print edition വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി സർക്കാർ സ്ഥാപനത്തിൽ ഡയറക്‌ടർ

ടോം മണപ്പുറത്ത് ജോസഫിനൊപ്പം സതീശൻ

സ്വന്തം ലേഖകൻ
Published on Sep 25, 2026, 01:30 AM | 1 min read
കൊച്ചി : വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലെ പ്രതിയെ സംസ്ഥാന സർക്കാർ സ്ഥാപനത്തിന്റെ ഡയറക്‌ടറാക്കി യുഡിഎഫ് സര്‍ക്കാര്‍. തൊഴിൽ, നൈപുണ്യ വകുപ്പിന് കീഴിലെ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് (കെയ്‌സ്) ബോർഡ് ഡയറക്‌ടറായാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി ടോം മണപ്പുറത്ത് ജോസഫ് നിയമിതനായത്.
2012ലാണ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഇയാള്‍ അറസ്റ്റിലായത്. ഇന്റർനാഷണൽ സ്‌കിൽ ഡെലപ്‌മെന്റ് കോർപറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ജെയിൻ സർവകലാശാല ഡയറക്‌ടറുമാണെന്നാണ് സർക്കാർ ഉത്തരവിൽ ടോമിനെ വിശേഷിപ്പിക്കുന്നത്. 18നാണ് ടോമിനെയടക്കം ഉൾപ്പെടുത്തി ഡയറക്‌ടർബോർഡ് പുനഃസംഘടിപ്പിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്.
വ്യാജ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ചമച്ച് യുവാക്കളെ യുഎസിലേക്ക് കടത്താൻ ശ്രമിച്ചതിനായിരുന്നു കേസ്. ചെന്നൈയിലെ യുഎസ് കോൺസുലേറ്റാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയത്. കോൺസുലേറ്റ് നിർദേശപ്രകാരം റെയ്‌ഡ് നടത്തിയാണ് ടോമിനെ അറസ്റ്റ് ചെയ്‌തത്. തൃക്കാക്കര പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നീളുകയാണ്. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ പ്രതിയെ സർക്കാർ സ്ഥാപനത്തിന്റെ ഡയറക്‌ടറാക്കിയത്. ചെയർപേഴ്‌സണും ഒന്പത് ഡയറക്‌ടർമാരുമാണ് ബോർഡിൽ. ഏഴ് സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമേ വി ടി ബൽറാം എംഎൽഎയും ടോമും മാത്രമാണ് പുറത്തുനിന്നുള്ളത്. ബോർഡിലെ ഏക സ്വകാര്യ സ്ഥാപന പ്രതിനിധിയാണ് ടോം.
ഇയാൾ ഡയറക്‌ടറായ സർവകലാശാല അടുത്തിടെ സംഘടിപ്പിച്ച ചടങ്ങിൽ വി ഡി സതീശൻ പങ്കെടുത്തിരുന്നു.






0 comments