ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾ മരിച്ചു

അപകടത്തിൽ തകർന്ന കാർ
ഗുണ്ടൽപേട്ട്: കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കർണാടക ചാമരാജനഗറിലെ ദേശീയ പാത 766-ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീർ (37) എന്നിവരാണ് മരിച്ചത്. മരണപ്പെട്ട മൂന്നു പേരും കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ്.
ഗുണ്ടൽപേട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിലേയ്ക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അയിഷ നൂരിയും നോഹയും സംഭവ സ്ഥലത്തുവച്ചുതന്നെ മരണത്തിന് കീഴടങ്ങി. മുഹമ്മദ് അസീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നാട്ടിൽ നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു.
മുഹമ്മദ് അസീർ ബെംഗളൂരുവിൽ ബിഇഎംഎല്ലിൽ ജോലി ചെയ്തുവരികയായിരുന്നു. അപകടത്തിൽ ഒമ്പതു വയസുകാരൻ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.








0 comments