വന്ദേമാതരം: ആദ്യ രണ്ട് ഈരടികൾക്ക് ശേഷമുള്ളത് പൊതുവെ അംഗീകരിക്കാത്തത്; ഇത് രാഷ്ട്രീയപ്രശ്നം- മുഹമ്മദ് റിയാസ്

പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ എല്ലാ ഈരടികളും ആലപിച്ചത് ആശങ്ക ഉയർത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതൊരു മതപ്രശ്നമല്ല, രാഷ്ട്രീയപ്രശ്നമാണ്. വാന്ദേമാതരം മുഴുവൻ ആലപിച്ചതുമായി ബന്ധപ്പെട്ട തന്റെ പ്രതികരണത്തെ ബിജെപി നേതാക്കൾ വക്രീകരിക്കുകയാണെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ പ്രശ്നമുള്ളതല്ല. എന്നാൽ പിന്നീടുള്ള ഈരടികൾ ബഹുസ്വരസമൂഹത്തിന് അംഗീകരിക്കാൻ പറ്റുന്നതല്ല. ഇന്ത്യയുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷ ആശയത്തിന് വെല്ലുവിളിയുയർത്തുന്നതാണ് അവ. സ്വാതന്ത്രാനന്തര ഇന്ത്യയും അതിന് മുൻപും ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടതാണ്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ് ഉചിതമെന്ന് ജവഹർലാൽ നെഹ്‍റുവും കോൺഗ്രസും ഇതിൽ നിലപാടെടുത്തത് ദീർഘമായ ചർച്ചകളുടെ ഭാഗമായിട്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വന്ദേമാതരം ആലപിക്കുന്നത് അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായ വിയോജിച്ച് അറിയിച്ചു. പിന്നീട്, വന്ദേമാതരം ആലപിക്കുന്നത് നിർബന്ധിതമല്ലെന്നും നിർദേശിക്കാൻ മാത്രമേ പാടുള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്നാട്ടിൽ ടിവികെ സർക്കാർ അധികാരമൽക്കുമ്പോഴും സമാനമായ വിവദാമുണ്ടായി.
ഈ സാഹചര്യത്തിൽ, യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് കൂടുതൽ ശ്രദ്ധചെലുത്തേണ്ട വിഷയമായിരുന്നു. മതനിരപേക്ഷ രാജ്യമെന്ന നിലയിൽ, വന്ദേമാതരം മുഴുവനായി ആലപിച്ചത് രാഷ്ട്രീയപ്രശ്നമാണ്. ഇതിൽ കെപിസിസി നിലപാട് വ്യക്തമാക്കണം. മുസ്ലിംലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും മതനിരപേക്ഷ കേരളത്തെ നിലപാട് അറിയിക്കണമെന്നും റിയാസ് പറഞ്ഞു.










0 comments