അടിമാലി മണ്ണിടിച്ചിൽ: ദേശിയപാത നിർമ്മാണം നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു

അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിക്കുന്നു
ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം താത്കാലികമായി നിർത്തിവയ്ക്കാൻ ഇടുക്കി ജില്ലാ കലക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപികരിച്ചു.
ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശിയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ, ദേശീയപാത അതോരിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേവികുളം തഹസിൽദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.
പഠന റിപ്പോർട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേശിയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് നിർദേശം നൽകി. റോഡിലും വിടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിന് ഉത്തരവിൽ അനുവാദം നൽകിയിട്ടുണ്ട്.
ദേശീയപാതയ്‌ക്കുസമീപം അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിലാണ് പ്രദേശവാസിയായ ബിജു മരിച്ചത്. ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാത്രി പത്തരയോടെയാണ് സംഭവം. അടിമാലി ലക്ഷംവീടിന് സമീപം 40 അടിയോളം ഉയരത്തിൽനിന്നും മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. ഇരുനിലവീട് പൂർണമായി തകര്‍ന്നു.
മണ്ണുമാന്തിയന്ത്രവുമായി അഗ്നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഭാര്യ സന്ധ്യയെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ദുഷ്കരമായ രക്ഷാദൗത്യത്തിനൊടുവില്‍ അഞ്ചുമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ട്.










0 comments