വൈദ്യുത പോസ്റ്റിൽ ജോലിക്കിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

വിഷ്ണുകുമാർ
ആലപ്പുഴ : വൈദ്യുത ലൈനിൽ പണി നടത്തുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്.
മണ്ണഞ്ചേരി വടക്കനാര്യാട് വിരുശേരി പറത്തറയിൽ വീട്ടിൽ അജയകുമാറിന്റെയും മിനിയുടെയും മകൻ വിഷ്ണുകുമാർ (അഭി–38) ആണ് മരിച്ചത്. ബുധൻ വൈകിട്ട് അഞ്ചോടെയൊണ് സംഭവം. ലിയോ തേർട്ടീന്ത് സ്കൂളിനു സമീപം എച്ച് ടി ലൈനുകളിൽ അവസാനത്തേത് കൂട്ടിച്ചേർക്കുമ്പോൾ പെട്ടെന്ന് വൈദ്യുതി പ്രവഹിക്കുകയായിരുന്നു.
വിഷ്ണുകുമാറിനെ കൂടാതെ നൗഫൽ, ആദിത്യൻ എന്നിവരും ലൈനുകൾ കൂട്ടിച്ചേർക്കുന്ന ജോലി ചെയ്യുന്നുണ്ടായിരുന്നു. നൗഫലിനും ചെറിയ തോതിൽ വൈദ്യുതാഘാതമേറ്റു. ഇവരും താഴെയുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരും ചേർന്നാണ് ബെൽറ്റിൽ കുഴഞ്ഞുകിടന്ന വിഷ്ണുകുമാറിനെ താഴെയിറക്കിയത്. ഉടനെ സി പി ആർ നൽകി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








0 comments