രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡീപ്പിച്ച കേസ്: പ്രതി ഹസൻകുട്ടി കുറ്റക്കാരൻ

ഹസൻകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ നാടോടി ദമ്പതികളുടെ രണ്ടരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരൻ. വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടിയെയാണ് കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി കണ്ടെത്തിയത്. ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും.
പ്രതിക്ക് പരമാവധി ശിക്ഷനൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ബലാത്സംതം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഹസൻകുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2024 ഫെബ്രുവരി 19നാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബ്രഹ്മോസിന് സമീപം കുറ്റിക്കാട്ടിൽവെച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നു. പിറ്റേദിവസം രാത്രി താമസസ്ഥലത്തിന് ഒന്നേകാൽ കിലോമീറ്റർ മാറി ഓടയിൽനിന്നാണ് പൊലീസ് കുട്ടിയെ കണ്ടെുത്തുന്നത്.
കൃത്യത്തിന് ശേഷം ഹസൻകുട്ടി ഒളിവിൽപോയി. തുടർന്ന് കൊല്ലം ആശ്രാമത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളുകളും പ്രതിയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധനയിൽ ഒന്നാണെന്ന് കണ്ടെത്തി.
41 സാക്ഷികളെ വിസ്തരിച്ചു. 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കി. പോക്സോ ഉള്‍പ്പെടെ മറ്റ് നിരവധി കേസുകളും ഹസൻകുട്ടിക്കെതിരെ നിലവിലുണ്ട്.









0 comments