ad
Deshabhimani

print edition ശാരദ ; മലയാള സിനിമയുടെ ശാലീനമുഖം

sarada
വെബ് ഡെസ്ക്

Published on Jan 17, 2026, 01:51 AM | 2 min read


തിരുവനന്തപുരം

അറുപതോളം വർഷംമുന്പ്‌ ഭാഷയറിയാത്ത, ഇരുപതുപോലും തികയാത്ത ഒരു ആന്ധ്രക്കാരി പെൺകുട്ടി മലയാള ചിത്രത്തിൽ അഭിനയിക്കാനെത്തി. വർഷങ്ങൾക്കിപ്പുറം മലയാളത്തിലടക്കം പല ഭാഷകളിലായി മൂന്ന്‌ ദേശീയ പുരസ്‌കാരം അവരുടെ അഭിനയ മികവിനെ തേടിയെത്തി. ആ മികവിനാണ്‌ ഇത്തവണ ജെ സി ഡാനിയേൽ പുരസ്‌കാരവും.


കുഞ്ചാക്കോ സംവിധാനം ചെയ്‌ത ‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലെ റാഹേൽ ആയി മലയാളി മനസ്സിൽ ശാരദ പ്രതിഷ്‌ഠനേടി. മലയാള ഭാഷയോടുള്ള അവരുടെ പേടി മാറ്റിയെടുത്തത്‌ കുഞ്ചാക്കോയാണ്‌. മലയാളം പഠിപ്പിക്കാൻ ഒരാളെവച്ചു. അങ്ങനെ പഠിച്ച്‌, എത്രയോ കഥാപാത്രങ്ങളെ അവർ അനശ്വരമാക്കി. നൂറ്റിരുപത്തഞ്ചോളം സിനിമകളിൽ വേഷമിട്ടു.


"എപ്പോഴും വരാൻ ആഗ്രഹിക്കുന്ന സ്ഥലമാണ്‌ കേരളം. സ്വന്തം വീടുപോലെയാണിവിടം. വന്നില്ലെങ്കിൽ വല്ലാതെ മിസ്‌ ചെയ്യും'– ശാരദ ഒരിക്കൽ പറഞ്ഞു. 1961ൽ തെലുങ്ക്‌ സിനിമയിലൂടെയാണ്‌ അഭിനയലോകത്ത്‌ എത്തിയത്‌. എന്നാൽ മലയാളസിനിമയിൽനിന്നാണ് അഭിനയം പഠിച്ചതെന്ന്‌ അവർ എപ്പോഴും തുറന്നുപറഞ്ഞു. കലയോട് അമ്മയ്ക്കുള്ള അടങ്ങാത്ത സ്നേഹമാണ് അവരെ നടിയാക്കിയത്.


എ വിൻസെന്റ്‌ സംവിധാനം ചെയ്‌ത്‌ 1968 ൽ പുറത്തിറങ്ങിയ ‘തുലാഭാര’മാണ്‌ അവരുടെ ജീവിതം തിരിച്ചുവിട്ടത്‌. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ‘തുലാഭാര'ത്തിലൂടെ നേടി. തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവര'ത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ ‘നിമജ്ജന'ത്തിലൂടെയും ദേശീയ അംഗീകാരം നേടി.


മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപകല്‍ തുടങ്ങി എത്രയെത്ര ചിത്രങ്ങളിൽ അവരുടെ അഭിനയമികവ്‌ കണ്ടു. സത്യൻ, പ്രേംനസീർ എന്നിവരുടെ പതിവ്‌ ജോഡിയായിരുന്നു. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളിൽ അവർ വേഷമിട്ടു. 2019ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) യില്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ ശാരദയുടെ സിനിമകൾ പ്രദർശിപ്പിച്ച്‌ ആദരിച്ചിരുന്നു. ആദ്യമായാണ് ഒരു മലയാള നടിയെ ഈ വിഭാഗത്തിൽ ആദരിച്ചത്‌.


ഇ‍ൗ പുരസ്‌കാരം അമ്മയ്ക്ക്‌

പുരസ്കാരം അമ്മയ്ക്ക്‌ സമർപ്പിക്കുന്നതായി നടി ശാരദ. "ഇത്രയും വലിയ ഒരു അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ചും ഞാൻ ഏറെ സ്നേഹിക്കുന്ന, എന്നെ ഏറെ സ്നേഹിക്കുകയും നടി എന്ന നിലയിൽ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത മലയാളികൾക്കും മലയാള സിനിമയ്ക്കും പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു'–അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home