ആദിവാസി യുവാവിന് കസ്റ്റഡി മർദനം; മഫ്തിയിൽ വന്ന് സ്വകാര്യവാഹനത്തിൽ പിടിച്ചുകയറ്റി; ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള അഭിലാഷ്
കോട്ടയം: ആദിവാസി യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചതായി പരാതി. പൂഞ്ഞാർ പെരിങ്ങുളം പൂവത്തിങ്കൽ വീട്ടിൽ അഭിലാഷിനെയാണ് ഇൗരാറ്റുപേട്ട പൊലീസ് മർദിച്ചത്. ലൈൻ കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ ക്രൂരത.
ഒരുമാസം മുമ്പ് മലയോരമേഖലയിൽ കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായിരുന്നു. ലൈൻകമ്പികൾ പൊട്ടി കെഎസ്‌ഇബിക്ക് വലിയ നഷ്ടമുണ്ടായി. ലൈൻ കമ്പി നഷ്ടപ്പെട്ടെന്നു പറഞ്ഞ് കെഎസ്‌ഇബി ഇൗരാറ്റുപേട്ട പൊലീസിൽ പരാതി നൽകിയിരുന്നു. കെഎസ്‌ഇബിയിലെ കരാർ ജീവനക്കാരനാണ് അഭിലാഷ്.
വെള്ളിയാഴ്‌ച രാവിലെയാണ് പൊലീസ് അഭിലാഷിനെ കസ്‌റ്റഡിയിലെടുത്തത്. ഇന്നോവ കാറിൽ മഫ്‌തിയിലാണ് പൊലീസ് വന്നത്. ഉറങ്ങുകയായിരുന്ന അഭിലാഷിനെ പൊലീസ് വിളിച്ചെഴുന്നേൽപിച്ച് മുറ്റത്തേക്ക് തള്ളിയിട്ട് മർദിച്ചു. ബലമായി സ്വകാര്യ വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ നോക്കി. അടിവസ്‌ത്രം ഇടണമെന്നു പറഞ്ഞപ്പോൾ പൊലീസ് സമ്മതിച്ചില്ല. അസഭ്യം പറയുകയും ചെയ്‌തു. ഇൗ സമയം അവിടെ വന്ന അയൽവാസികൾ വീഡിയോ എടുക്കാതിരിക്കാൻ അവരുടെ ഫോൺ പൊലീസ് തട്ടിപ്പറിച്ചു. തുടർന്ന് അഭിലാഷിനെ വലിച്ചിഴച്ച് കൊണ്ടുപോയി വണ്ടിയിൽ കയറ്റി മർദിച്ചെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തലയുടെ പിന്നിൽ എന്തോ വസ്‌തു ഉപയോഗിച്ച് മർദിച്ചു.
വൈകിട്ട് എസ്‌സി പ്രെമോട്ടറുടെ കൂടെ അഭിലാഷിനെ പൊലീസ് വിട്ടയച്ചു. സ്‌റ്റേഷനിൽനിന്ന് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻ വണ്ടിവിളിച്ച് പാലാ ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് ഫിറ്റ്‌സ് വന്നു. ബോധവും നഷ്ടമായ അവസ്ഥയിലായിരുന്നു.
പൊലീസ് മർദനത്തിൽ അഭിലാഷ് പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ശക്തമായ നടപടി വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.









0 comments