വിള ഇൻഷുറൻസിൽ 80,013 കർഷകർ

PHOTO CREDIT: X
തിരുവനന്തപുരം: കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഈ വർഷം ഒന്നാംസീസണിൽ ചേർന്നത് 80,013 കർഷകർ. ഇതിൽ വായ്‌പയെടുത്ത 11250 കർഷകരും വായ്‌പയെടുക്കാത്ത 68763 കർഷകരും ഉൾപ്പെടും. വായ്‌പയെടുക്കാതിരുന്ന കർഷകർക്ക്14 വരെയും വായ്‌പയെടുത്ത കർഷകർക്ക് 30 വരെയും ചേരാം. കൃഷി ചെയ്യുന്ന പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനം അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. തുക കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭിക്കും.
പ്രീമിയം തുകയിൽ 15 ശതമാനംവരെ കർഷകരും ബാക്കി വരുന്ന 85 ശതമാനം കേന്ദ്ര–സംസ്ഥാനസർക്കാരുമാണ് നൽകുന്നത്. മഴ, അത്യുഷ്‌ണം എന്നിവ കാരണം നഷ്ടമുണ്ടായാൽ കർഷകർക്ക് തുക ലഭിക്കും. ദേശീയ വിള ഇൻഷൂറൻസ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അക്ഷയ സെന്റർ വഴിയോ, ജനസേവന കേന്ദ്രങ്ങൾ, അംഗീകൃത ബ്രോക്കിങ് എജന്റ്, ഇൻഷുറൻസ് ഏജന്റ് എന്നിവരുമായി ബന്ധപ്പെട്ട് പ്രീമിയം അടച്ച് പരിരക്ഷ ഉറപ്പാക്കാം. നെല്ല്, റബ്ബർ, മഞ്ഞൾ, വാഴ, പച്ചക്കറി, പൈനാപ്പിൾ, കവുങ്ങ് തുടങ്ങി 27 വിളകൾ ഇൻഷൂർ ചെയ്യാം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം. കിസാൻ ക്രെഡിറ്റ് കാർഡ് വച്ച് വായ്‌പയെടുക്കുന്ന കർഷകരുടെ വിള ഇൻഷൂർ ചെയ്യണമെന്ന് കേന്ദ്രസർക്കാർ ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ ആ കർഷകർക്ക് വിളനാശമുണ്ടായാൽ നഷ്ടപരിഹാരം ബാങ്കുകൾ നൽകേണ്ടി വരും. 2018 മുതൽ സംസ്ഥാന സർക്കാർ പ്രത്യേകമായി വിള ഇൻഷൂറൻസ് നടപ്പാക്കുന്നുണ്ട്. വർഷം 30 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്.










0 comments