സാങ്കേതിക സര്‍വകലാശാലയില്‍ ഭരണപ്രതിസന്ധി; വിസിയും രജിസ്ട്രാറും ഇല്ല, സര്‍ട്ടിഫിക്കറ്റ് നീക്കം നിലച്ചു

ആന്‍സ് ട്രീസ ജോസഫ്
Published on Jul 21, 2025, 12:01 AM | 1 min read
തിരുവനന്തപുരം : താൽക്കാലിക വൈസ് ചാൻസലറുടെ നിരുത്തരവാദ നിലപാടിൽ എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിദ്യാർഥികളുടെ ഭാവി ആശങ്കയിൽ. 4,878 ബിരുദ സർട്ടിഫിക്കറ്റാണ് വിസിയുടെ ഒപ്പ് കാത്തുകിടക്കുന്നത്. വിസി ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവച്ചു. തൽസ്ഥിതി തുടർന്നാൽ ബിരുദം പൂർത്തിയാക്കിയവരുടെ തുടർപഠനവും ജോലി സാധ്യതയും വഴിമുട്ടും. ഹൈക്കോടതി വിധിയെ തുടർന്ന് ചാൻസലർ നിയമിച്ച വിസി ഡോ. കെ ശിവപ്രസാദ് പുറത്താക്കപ്പെട്ട് ഒരാഴ്ചയായിട്ടും പുതിയ നിയമനത്തിൽ ചാൻസലർ ഇടപ്പെടാത്തത് പ്രതിസന്ധി രൂക്ഷമാക്കി. ശിവപ്രസാദ് അക്കാദമിക - നിയമന കാര്യങ്ങൾ നടത്താഞ്ഞതും പ്രതിസന്ധിക്ക് വഴിയൊരുക്കി. ഒരുമാസമായി സർവകലാശാല രജിസ്ട്രാർ കസേരയിലും ആളില്ല.
കോളേജുകളുടെ അംഗീകാരം, എൻജിനീയറിങ് പ്രവേശനം എന്നിവ നടക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനത്തെ എല്ലാ എൻജിനീയറിങ് കോളേജുകളുടെയും ചുമതലയുള്ള സർവകലാശാലയുടെ തലപ്പത്ത് ആളില്ലാതായത്.
ഗവർണർ നേരിട്ട് നിയമിച്ച താൽക്കാലിക വിസി ഏഴുമാസത്തോളം ഉണ്ടായിട്ടും കൃത്യമായി സിൻഡിക്കറ്റ് യോഗങ്ങൾ വിളിച്ചുകൂട്ടിയിരുന്നില്ല. ഇത് 2025–- -26 അക്കാദമിക വർഷത്തിലെ കോളേജ് അഫിലിയേഷൻ പ്രവർത്തനങ്ങളും തടസപ്പെടുത്തി. പുതിയ കോഴ്സുകൾ അംഗീകരിക്കാനുള്ള നടപടികളും പൂർത്തിയായില്ല. ഇത് എൻജീനിയറിങ് അലോട്ട്മെന്റ് നടപടികളെയും ബാധിച്ചേക്കും. വിളപ്പിൽശാലയിൽ നിർമിക്കുന്ന സർവകലാശാല ആസ്ഥാന മന്ദിര നിർമ്മാണ തുക ഏജൻസിക്ക് കൈമാറാനും കഴിഞ്ഞിട്ടില്ല. ഇതോടെ 2026 ജനുവരിയിൽ ഉദ്ഘാടനം ചെയ്യാവുന്ന രീതിയിൽ നീങ്ങിയിരുന്ന നിർമാണവും മുടങ്ങി. സർവകലാശാല സ്കൂളുകളിലേക്കുള്ള അധ്യാപക നിയമനവും തടസപ്പെട്ടു.
ബജറ്റ് പാസാക്കാതെ മൂന്നുമാസത്തെ വോട്ട് ഓൺ അക്കൗണ്ട് മാത്രമാക്കിയതോടെ ജൂലൈ ഒന്നുമുതൽ സാമ്പത്തിക ഇടപ്പാടുകൾ നടക്കുന്നില്ല. പെൻഷൻ വിതരണവും മുടങ്ങി. സർവകലാശാലയുടെ പോർട്ടൽ ഡാറ്റാ സൂക്ഷിക്കുന്ന ആമസോൺ വെബ് സെർവറുമായുള്ള കരാർ കാലാവധിയും അവസാനിച്ചു. ഏപ്രിൽ മുതൽ കമ്പനിക്ക് പണം നൽകിയിട്ടില്ല. സെർവർ സേവനം തടസപ്പെട്ടാൽ വിദ്യാർഥികളുടെ പഠനവും സ്തംഭിക്കും.









0 comments