ഒരു വായനശാല ഒരു ദേശത്തെ വായിക്കുന്നു

ജി സാജൻ
Published on Nov 18, 2026, 05:45 PM | 5 min read
പകൽ മുഴുവൻ മഴയിലൂടെയുള്ള യാത്രയായിരുന്നു. രാത്രിയിൽ മഴ ഒന്ന് വിട്ടുനിന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ മയ്യിൽ പഞ്ചായത്തിലുള്ള വേളം പൊതുജന വായനശാലയിൽ ഞങ്ങൾ എത്തുമ്പോൾ സമയം രാത്രി പത്തുമണിയായി. എന്നാൽ അപ്പോഴും മുപ്പതിലേറെ ആളുകൾ അവിടെയുണ്ട്. പത്രവും പുസ്തകവും വായിച്ചിരിക്കുന്നവർ. പിറ്റേന്നുള്ള പലതരം പരിപാടികൾ ആസൂത്രണം ചെയ്യുന്നവർ. ഒരുമിച്ച് കൂടി രാഷ്ട്രീയം പറയുന്നവർ.
പൊതുവേ ഗ്രാമങ്ങൾക്കും വലിയ നഗരങ്ങൾക്കും ഇടയിലുള്ള ഗ്രാഗര സമൂഹമായി കേരളം മാറി എന്ന് പറയുമ്പോഴും മയ്യിൽ പോലുള്ള പഞ്ചായത്തുകളിൽ പഴയ ഗ്രാമീണ കൂട്ടായ്മയുടെ സൗന്ദര്യം ഇപ്പോഴും ബാക്കിനിൽക്കുന്നുണ്ട്. വലിയ അഭിമാനത്തോടെയാണ് വായനശാലാ പ്രവർത്തകർ അവരുടെ ദേശത്തെക്കുറിച്ചും വായനശാലയെക്കുറിച്ചും പറയുന്നത്.
1934 ലാണ് മയ്യിൽ പഞ്ചായത്തിലുള്ള ഈ വായനശാലയുടെ പിറവി. കേരളത്തിലെ ആദ്യത്തെ പത്ത് വായനശാലകളിൽ ഒന്നാണിത്. സ്വാഭാവികമായും ദേശീയ പ്രസ്ഥാനത്തിന്റെയും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രത്തിന്റെ ഭാഗമായി ഈ വായനശാല മാറി. ഒരു വായനശാലയുടെ ചരിത്രം ഒരു ദേശത്തിന്റെ ചരിത്രമാകുന്ന അപൂർവ അവസരം.
ഈ ദേശത്തെക്കുറിച്ചും വായനശാലയെക്കുറിച്ചും മയ്യിൽ പഞ്ചായത്തിലെ സാമൂഹിക പ്രവർത്തകരായ സി സി നാരായണനും യു ജനാർദ്ദനനും മറ്റ് സഖാക്കളും ഞങ്ങളോട് സംസാരിച്ചു.
കണ്ടക്കൈ സമരം എന്നാണ് ഈ പ്രദേശത്തെ സമരങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വേളം, കോട്ടയാട്, പെരുവങ്ങൂർ, ഇരുവാപ്പുഴ നമ്പ്രം, കണ്ടക്കൈ എന്നീ ദേശങ്ങൾ ചേരുന്ന പ്രദേശമാണ് വളപട്ടണം പുഴയുടെ കരയിലുള്ള കണ്ടക്കൈ.
അന്ന് പ്രധാന സഞ്ചാരമാർഗം പുഴ വഴിയാണ്. ഈ വഴിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശപ്രകാരം പി ഈശ്വരൻ നമ്പൂതിരി ഹിന്ദി പഠിപ്പിക്കാൻ 1932 ൽ ഇവിടെയെത്തുന്നതും ഹിന്ദി വിദ്യാലയം തുടങ്ങുന്നതും. പിന്നീട് സുബ്രഹ്മണ്യ ഷേണായി, ഭാസ്കരൻ മാസ്റ്റർ എന്ന പേരിൽ ഇവിടെ ഒളിവിൽ താമസിക്കുന്നുണ്ട്. എ കുഞ്ഞിക്കണ്ണൻ, കെ എ കേരളീയൻ, അറാക്കൽ കുഞ്ഞിരാമൻ, കെ കെ കുഞ്ഞനന്തൻ നമ്പ്യാർ തുടങ്ങിയ നേതാക്കൾ ഈ പ്രദേശത്തെ കർഷക പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നു.
ജന്മിത്തത്തിനും നാടുവാഴിത്തത്തിനും ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കും എതിരെ പലതരം സമരങ്ങൾ നടന്ന ഒരു പ്രദേശമാണ്. അതിൽ പ്രധാനപ്പെട്ട സമരമാണ് പുല്ലുപറി സമരം. പുര മേയാനുള്ള നെയ് പുല്ല് ജന്മിയുടെ പറമ്പിലാണ് ഉണ്ടാവുക. സാധാരണ ഈ പറമ്പ് പാട്ടത്തിന് കൊടുക്കുമായിരുന്നു. എന്നാൽ കർഷകർ അവിടെ സംഘം ചേരുന്നു. സമ്മേളിക്കുന്നു എന്ന് പറഞ്ഞ് ജന്മിമാർ പാട്ടത്തിന് കൊടുക്കുന്നത് നിർത്തലാക്കി. ഇതിനെതിരെയാണ് കർഷക സംഘവും കമ്മ്യൂണിസ്റ്റ് പാർട്ടിയും സ്ഥലം കയ്യേറി പുല്ല് ചെത്താൻ തുടങ്ങുന്നത്. പുല്ല് ചെത്താതെ മാർഗമില്ല. കാരണം വീട് മേഞ്ഞില്ലെങ്കിൽ മഴക്കാലത്ത് എല്ലാം ചോർന്നൊലിക്കും. എല്ലാ വീടുകളും മൺകട്ടയിൽ നിർമ്മിച്ച വീടുകളായിരുന്നു.
കർഷക സംഘം കേരളത്തിൽ ആദ്യമായി രൂപപ്പെടുന്നതും ഇവിടെ തൊട്ടടുത്ത് കൊളച്ചേരി നണിയൂർ ദേശത്ത് വിഷ്ണു ഭാരതീയന്റെ വീട്ടിൽ വച്ചാണ്. പാട്ടത്തിന് നൽകിയ ഭൂമിയിൽ കർഷകർ വിത്തിട്ടതിന് പിറകേ ജന്മിയും വിത്തിടും. പിന്നീട് ജന്മിയുടെ ആൾക്കാർ കൊയ്യാൻ വരും. ഇതിനെ ചെറുത്തുകൊണ്ടാണ് കർഷക സംഘം ഭൂമിയിൽ കൊയ്ത്ത് നടത്തിയത്. വിത്തിട്ടവർ വിളകൊയ്യും എന്നായിരുന്നു മുദ്രാവാക്യം. 1947 ൽ "വിത്തിട്ടവൻവിളകൊയ്യും" എന്ന മുദ്രാവാക്യം ഉയർത്തി ഊരട കണ്ണൻനായരുടെ കൃഷിഭൂമിയിലെ വിള കർഷകസംഘം പ്രവർത്തകർ കൊയ്തു. കൊടിയ ആക്രമണമാണ് ജന്മിയുടെ ഗുണ്ടകളും മലബാർ സ്പെഷ്യൽ പോലീസ് എന്ന എം എസ് പിയും അഴിച്ചുവിട്ടത്.
ജന്മിയുടെ അക്രമത്തിനെതിരെ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ വനിതാ ജാഥ സ്ഥലം അധികാരിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്തു. ഈ സമരം അറിയപ്പെടുന്നത് കലം കെട്ട് സമരം എന്നാണ്. ജന്മിമാർ ചവിട്ടിപ്പൊട്ടിച്ച കലങ്ങളും മറ്റ് ഗൃഹോപകരണങ്ങളും എടുത്ത് ജന്മിയുടെ വീട്ടിലേക്ക് നടത്തിയ സ്ത്രീകളുടെ പ്രകടനമാണ് കലം കെട്ട് സമരം.
കേരളത്തിലെ പ്രധാന സ്ത്രീ മുന്നേറ്റങ്ങളിലൊന്നാണ് 1946 ലെ കണ്ടകൈ കലംകെട്ടു സമരം. ഇതിലെ നായികയാണ് പി കെ കുഞ്ഞാക്കമ്മ. (1881 - 1961).
ജന്മിയുടെ പരാതിയെത്തുടർന്ന് കുഞ്ഞാക്കമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1947 ഫെബ്രുവരി 18 മുതൽ ഏപ്രിൽ 5 വരെ കുഞ്ഞാക്കമ്മ ജയിലിൽ ആയിരുന്നു. ജയിൽ മോചിതയായ കുഞ്ഞാക്കമ്മ പിന്നീട് സഖാക്കളുടെ കുടികളിൽ താമസിച്ച് പൊതു പ്രവർത്തനത്തിൽ കൂടുതൽ സജീവയായി. 1952 ൽ നടന്ന ഒന്നാം പൊതുതെരഞ്ഞെടുപ്പിൽ ഏ കെ ജി യോടൊപ്പം പ്രചാരണത്തിന് കുഞ്ഞാക്കമ്മ പങ്കെടുത്തിരുന്നു. 1961 ൽ അവർ അന്തരിച്ചു. വടക്കൻ മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അനശ്വരമായ നാമമാണ് കുഞ്ഞാക്കമ്മയുടേത്.
ഇതിന്റെ തുടർച്ചയായി മൂന്ന് സഖാക്കളെ പാടിക്കുന്ന് എന്ന സ്ഥലത്തു കൊണ്ടുപോയി വെടിവച്ചുകൊന്നു. 1950 മെയ് 4-നു് കമ്യൂണിസ്റ്റ് നേതാക്കളായ രൈരു നമ്പ്യാർ, കുട്ട്യപ്പ, എം.വി. ഗോപാലൻ എന്നിവരെയാണ് പോലീസ് വെടിവെച്ചുകൊന്നതു്.
ഇതിൽ എം വി ഗോപാലൻ വായനശാലാ പ്രവർത്തകനും വോളിബാൾ കളിക്കാരനും നാട്ടുചികിത്സ വിദഗ്ധനും നാട്ടുകാരുടെ ഏതാവശ്യത്തിനും എത്തുന്ന ആളും ആയിരുന്നു.
വായനശാല അക്കാലത്തെ സമരങ്ങളുടെ കേന്ദ്രബിന്ദു കൂടി ആയിരുന്നു. അന്ന് ഇതൊരു ഓലക്കെട്ടിടമാണ്. എം എസ് പിക്കാരും ജന്മിമാരുടെ ഗുണ്ടകളും മൂന്ന് തവണ വായനശാല തീവച്ച് നശിപ്പിച്ചു.
കേരളം ചുവന്നപ്പോൾ എന്ന തന്റെ ആത്മകഥയിൽ പവനൻ ഈ കഥകളൊക്കെ വിശദമായി എഴുതിയിട്ടുണ്ട്. കേരളത്തിലെ കർഷകരുടെ കടബാധ്യതയെക്കുറിച്ച് പഠിക്കാൻ കണ്ടക്കൈ പ്രദേശത്തേക്ക് പവനനെ നിയോഗിച്ചത് എൻ ഇ ബലറാമാണ്. ഒപ്പം കർഷക സംഘത്തിന്റെ ചുമതലക്കാരനായ കെ എ കേരളീയനും ഉണ്ടായിരുന്നു.
ഈ പ്രദേശത്തെ ദാരിദ്ര്യത്തെക്കുറിച്ചു ശ്രീ പവനൻ നേരിട്ട് സന്ദർശിച്ച് രേഖപ്പെടുത്തിയത് ഇങ്ങിനെയാണ്-
“എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യം ഞാൻ കണ്ട ദാരിദ്ര്യമാണ്. ദാരിദ്ര്യം ഞാൻ അതിനുമുമ്പും പിമ്പും ധാരാളം കണ്ടിട്ടുണ്ട്. കുറെയേറെ അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ കണ്ടക്കൈയിൽ കണ്ട ദാരിദ്ര്യം വ്യത്യസ്തമായിരുന്നു. ഒരു ഗ്രാമമാകെത്തന്നെ ദരിദ്രമാവുകയും ധനികൻ എന്ന് പറയാവുന്ന ഒരാളെപ്പോലും കാണാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയായിരുന്നു അത്. അതുകൊണ്ടുതന്നെ തങ്ങൾ അനുഭവിക്കുന്നത് ദാരിദ്ര്യമാണെന്ന ബോധം അത് അനുഭവിക്കുന്നവർക്ക് ഇല്ലാതായിത്തീർന്നിരുന്നു.
രാവിലെ പശുവിനെ കറന്നുകിട്ടുന്ന നാഴിപ്പാല് ചായക്കടയിൽ കൊണ്ടുപോയിക്കൊടുത്ത് അവിടുന്ന് ചായ വാങ്ങിക്കൊണ്ടുവന്ന് വീട്ടിലെ കുട്ടികൾക്കും പ്രായമായവർക്കും കൊടുക്കുന്ന അമ്മയച്ചൻമാർ. ചക്കയുടെ കാലത്ത് അതുകൊണ്ടുമാത്രം ഒന്നും രണ്ടും ആഴ്ച ജീവിക്കുന്ന കുടുംബങ്ങൾ. സ്വന്തം വളപ്പിൽ താഴെ വീഴുന്ന തേങ്ങപോലും എടുക്കാനധികാരമില്ലാതെ അത് നോക്കിനിൽക്കുന്ന കുട്ടികൾ. അടുപ്പ് പുകയാത്ത വീടുകൾ..... എല്ലാം എല്ലാം എനിക്കന്ന് കണ്ടക്കൈയിൽ കാണാൻ കഴിഞ്ഞു.”
1946 ഡിസംബർ 19 ആണ് കണ്ടക്കൈ സമരം നടക്കുന്നത്. അതിന് ഒരു ചരിത്ര പ്രാധാന്യമുണ്ട്. ഡിസംബർ 20 നാണ് കരിവള്ളൂർ സമരം, കാവുമ്പായി സമരം ഡിസംബർ മുപ്പതിനാണ്. ഈ ചരിത്ര പശ്ചാത്തലം വച്ചാണ് ‘പുഴ ചുവന്ന കാലം’ എന്ന നാടകത്തിന് നവതി ആഘോഷത്തിന്റെ ഭാഗമായി വായനശാല രൂപം കൊടുത്തത്.
കയ്യൂരും കരിവെള്ളൂരും തില്ലങ്കേരിയും മൊറാഴയും ഊരാളുങ്കലും മുനയൻകുന്നും സംഘടിത കർഷക പ്രസ്ഥാനത്തിന്റെ ആവേശകരമായ കഥകൾ പറഞ്ഞിരുന്നു എന്ന് പവനൻ എഴുതുന്നു.
“മലബാറിലെ ജന്മിമാർക്ക് സംഘമെന്ന് കേൾക്കുമ്പോൾ കാൽമുട്ടുകൾ ഇടറുകയും കൂട്ടിയടിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. അവസാനത്തെ അടി എപ്പോഴാണ് വരുന്നത് എന്ന് നോക്കിയിരിക്കുകയായിരുന്നു അവർ.” പവനൻ എഴുതുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരും എന്നൊന്നും സഖാക്കൾക്ക് അത്ര തോന്നലൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ‘ജന്മിത്തം വിനാവിളംബം അവസാനിക്കുമെന്നും കൃഷിഭൂമി കൃഷിക്കാരന് കിട്ടുമെന്നുമുള്ള കാര്യത്തിൽ വടക്കേ മലബാറിലെ ജന്മിമാർക്കും കൃഷിക്കാർക്കും സംശയമുണ്ടായിരുന്നില്ല.’ എന്ന് പവനൻ എഴുതുന്നു.
കർഷകരുടെ കടബാധ്യതയായിരുന്നു ഏറ്റവും വലിയ പ്രശ്നം. കടം റദ്ദ് ചെയ്യണം എന്ന മുദ്രാവാക്യം അക്കാലത്ത് ഏറെ വിപ്ലവകരമായിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് കർഷകരുടെ കടബാധ്യത റദ്ദ് ചെയ്യുക എന്നതായിരുന്നു.
ഈ ചരിത്രം പുതിയ തലമുറയിലേക്ക് കൃത്യമായി കൈമാറുന്നു എന്നതാണ് വേളം വായനശാലയുടെ പ്രസക്തി. അങ്ങനെയാണ് ഈ ചരിത്ര പശ്ചാത്തലം വച്ച് ‘പുഴ ചുവന്ന കാലം’ എന്ന നാടകത്തിന് വായനശാല രൂപം കൊടുക്കുന്നത്. വേളം യുവജന കലാസമിതിയാണ് ഈ നാടകത്തിന് രൂപം നൽകിയത്.
കണ്ടക്കൈ കർഷക ചെറുത്തുനിൽപ്പുകളുടെയും സമരങ്ങളുടെയും ഉള്ളുപൊള്ളിക്കുന്ന ചരിത്രമാണ് നാടകത്തിന്റെ ഇതിവൃത്തം. നാടകം രചിച്ചതും സംവിധാനം ചെയ്തതും ജയൻ തിരുമന, ആദിത്യൻ തിരുമന എന്നീ യുവ കലാകാരന്മാരാണ്. സാധാരണ നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ജനകീയ നാടകം എന്ന സങ്കൽപനമാണ് ഈ നാടകത്തിന്റെ സൃഷ്ടിക്ക് പിന്നിൽ. ഈ ഗ്രാമം മുഴുവൻ നാടകത്തിൽ പങ്കെടുത്തു. സമാന്തരമായുള്ള മൂന്ന് സ്റ്റേജുകളിൽ സവിശേഷമായ ശബ്ദ പ്രകാശ വിന്യാസത്തോടെയാണ് നാടകം അരങ്ങേറിയത്. പുതിയ തലമുറയിലെ ധാരാളം കുട്ടികൾ ഇതിൽ പങ്കാളികളായി. ഇതിലൂടെ അവർ സ്വന്തം ഗ്രാമത്തിന്റെ ചരിത്രം പഠിച്ചു.
ഒരു വായനശാല എങ്ങനെ സ്വയം നവീകരിക്കാം എന്നതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് വേളം പൊതുജന വായനശാല എന്ന് പറയാം. 20000 ലേറെ പുസ്തകങ്ങൾ, രണ്ടായിരത്തോളം സജീവമായ അംഗങ്ങൾ. വലിയ ചരിത്ര പുരാരേഖകളുടെ സമാഹാരം. 1951 മുതലുള്ള ചരിത്രരേഖകൾ ഇപ്പോഴും ഈ വായനശാലയിൽ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്.
എന്നാൽ പുതിയ കാലത്തിനനുസരിച്ച് വായനയിൽ മാത്രമായി ഇവരുടെ പ്രവർത്തനം ഒതുങ്ങി നിൽക്കുന്നില്ല. തൊട്ടപ്പുറത്ത് സ്ത്രീകൾക്കായുള്ള സുംബാ ഡാൻസ് പരിശീലനം, കുട്ടികൾക്കായി കളരി, മുതിർന്ന പൗരർക്കായി പ്രത്യേക സമ്മേളനങ്ങൾ…ഇതെല്ലാം ഈ വായനശാലയുടെ ഭാഗമാണ്.
പഴയ ഓലമേഞ്ഞ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇപ്പോൾ സാമാന്യം വലിയ ഒരു കെട്ടിടമായി. ഒപ്പം വലിയ തുറന്ന ഓഡിറ്റോറിയം. കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ സ്വന്തം സ്ഥാനം രേഖപ്പെടുത്തിയ മയ്യിൽ കാർഷിക ഉത്പാദന കമ്പനിയുടെ ഓഫീസ് തൊട്ടടുത്തുണ്ട്.
ഒരു ദേശത്തിന്റെ ചരിത്രം മുഴുവൻ വായിച്ച വായനശാലയാണ്. ചരിത്രത്തിന്റെ ഭാഗവുമാണ്. പുസ്തകങ്ങളിലൂടെ, ആശയങ്ങളിലൂടെ, പ്രവർത്തനങ്ങളിലൂടെ, ഇപ്പോഴും ഈ വായനശാല ചരിത്രം സൃഷ്ടിക്കുന്നു. പുതിയ സ്വപ്നങ്ങൾ കാണാൻ നമ്മളെ പ്രേരിപ്പിച്ചുകൊണ്ട്.








0 comments