അടിമാലി മണ്ണിടിച്ചിൽ; കുടുങ്ങിയ ദമ്പതികളിൽ ഒരാൾ മരിച്ചു

അടിമാലി : ദേശീയപാതയ്‌ക്കുസമീപം അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പ്രദേശവാസിയായ ബിജു ആണ് മരിച്ചത്. ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാത്രി പത്തരയോടെയാണ് സംഭവം. അടിമാലി ലക്ഷംവീടിന് സമീപം 40 അടിയോളം ഉയരത്തിൽനിന്നും മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. ഇരുനിലവീട് പൂർണമായി തകര്‍ന്നു.
മണ്ണുമാന്തിയന്ത്രവുമായി അഗ്നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഭാര്യ സന്ധ്യയെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ദുഷ്കരമായ രക്ഷാദൗത്യത്തിനൊടുവില്‍ അഞ്ചുമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ട്.
മന്ത്രി റോഷി അഗസ്‌റ്റിൻ, എ രാജ എംഎൽഎ, ജില്ലാകലക്‌ടർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് ഇൗ ലക്ഷംവീട് ഉന്നതിയിലുള്ള താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ബന്ധുവീട്ടിൽ പോയ ബിജുവും കുടുംബവും സർട്ടിഫിക്കറ്റ് എടുക്കാൻ മടങ്ങിവന്നപ്പോഴായിരുന്നു അപകടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മണ്ണിടിഞ്ഞതോടെ അടിമാലി- മൂന്നാർ പാതയിൽ ഗതാഗതം നിര്‍ത്തിവച്ചു.










0 comments