ad
Deshabhimani

ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ വീടിരുന്ന സ്ഥലത്ത് പൊടിപടലം മാത്രം, നിലവിളി കേൾക്കുന്നുണ്ടായിരുന്നു- ബിജുവിന്റെ സഹോദരി

adimali landslide
വെബ് ഡെസ്ക്

Published on Oct 26, 2025, 07:47 AM | 1 min read

അടിമാലി : ദേശീയപാതയ്‌ക്കുസമീപം അടിമാലി കൂമ്പൻപാറയിൽ വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിജുവും സന്ധ്യയും വീട്ടിലെത്തി പതിനഞ്ചുമിനിറ്റിനുള്ളിൽ അപകടമുണ്ടായെന്ന് ബിജുവിന്റെ സഹോദരി അഞ്ജു. മുമ്പുതന്നെ ഇവർ കുടുംബവീട്ടിലേക്ക് താമസം മാറിയിരുന്നു. സർട്ടിഫിക്കറ്റ് അടക്കമുള്ള വസ്തുക്കൾ എടുക്കാനാണ് രാത്രി തിരികെ വീട്ടിലെത്തിയത്. ഇരുവരും വീട്ടിലെത്തി 20 മിനിറ്റിനുള്ളിൽ തന്നെ അപകടം ഉണ്ടായെന്ന് അഞ്ജു പറഞ്ഞു.


ചേട്ടന്റെ വീടിന് കുറച്ച് അടുത്താണ് ഞങ്ങളുടെ വീട്. 9.30നും 10.40നും ഇടയിലാണ് അപകടമുണ്ടായത്. മണ്ണും കല്ലും വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. പൊട്ടുന്നതുപോലെയുള്ള വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഇലക്ട്രിക് ലൈൻ പൊട്ടിയതിനാൽ വെളിച്ചമുണ്ടായിരുന്നില്ല. വന്നപ്പോൾ വീടിരുന്ന സ്ഥലത്ത് പൊടിപടലം മാത്രമാണുണ്ടായിരുന്നത്. ചേച്ചിയുടെ ( സന്ധ്യ) കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു.


നിലവിളി കേട്ട് ആരൊക്കെയോ ഓടിവന്നു. ചേട്ടന്റെ (ബിജു) ശബ്ദം ഒന്നും കേട്ടില്ല. മൊബൈലിന്റെ വെളിച്ചത്തിലാണ് ഓടിവന്നത്. ഇവിടെയുള്ള കുടുംബങ്ങളെല്ലാം രണ്ട് ദിവസം മുമ്പ് തന്നെ ഒഴിഞ്ഞുപോകാൻ പറഞ്ഞിരുന്നു. വീടിന് പ്രശ്നമുണ്ടെന്ന് ചേട്ടനും പറഞ്ഞിരുന്നു. വീട്ടിലേക്കുള്ള വഴി പൂർണമായും അട‍ഞ്ഞു. പെട്ടെന്ന് വരാമെന്ന് പറഞ്ഞാണ് ചേട്ടനും ചേച്ചിയും വീട്ടിൽ നിന്നിറങ്ങിയത് - അഞ്ജു പറഞ്ഞു.


ദേശീയപാതയ്‌ക്കുസമീപം അടിമാലി കൂമ്പൻപാറയിൽ വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ലക്ഷംവീട്‌ ഉന്നതിയിലെ ബിജു ആണ് മരിച്ചത്. ഭാര്യ സന്ധ്യയെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാത്രി പത്തരയോടെയാണ്‌ സംഭവം. അടിമാലി ലക്ഷംവീടിന് സമീപം 40 അടിയോളം ഉയരത്തിൽനിന്നും മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ട്. എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട്‌ ഇ‍ൗ ലക്ഷംവീട്‌ ഉന്നതിയിലുള്ള താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചിരുന്നു. ബിജുവും കുടുംബവും സർട്ടിഫിക്കറ്റ്‌ എടുക്കാൻ മടങ്ങിവന്നപ്പോഴായിരുന്നു അപകടം. 22 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ആറ് വീടുകൾക്ക് മേലെയാണ് മണ്ണിടിഞ്ഞ് വീണത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മണ്ണിടിഞ്ഞതോടെ അടിമാലി- മൂന്നാർ പാതയിൽ ​ഗതാ​ഗതം നിർത്തിവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home