പതിനേഴുകാരിക്ക് നിരന്തര ലൈംഗിക പീഡനം: മന്ത്രവാദി അറസ്റ്റിൽ

adoor rape case
വെബ് ഡെസ്ക്

Published on Jan 26, 2025, 07:41 PM | 1 min read

അടൂർ: പതിനേഴുകാരിയെ ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മന്ത്രവാദി ആദിക്കാട്ടു കുളങ്ങര സ്വദേശി ബദർ സമനെ (62) ആണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.


പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു ഇയാൾ പീഡനം നടത്തിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരം ഒമ്പത് കേസാണ് രജിസ്റ്റർ ചെയ്തത്. ഒരു കേസ് നൂറനാട് പൊലീസിന് കൈമാറി. കേസിൽ നേരത്തെ നാലുപേരെ അടൂർ പൊലീസ് പിടികൂടിയിരുന്നു.


സ്കൂളിൽ ശിശുക്ഷേമസമിതി നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിടികൂടിയ നാല് പ്രതികളിൽ ആദ്യ രണ്ടുപേരെ വെള്ളി രാത്രിയും മറ്റുള്ളവരെ ശനിയാഴ്ചയുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഏപ്രിലിൽ കുട്ടിയുമായി പ്രണയത്തിലായശേഷം ജൂലൈയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ച സാജൻ (24), കാറിൽ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ച ആദർശ് (25) എന്നിവർ ആദ്യം പിടിയിലായി. ഇവരെ വീടുകളിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.


പെൺകുട്ടിയുമായി അടുപ്പത്തിലായി കഴിഞ്ഞ സെപ്റ്റംബറിൽ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒരു വീട്ടിൽവച്ച് പീഡിപ്പിച്ച കേസിൽ സച്ചിൻ കുറുപ്പ് (25), മറ്റൊരു കേസിലെ പ്രതി കൃഷ്ണാനന്ദ് (21) എന്നിവരെയാണ് ശനിയാഴ്ച പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


സ്കൂളിൽ തുടർച്ചയായി എത്താതിരുന്നതിനെ തുടർന്ന് അധ്യാപിക അന്വേഷിച്ചപ്പോൾ കുട്ടിയുടെ നഗ്നഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതിലെ വിഷമമാണ് കാരണമെന്ന് ബോധ്യപ്പെട്ടു. സ്കൂൾ കൗൺസലർ മുഖാന്തിരം കാര്യങ്ങൾ മനസ്സിലാക്കിയ അധ്യാപിക പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയും തുടർന്ന് ശിശുക്ഷേമസമിതിക്ക് വിവരം കൈമാറുകയായിരുന്നു. തുടർന്നാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home