യുസിമാസ് സംസ്ഥാനതല അബാക്കസ് മത്സരം: ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് നേട്ടം സ്വന്തമാക്കി ലിയ ഫാത്തിമ

തിരുവനന്തപുരം: യുസിമാസ് സംഘടിപ്പിച്ച ആറാമത് സംസ്ഥാനതല അബാക്കസ് മത്സരത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പുരസ്കാരം സ്വന്തമാക്കി ലിയ ഫാത്തിമ. വിജയിക്ക് 11,000 രൂപയും ട്രോഫിയും സമ്മാനിച്ചു. ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും മലപ്പുറം സ്വദേശികളായ മുഹമ്മദ് അലി-സുഫൈജ മുസ്തഫ ദമ്പതികളുടെ മകളുമാണ് ലിയ.
കുട്ടികളുടെ ബൗദ്ധിക വികാസത്തിനായി പ്രവർത്തിക്കുന്ന ആഗോള പ്രസ്ഥാനമാണ് യുസിമാസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ അഞ്ഞൂറോളം വിദ്യാർത്ഥികളാണ് തങ്ങളുടെ വേഗതയും ഗണിതശാസ്ത്ര മികവും തെളിയിക്കാൻ മത്സരത്തിൽ മാറ്റുരച്ചത്. മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചത്. ഓരോ ലെവലിലെയും വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
അബാക്കസ് പരിശീലനം കാൽക്കുലേറ്ററുകളെക്കാൾ വേഗത്തിൽ സങ്കീർണമായ കണക്കുകൾ മനസിൽ കൂട്ടി ഉത്തരം കണ്ടെത്താൻ കുട്ടികളെ സഹായിക്കുന്നു. ആഗോളതലത്തിൽ ശ്രദ്ധേയമായ ഈ പദ്ധതി കുട്ടികളിലെ ആത്മവിശ്വാസം, ഏകാഗ്രത, സർഗാത്മകത എന്നിവ വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.









0 comments