത്തിന് പുറത്തുവച്ചും ഇടപാട് നടത്തിയതിന് തെളിവ്. ബംഗളൂരുവിൽവച്ച് അടൂര്‍ പ്രകാശിന് സമ്മാനപ്പൊതിയും പ്രത്യേകം കവറും ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി നൽകുന്ന ചിത്രമാണ് പുറത്തുവന്നത്. തനിക്ക് പോറ്റിയുമായി ബന്ധമില്ലെന്നും നാട്ടുകാരനെന്ന പരിചയമാണുള്ളതെന്നുമുള്ള അടൂർ പ്രകാശിന്റെ വാദം പൊളിക്കുന്നതാണ് ബംഗളൂരുവിലെ ചിത്രം.

അടൂര്‍ പ്രകാശും ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും സുഹൃത്ത് രമേശ് റാവുവും ബംഗളൂരുവിൽ കണ്ടുമുട്ടിയപ്പോൾ
(ഇൻസെറ്റിൽ: ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിന് അടൂർ പ്രകാശ് എത്തിയപ്പോൾ)
സമ്മാനപ്പൊതിയിൽ ഇൗന്തപ്പഴമാണെന്ന് പറഞ്ഞ അടൂർ പ്രകാശ് പ്രത്യേക കവറിൽ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയോടൊപ്പം ചില പരിപാടികളിൽ പങ്കെടുക്കുന്ന ഫോട്ടോ അടൂർ പ്രകാശ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പലയിടങ്ങളിലായി ഇരുവരും കണ്ടുമുട്ടിയതിന്റെ തെളിവും അനുദിനം പുറത്തുവരുകയാണ്. എസ്‌ഐടി അന്വേഷണത്തിലടക്കം നിർണായക തെളിവാകാവുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ യുഡിഎഫ് നേതൃത്വം അങ്കലാപ്പിലാണ്.
ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയായ 10 ജനപഥിൽ പോറ്റി രണ്ടുതവണ പോയപ്പോഴും അടൂർ പ്രകാശും ആന്റോ ആന്റണി എംപിയുമുണ്ടായിരുന്നു. കൂടിക്കാഴ്‌ചയ്‌ക്ക് അവസരമൊരുക്കിക്കൊടുത്തത് ആരാണെന്ന് നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേസിൽ അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും പോറ്റിയുടെ സ്‌പോൺസർമാരിൽ ഒരാളായ രമേഷ് റാവുവും പലയിടത്തും ഒത്തുകൂടി. ഇവിടെയെല്ലാം കോൺഗ്രസ് നേതാക്കളുമുണ്ടായിരുന്നു.
കള്ളി വെളിച്ചതായതോടെ, ആർക്കും ദഹിക്കാത്ത വാദങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി. പോറ്റിയെ അടൂർ പ്രകാശ് കാണുന്പോൾ അയാൾ കള്ളനായിരുന്നില്ലല്ലോ എന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. നിയമസഭയിൽ ബഹളമുണ്ടാക്കി പ്രതിപക്ഷം ഒളിച്ചോടിയതും സ്വർണക്കൊള്ളയുടെ ചോദ്യങ്ങൾ നേരിടാൻ കഴിയാതെയാണ്.










0 comments