സംഘപരിവാർ ആക്രമണത്തിനെതിരെ നടപടിവേണം; സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിസമരം തുടരുന്നു

കൊൽക്കത്ത: സംഘപരിവാർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്ആർഎഫ്ടിഐ) വിദ്യാർഥിപ്രതിഷേധം തുടരുന്നു. സെപ്തംബർ 28 മുതൽ ക്ലാസ് ബഹിഷ്കരിച്ചുവരികയാണ്. ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷത്തിൽ പഠിക്കാനാകില്ലെന്നും നീതിവേണമെന്നും വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു.
ആർഎസ്എസ് സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് സെപ്തംബർ 27ന് കാമ്പസ് ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികളെയും അധ്യാപകരെയും തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ രണ്ട് അധ്യാപകർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഒക്ടോബർ നാലിന് ആക്രോശവുമായെത്തിയ ബംഗിയ ഹിന്ദു ജാഗരൺ മഞ്ചുകാർ പ്രധാന കവാടത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ഗേറ്റ് തകർക്കാൻ ശ്രമിച്ച സംഘം ക്യാമ്പസിനകത്തേക്ക് കല്ലുകളും കുപ്പികളും എറിയുകയുണ്ടായി. അക്രമികൾക്കെതിരെ നടപടിയെടുക്കാനോ സുരക്ഷ ഉറപ്പാക്കാനോ വൈസ് ചാൻസലർ സന്തോഷ് അജ്മേറ തയ്യാറായില്ല. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയും മൗനത്തിലാണ്. ഇതിനെതിരെ വിസി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത മൂന്നു വിദ്യാർഥികൾക്കുനേരെ പ്രതികാരനടപടിയുമുണ്ടായി.








0 comments