print edition അബുദാബി ശക്തി സാഹിത്യപുരസ്‌കാരങ്ങൾ സമ്മാനിച്ചു

അബുദാബി ശക്തി പുരസ്‌കാര ജേതാക്കൾക്കൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അതിഥികളും
തലശേരി: നാൽപ്പതാമത് അബുദാബി ശക്തി സാഹിത്യ പുരസ്കാരങ്ങൾ പ്രൗഢമായ ചടങ്ങിൽ സമ്മാനിച്ചു. പേൾവ്യൂ ഓഡിറ്റോറിയത്തിൽ പുരസ്കാര സമർപ്പണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സമഗ്ര സംഭാവനയ്‌ക്കുള്ള ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം നിലമ്പൂർ ആയിഷ ഏറ്റുവാങ്ങി.
നോവൽ, കഥ, ബാലസാഹിത്യം, വിജ്ഞാന സാഹിത്യം, നാടകം, നിരൂപണം, ഇതര സാഹിത്യം തുടങ്ങിയ മേഖലകളിലെ 19 പേർക്കാണ് മറ്റ് പുരസ്കാരങ്ങൾ. നിരൂപണത്തിനുള്ള ശക്തി തായാട്ട് പുരസ്‌കാരം ഇ പി രാജഗോപാലൻ, എസ് നൗഷാദ് എന്നിവർ ഏറ്റുവാങ്ങി. ശക്തി എരുമേലി പുരസ്‌കാരം സുധാകരൻ ചന്തവിളയ്ക്കും ഡോ. കെ ശ്രീകുമാറിനും സമ്മാനിച്ചു.
ലതാലക്ഷ്‌മി, ഹരിത സാവിത്രി (നോവൽ), എസ് സിത്താര (കഥ), വിമീഷ് മണിയൂർ, ആര്യാ ഗോപി (കവിത), ഡോ. ചന്ദ്രദാസൻ, ബിനീഷ് പുതുപ്പണം (വിജ്ഞാന സാഹിത്യം), ഹേമന്ത്‌കുമാർ, സുധീർ അന്പലപ്പാട് (നാടകം), ജനു, എൻ ജി നയനതാര (ബാലസാഹിത്യം), ഡോ. രാജാ വാര്യർ, കെ ടി രാജീവ്, സുധ എസ് നന്ദൻ, ഡോ. അനുപമ ബാലകൃഷ്‌ണൻ (പ്രത്യേക ജൂറി പുരസ്‌കാരം) എന്നിവരും അവാർഡ് ഏറ്റുവാങ്ങി.
പുരസ്കാര കമ്മിറ്റി ചെയർമാൻ പി കരുണാകരൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എ എൻ ഷംസീർ സുവനീർ പ്രകാശിപ്പിച്ചു. പ്രഭാവർമ പുരസ്കാര കൃതികൾ പരിചയപ്പെടുത്തി. കണ്ണാടിപ്പറന്പിലെ പി പ്രസാദ് കുടുംബസഹായ ഫണ്ട് ചടങ്ങിൽ കൈമാറി.
മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, സി കെ രമേശൻ, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, എ കെ മൂസ, കെ മേഘ്ന, രമേഷ് കണ്ണോത്ത്, ഒ വി മുസ്തഫ, അൻസാരി സൈനുദ്ദീൻ, വി പി കൃഷ്ണകുമാർ, അബുദാബി കേരളാ സോഷ്യൽ സെന്റർ സെക്രട്ടറി മനോജ്, കെ പി എം അഷ്റഫ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കാരായി രാജൻ എംഎൽഎ സ്വാഗതം പറഞ്ഞു.










0 comments