ചിരിയിലും കണ്ണീർച്ചാൽ കീറിയ ബല്ലാത്ത പഹയൻ ; നടൻ ബഹദൂർ മരിച്ചിട്ട് 25 വർഷം

പി വി ബിമൽ കുമാർ
Published on May 22, 2025, 02:04 AM | 1 min read
കൊടുങ്ങല്ലൂർ
ബഹദൂർ ഓർമയായിട്ട് വ്യാഴാഴ്‌ച കാൽനൂറ്റാണ്ട്. അഭിനയചാരുത ചിരിമഴയായി പെയ്ത് പൊടുന്നനെ തോർന്നപ്പോൾ മലയാളിയുടെ മനസ്സിൽ വീശിയ കണ്ണീർക്കാറ്റിന് ഇന്നും ശമനമില്ല. കൊടുങ്ങല്ലൂർ മുഗൾ തിയറ്ററിന്റെ മുറ്റത്ത് ചിരിയുടെ തമ്പുരാൻ അനക്കമില്ലാതെ കിടന്നപ്പോഴും കാര കാതിയാളം ജുമാ മസ്ജിദിലെ കബർസ്ഥാനിലേക്കുള്ള വിലാപയാത്രയിലും കണ്ണീരുപ്പുകലർന്ന സങ്കടച്ചിരി കൂടെയുണ്ടായിരുന്നു.
2000 മെയ്22നായിരുന്നു മരണം. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും വിദ്യാർഥിയായിരിക്കുമ്പോഴേ കലാകാരനായിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ അഭിനയിച്ച ‘കല്യാണ കൺട്രോൾ ഇൻസ്പെക്ടർ’ എന്ന നാടകത്തിലെ ശിപായി കസറി. പിന്നെ സിനിമാ മോഹം തലയ്‌ക്ക് പിടിച്ചു. ചെറിയ ശ്രമം നടത്തിയെങ്കിലും കൈയിലെ കാശ് പോയത് മിച്ചം. വീട്ടിലെ പട്ടിണി കണ്ട് ബസ് കണ്ടക്ടറായി. എങ്കിലും സിനിമാമോഹം വിട്ടില്ല. തിരുവനന്തപുരം കലക്ടറും ബന്ധുവുമായിരുന്ന അബ്ദുള്ളയുടെ സഹായത്തോടെ സിനിമാ രംഗത്തെത്തി.
ആദ്യ ചിത്രം 1954 - ൽ പുറത്തിറങ്ങിയ അവകാശി. 1967ലെ പാടാത്ത പൈങ്കിളി എന്ന സിനിമയിലെ ‘ചക്കരവക്കൻ’ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. പിന്നീട് ജൈത്രയാത്രയായിരുന്നു. 860 സിനിമകൾ. അവസാന സിനിമ ജോക്കർ. 1972 ൽ മിസ് മേരി എന്ന സിനിമയിലെ സി പി ജംബുലിംഗം എന്ന കഥാപാത്രത്തിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം. മാധവിക്കുട്ടിയിലെ കുട്ടപ്പൻ എന്ന വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. തുലാവർഷത്തിലെ അയ്യപ്പൻ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് നേടി. 2000-ൽ പുറത്തിറങ്ങിയ ലോഹിതദാസിന്റെ ‘ജോക്കർ’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അഭിനയ പാടവം കണ്ട് മലയാളി കണ്ണീരണിഞ്ഞു
കൊടുങ്ങല്ലൂരിലെ കാരയെന്ന കടലോര ഗ്രാമത്തിലാണ് 1930ൽ ബഹദൂർ ജനിച്ചത്. പടിയത്ത് ബ്ലാങ്ങാച്ചാലിൽ കൊച്ചുമൊയ്തീൻ–ഖദീജ ദമ്പതികളുടെ മകനായി. നടൻ തിക്കുറിശിയാണ് കുഞ്ഞാലുവെന്ന പേര് മാറ്റി ബഹദൂറാക്കിയത്.
ബഹദൂർ സ്മൃതിയിലൂടെ നാടിപ്പോഴും അദ്ദേഹത്തിന് സ്‌നേഹം ചൊരിയുന്നു. സംവിധായകൻ കമലിന്റെയും ഇ ടി ടൈസൺ എംഎൽഎയുടെയും നേതൃത്വത്തിൽ കാരയിൽ ബുധനാഴ്ച ബഹദൂർ സ്മൃതി സംഘടിപ്പിച്ചു.











0 comments