print edition നടിയെ ആക്രമിച്ച കേസ് : ശിക്ഷ ഇന്ന്

കൊച്ചി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസില്‍ കുറ്റക്കാരായ ആറുപ്രതികളുടെ ശിക്ഷ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ഹണി എം വര്‍ഗീസാണ് ശിക്ഷ പ്രഖ്യാപിക്കുക.
കോടതി നടപടികൾ പകൽ 11ന് തുടങ്ങും. ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി എന്ന എൻ എസ് സുനില്‍, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജേഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെ തിങ്കളാഴ്‌ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, അന്യായതടങ്കൽ, ബലപ്രയോഗത്തിലൂടെ സ്‌ത്രീയെ വിവസ്‌ത്രയാക്കൽ, സ്‌ത്രീത്വത്തെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ- ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ എന്നീ കുറ്റങ്ങൾ ഇവർ ചെയ്തതായി വിധിയിൽ പറഞ്ഞിരുന്നു.
ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്‌ത കേസാണിത്. 2017 ഫെബ്രുവരി 17ന് രാത്രി അങ്കമാലി അത്താണിക്കുസമീപം കാർ തടഞ്ഞുനിർത്തി നടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീലവീഡിയോ പകർത്തുകയും ചെയ്‌തെന്നാണ് കേസ്. പ്രതികൾ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ്. ഇവരെ വെള്ളിയാഴ്‌ച കോടതിയിൽ എത്തിക്കും.
ഗൂഢാലോചനക്കുറ്റവും തെളിവുനശിപ്പിക്കലും തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കി എട്ടാംപ്രതി ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. ഏഴാംപ്രതി ചാർലി തോമസ്, ഒമ്പതാംപ്രതി സനില്‍കുമാര്‍ (മേസ്‌തിരി സനില്‍), 15–ാംപ്രതിയും ദിലീപിന്റെ സുഹൃത്തുമായ ജി ശരത് എന്നിവരെയും തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ബൈജു പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. വി അജകുമാറാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.










0 comments