ad
Deshabhimani

പ്രത്യാശയുടെ ദിനം; കേരളത്തിന്റെ സ്വന്തം എയർ ആംബുലൻസ് ഹൃദയവുമായി പറന്നു

air ambulance tvm dec22

സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Apr 05, 2026, 03:32 PM | 2 min read

തിരുവനന്തപുരം: പ്രത്യാശയുടെ ഈസ്റ്റർ ദിനത്തിൽ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്റർ വീണ്ടും ഹൃദയവുമേന്തി പറന്നു. ഇത്തവണ തിരുവനന്തപുരത്ത് നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് എയർ ആംബുലൻസ് ഹൃദയവുമായി യാത്രതിരിച്ചത്. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കോട്ടയം കുമരകം സ്വദേശി അരുണിനാണ് നൽകുന്നത്.


സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്തതിന് ശേഷെം ഏഴാമത്തെ തവണയാണ് ഹൃദയവുമായി ഹെലികോപ്റ്റർ യാത്ര. ഹെലികോപ്റ്ററിന്റെ ആദ്യ പറക്കലും അവയവദാനത്തിനുള്ള ഹൃദയവുമായായിരുന്നു. ലോക്ക്ഡൗൺ കാലത്ത് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കോയിരുന്നു ആ യാത്ര. അന്യൂറിസം ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിക്കാണ് നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അവസാനമായി ഹൃദയവുമായി ഹെലികോപ്റ്റർ പറന്നത്. അപൂർവ ജനിതകരോ​ഗം ബാധിച്ച നേപ്പാൾ സ്വദേശി ദുർഗ കാമിയിൽ കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയം തുന്നിച്ചേർക്കാൻ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കായിരുന്നു യാത്ര.


air ambulance tvm dec22സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ (ഫയൽ ചിത്രം)


സർക്കാർ ചെലവിൽ അവയവദാനത്തിനും കൈമാറ്റത്തിനുമായി പ്രവർത്തിക്കുന്ന ഹെലികോപ്റ്റർ സംവിധാനമുള്ളത് കേരളത്തിൽ മാത്രമാണ്. മറ്റ് സ്ഥലങ്ങളിൽ വാടകയ്ക്കെടുക്കുന്ന ഇത്തരം എയർ ആംബുലൻസ് സംവിധാനങ്ങൾക്ക് മണിക്കൂറിന് ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകണം. വയനാട് ഉരുൾപൊട്ടൽ സമയത്ത് രക്ഷാപ്രവർത്തനത്തിനായും നിരീക്ഷണത്തിനായും ഇതേ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്.


പൊലീസിന്റെ പ്രവർത്തനങ്ങൾക്കായി 2020ലാണ് കേരള സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് (Chipsan Aviation Pvt. Ltd) എന്ന കമ്പനിയുമായാണ് സർക്കാർ ഇപ്പോൾ കരാറിലേർപ്പെട്ടിരിക്കുന്നത്. ആദ്യം പവൻ ഹാൻസുമായി കരാർ ഉണ്ടായിരുന്നു. ഇത് അവസാനിച്ചതിനെ തുടർന്നാണ് ദേശീയതലത്തിൽ വിളിച്ച ടെൻഡറിലൂടെ പുതിയ കമ്പനിയെ തെരഞ്ഞെടുത്തത്.


ജിഎസ്ടി ഉൾപ്പെടെ 80 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്റെ പ്രതിമാസ വാടക. ഓരോ മാസവും ഈ വാടകയ്ക്ക് 25 മണിക്കൂർ പറക്കാനുള്ള അനുമതിയുണ്ട്. കമ്പനിയുടെ ചാലക്കുടിയിലുള്ള ഹെലിപാഡും ഹാങ്ങർ സൗകര്യവും കുറഞ്ഞ നിരക്കിൽ പൊലീസിന് ഉപയോഗിക്കാം എന്ന കരാറിൽ വ്യവസ്ഥയുണ്ട്.


air ambulance tvm orgസംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ (ഫയൽ ചിത്രം)


ഹെലികോപ്റ്റർ സേവനം എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് സർക്കാർ കൃത്യമായ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലെയും അതിർത്തികളിലെയും നിരീക്ഷണത്തിന് 5 മണിക്കൂർ, വിഐപിയാത്രകൾ, എയർ ആംബുലൻസ്, അവയവ കൈമാറ്റം, പ്രകൃതിക്ഷോഭ സമയങ്ങളിലെ രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 15 മണിക്കൂർ, എൽഡബ്ല്യുഇ ബാധിതമായ അഞ്ച് ജില്ലകളിൽ നിരീക്ഷണത്തിനായി അഞ്ചു മണിക്കൂർ എന്നിങ്ങനെയാണ് ഉപയോഗ ക്രമം നിഷ്കർഷിക്കുന്നത്.


അടിയന്തര സാഹചര്യങ്ങളിൽ ഈ സമയക്രമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് അധികാരമുണ്ടാകും. മുൻപ് പവൻ ഹാൻസുമായി ഉണ്ടായിരുന്ന കരാറിനേക്കാൾ ലാഭകരവും കൂടുതൽ സേവന സമയം ഉറപ്പാക്കുന്നതുമാണ് പുതിയ കരാർ. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തപ്പോൾ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമെന്നും ദുർചെലവാണെന്നും വിവാദങ്ങളുയർന്നിരുന്നു. എന്നാൽ അതേ ഹെലികോപ്റ്ററാണ് ഇന്ന് പലരുടേയും ജീവൻ തുന്നിച്ചേർക്കാൻ കൂട്ടായത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home