ad
Deshabhimani

print edition അഭിമന്യു കൊലക്കേസ്‌: പ്രതികൾ ഹാജരായില്ല; 13ന്‌ 
ഹാജരാകാൻ കർശന നിർദേശം

Abhimanyu
വെബ് ഡെസ്ക്

Published on Aug 11, 2026, 01:56 AM | 1 min read

കൊച്ചി: അഭിമന്യു കൊലക്കേസിലെ മുഴുവൻ പ്രതികളും 13ന്‌ ഹാജരാകണമെന്ന്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കർശന ഉത്തരവ്‌. കഴിഞ്ഞ ആറിന്‌ കോടതി നൽകിയ നിർദേശപ്രകാരം 16 പ്രതികളും തിങ്കളാഴ്‌ച ഹാജരാകേണ്ടതായിരുന്നു. എത്താതിരുന്നതിനെ തുടർന്നാണ്‌ കർശന ഇടപെടൽ.


വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കണമെന്ന്‌ ഹൈക്കോടതി നിർദേശമുള്ളതിനാൽ ഇനി അവധി നൽകാനാകില്ലെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323–-ാംവകുപ്പ്‌ (മനപ്പൂർവം പരിക്കേൽപ്പിക്കൽ) ഉൾപ്പെടുത്തിയ അധിക കുറ്റപത്രം തിങ്കളാഴ്‌ച വായിച്ചുകേൾപ്പിക്കുമെന്നും ഹാജരാകണമെന്നും എല്ലാ പ്രതികളോടും കോടതി ആവശ്യപ്പെട്ടിരുന്നു.


എട്ടു വർഷത്തിനിടെ മുഴുവൻ പ്രതികളും ഒരുതവണ മാത്രമാണ്‌ കോടതിയിൽ ഹാജരായതെന്ന്‌ അഭിമന്യുവിന്റെ സഹോദരനും പതിനെട്ടാം സാക്ഷിയുമായ പരിജിത്ത്‌ മനോഹരനുവേണ്ടി ഹാജരായ അഡ്വ. കെ എസ് അരുൺകുമാർ ചൂണ്ടിക്കാട്ടി. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതികൾക്ക് ഇത്രയും ആനുകൂല്യം നൽകേണ്ടതില്ലെന്നും അരുൺകുമാർ വാദിച്ചു.


കോടതിക്ക് പുറത്ത് മാധ്യമങ്ങളുണ്ടെന്നും ദൃശ്യങ്ങൾ പകർത്തുമെന്നതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു പ്രതിഭാഗം വാദം. അങ്ങനെയെങ്കിൽ വിചാരണ സമയത്ത് എന്ത് ചെയ്യുമെന്ന് ആരാഞ്ഞ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ ഇനി അവധി നൽകാനാകില്ലെന്ന്‌ അറിയിച്ചു.


മൂന്ന്‌ പ്രതികൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന്‌ കോടതിയെ അറിയിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്നുള്ള ചില പ്രതികൾ കാലവർഷമാണ്‌ കാരണമായി ബോധിപ്പിച്ചത്‌. ഇവർക്ക്‌ ഹാജരാകാൻ എന്താണ്‌ ബുദ്ധിമുട്ടെന്ന്‌ കോടതി ചോദിച്ചു.


മുന്പ്‌ കോടതിയിൽ ഹാജരായപ്പോൾ പ്രതികളുടെ വീഡിയോയും ചിത്രങ്ങളും എടുക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചിരുന്നുവെന്ന്‌ പ്രതിഭാഗം വാദിച്ചു. എന്നാൽ, ഇത്തരമൊരു ശ്രമം ഉണ്ടായിട്ടില്ലെന്ന്‌ പ്രോസിക്യൂഷനുവേണ്ടി ഓൺലൈനിൽ ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ പറഞ്ഞു. കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോഴും കേസ്‌ പരിഗണിച്ച ആറിനും പ്രതികളാരും ഇത്തരമൊരു പരാതി ഉന്നയിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home