ad
Deshabhimani

അഞ്ചാമത് അന്തർദേശീയ 
കേരള പഠന കോൺഗ്രസ്: 21ന് ഉദ്ഘാടനം, വിവിധ വിഷയങ്ങളിൽ സിമ്പോസിയം

kerala padana congress
വെബ് ഡെസ്ക്

Published on Jan 31, 2026, 02:54 PM | 2 min read

തിരുവനന്തപുരം : എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർദേശീയ 
കേരള പഠന കോൺഗ്രസിന് ഫെബ്രുവരി 21ന് തുടക്കം. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ പഠന കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഉച്ചഭക്ഷണത്തിനു മുൻപ് സമ്മേളനം നാല് സിമ്പോസിയങ്ങൾക്കായി പിരിയും.


വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതർ പങ്കെടുക്കുന്ന സിമ്പോസിയമാണ് ഇതിൽ ഏറ്റവും പ്രധാനം. “കേരള വികസന പരീക്ഷണത്തിന്റെ ആഗോള പ്രസക്തി” എന്നതാണ് വിഷയം. ഈ സംവാദം മുഖ്യമായും ഓൺലൈനായാണ് നടത്തുന്നത്. “സംസ്ഥാന വികസന പാതകൾക്ക് ഇന്ത്യൻ ഫെഡറൽ സംവിധാനം അടിച്ചേൽപ്പിക്കുന്ന പരിമിതികൾ” എന്നതാണ് രണ്ടാമത്തെ സിമ്പോസിയം. മൂന്നാമത്തെ സിമ്പോസിയം മറ്റു സംസ്ഥാന പ്രതിനിധികളും വിദഗ്ധരും പങ്കെടുക്കുന്ന “16ാം ധനകാര്യ കമീഷന്റെ അവാർഡ്” സംബന്ധിച്ചാണ്. “വികസനത്തിന് വർഗീയത ഉയർത്തുന്ന വെല്ലുവിളികൾ” എന്നതാണ് നാലാമത്തെ സിമ്പോസിയത്തിന്റെ വിഷയം.


ഉദ്ഘാടന സമ്മേളനം എകെജി പഠന ഗവേഷണ കേന്ദ്രം ഹാളിൽ വച്ചായിരിക്കും. സിമ്പോസിയങ്ങൾ എകെജി പഠന ഗവേഷണ കേന്ദ്രം, വിവേകാനന്ദ കേന്ദ്രം, സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലെ ഹാളുകളിൽ വച്ചായിരിക്കും. ഒന്നാം ദിവസം ഉച്ചകഴിഞ്ഞും രണ്ടാം ദിവസം രാവിലെയുമായിട്ടാണ് സമാന്തരമായ 40 സെഷനുകൾ നടക്കുക. ഇത് പൂർണമായും എകെജി പഠന ഗവേഷണ കേന്ദ്രത്തിലും യൂണിവേഴ്സിറ്റി കോളേജിലുമായിട്ടാണ് സംഘടിപ്പിക്കുക.


പഠന കോൺഗ്രസിന്റെ അടിസ്ഥാനരേഖ രണ്ട് വാല്യങ്ങളിലായി അച്ചടിച്ച് രജിസ്റ്റർ ചെയ്ത മുഴുവൻ പ്രതിനിധികൾക്കും ലഭ്യമാക്കും. ഇതിലെ ഓരോ അധ്യായവും ഓരോ വികസന മേഖലകളെക്കുറിച്ചുള്ളതാണ്. ഇവയ്ക്കോരോന്നിനും പ്രത്യേകം പ്രത്യേകം സെമിനാറുകൾ നടക്കും. ഓരോ വിഷയം സംബന്ധിച്ചും ചർച്ച നയിക്കുന്നതിന് പ്രഗത്ഭരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരും പത്ത് മിനിറ്റ് വീതം സംസാരിക്കും. സദസിലെ പ്രതിനിധികൾക്ക് ചർച്ചയിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടാകും. പാനൽ അവയോടു പ്രതികരിക്കും. മന്ത്രിമാരും ജനപ്രതിനിധികളും നയകർത്താക്കളുമായിരിക്കും ചർച്ചകളുടെ ഉദ്ഘാടനം. രണ്ടു മണിക്കൂറാണ് ഒരു സെമിനാറിന് അനുവദിച്ചിട്ടുള്ള സമയം.


പാനൽ അംഗങ്ങളുടെ ചെറുകുറിപ്പുകൾ പ്രത്യേകമായി അച്ചടിച്ച് ഒരു വാല്യമായി നൽകുന്നതിനും ശ്രമിക്കുന്നുണ്ട്. ഈ വാല്യത്തോടൊപ്പം കേരളത്തിൽ ഇന്ന് മുൻഗണനാടിസ്ഥാനത്തിൽ ചെയ്യേണ്ടുന്ന വികസന നിർദ്ദേശങ്ങൾ വിദഗ്ധരിൽ നിന്ന് ശേഖരിച്ച് അച്ചടിക്കും. മുഖ്യമന്ത്രിതന്നെ പണ്ഡിതരോട് ഇത്തരം നിർദ്ദേശങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്. രണ്ടാം ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് സെമിനാർ ചർച്ചകളുടെ ക്രോഡീകരണം നടക്കും. മൂന്ന് മണിക്കായിരിക്കും സമാപന സമ്മേളനം. ഇതൊരു തുറന്ന സമ്മേളനമാണ്. ഏതൊരാൾക്കും 600 രൂപ (ജിഎസ്ടി ഉൾപ്പെടെ) അടച്ച് പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നേരത്തെ അറിയിച്ചാൽ താമസസൗകര്യവും ഏർപ്പാട് ചെയ്യും. വിദ്യാർഥികൾക്ക് 300 രൂപയാണ് ഫീസ്.


എസ് രാമചന്ദ്രൻപിള്ള അധ്യക്ഷനും ടി എം തോമസ് ഐസക് സെക്രട്ടറിയും ആർ രാംകുമാർ കൺവീനറുമായുള്ള അക്കാദമിക് സമിതിയാണ് അനുബന്ധ സെമിനാറുകളും ചർച്ച ചെയ്യാൻ പോകുന്ന രേഖയും ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാനലുകളും തീരുമാനിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചെയർമാനും വി ജോയി എംഎൽഎ ജനറൽ കൺവീനറുമായുള്ള സംഘാടക സമിതിയാണ് പഠന കോൺഗ്രസിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞകാല കേരള പഠന കോൺഗ്രസുകളെന്നപോലെ അഞ്ചാമത് അന്തർദേശീയ കേരള പഠന കോൺഗ്രസും കേരളത്തിന്റെ വികസനപാതയിൽ ഒരു നാഴികക്കല്ലായി മാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home