നടിയെ ആക്രമിച്ച കേസ്: സെഷൻസ് കോടതി വിധിക്കെതിരെ അപ്പീലുമായി സർക്കാർ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപടക്കമുള്ള പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. പൾസർ സുനി ഉൾപ്പെടെ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ശിക്ഷയുയർത്തണം എന്ന് സർക്കാർ ആവശ്യപ്പെട്ടു.
കേസിൽ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷന് സർക്കാർ അനുമതി നൽകിയിരുന്നു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത് നിയമവിരുദ്ധമാണെന്നും, ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും കോടതി വിധി ക്രിമിനൽ നടപടികളുടേയും സ്വാഭാവിക നീതിയുടേയും ലംഘനമാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.
കേസിൽ ആറ് പ്രതികളെമാത്രം ശിക്ഷിക്കുകയും എട്ടാംപ്രതി നടൻ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണക്കോടതി വിധിയാണ് പ്രോസിക്യൂഷൻ ചോദ്യംചെയ്യുന്നത്. നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങളാലാണെന്ന് പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി എൻ എസ് സുനിൽകുമാർ (പൾസർ സുനി), രണ്ടാംപ്രതി മാർട്ടിൻ ആന്റണി, മൂന്നാംപ്രതി ബി മണികണ്ഠൻ, നാലാംപ്രതി വി പി വിജീഷ്, അഞ്ചാംപ്രതി എച്ച് സലിം (വടിവാൾ സലിം), ആറാംപ്രതി പ്രദീപ് എന്നിവർക്ക് 20 വർഷം കഠിനതടവാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് പ്രതികളായ ദിലീപ്, ശരത്ത് എന്നീ പ്രതികളെ വെറുതെ വിട്ടത്.










0 comments