ad
Deshabhimani

print edition വ്യാജരേഖ ചമച്ച്‌ അവയവ വിൽപ്പന; 5 പേർ അറസ്റ്റിൽ

organ trafficking arrest

സണ്ണി വർഗീസ്, സിനി വർഗീസ്, സനോജ്

avatar
സ്വന്തം ലേഖകൻ

Published on May 09, 2026, 12:01 AM | 2 min read

കൊച്ചി : വ്യാജരേഖചമച്ച് അവയവവിൽപ്പന നടത്തിവന്ന സംഘത്തിലെ അഞ്ചുപേർ അറസ്‌റ്റിൽ. കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ പൊലീസും ശ്രീജ, സുധീർ എന്നിവരെ കൊല്ലം കിളികൊല്ലൂർ പൊലീസുമാണ്‌ അറസ്റ്റ് ചെയ്തത്‌. വ്യാജരേഖകളും അനുമതിപത്രങ്ങളും നിർമിച്ച് മൂന്നുവർഷത്തോളമായി ഇവർ സംസ്ഥാനവ്യാപകമായി അവയവവിൽപ്പന നടത്തിവരികയായിരുന്നു. മുഖ്യപ്രതിയെന്ന്‌ സംശയിക്കുന്ന, പെരിങ്ങാലയിൽ വാടകയ്‌ക്ക് താമസിക്കുന്ന കാസർകോട് സ്വദേശി നജീബ്‌ കല്ലത്ര, ഭാര്യ റഷീദ, എറണാകുളം സ്വദേശി ആസിഫ്‌ എന്നിവർക്കായി അന്വേഷണം ആരംഭിച്ചു.​


റൂറൽ ജില്ലാ പൊലീസ്‌ മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ആറ് ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ്‌ അറസ്‌റ്റ്. കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ ‘പള്ളിക്കര കമ്യൂണിക്കേഷനി’ൽ നടത്തിയ പരിശോധനയിൽ എംഎൽഎ, -എംപി എന്നിവരുടെ വ്യാജ ലെറ്റർപാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജരേഖകൾ, ജില്ലയിലെ പ്രധാന ആശുപത്രികളുടെ പേരിലുള്ള വ്യാജ ലെറ്റർപാഡുകൾ എന്നിവ കണ്ടെത്തി.


ഡോക്ടറുടെ പേരും സീലും ഒപ്പും വച്ച് കൃത്രിമമായി തയ്യാറാക്കി, രോഗികളുടെ പേരും വിലാസവും വൃക്കദാതാവിന്റെ പേരും വിലാസവും രേഖപ്പെടുത്തി പിസിസി (പൊലീസ്‌ ക്ലിയറൻസ്‌ സർട്ടിഫിക്കറ്റ്‌) ലഭിക്കുന്നതിനായി പൊലീസിന്റേതെന്ന്‌ തോന്നിപ്പിക്കുന്ന വ്യാജ കത്തുകളും കണ്ടെത്തി. ഈ കേസിലാണ് സണ്ണി വർഗീസ്, സിനി വർഗീസ് എന്നിവർ അറസ്‌റ്റിലായത്‌.


ചിത്രപ്പുഴ പോഞ്ഞാശേരിയിലെ ‘സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോ’യിൽനിന്ന്‌ വ്യാജ ലെറ്റർപാഡുകളും സീലുകളും നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടറുകൾ കണ്ടെടുത്തു. ഈ കേസിലാണ് സനോജിന്റെ അറസ്റ്റ്. വടക്കേക്കരയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ, എറണാകുളത്തെ ആശുപത്രിയിലുള്ള വൃക്കദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജരേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി.


അമ്പലമേട് പെരിങ്ങാലയിലെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകളും വ്യാജമുദ്രകളും ഹാർഡ് ഡിസ്‌കുകളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടാണ് കൊല്ലം കിളിക്കല്ലൂരിലുള്ള ശ്രീജ, സുധീർ എന്നിവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെനിന്ന്‌ അവയവ കച്ചവടത്തിന്‌ ഉപയോഗിച്ച വ്യാജരേഖകൾ കണ്ടെത്തി.


സംസ്ഥാനവ്യാപകമായി വൻ സാമ്പത്തിക ഇടപാടുകൾ


അറസ്‌റ്റിലായ അവയവക്കടത്ത്‌ റാക്കറ്റ്‌ സംസ്ഥാനവ്യാപകമായി 2023 മുതൽ വൻ സാന്പത്തിക ഇടപാടുകൾ നടത്തിയെന്ന്‌ സൂചന. എറണാകുളം, കൊല്ലം, തൃശൂർ, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച്‌ ഇവർ പ്രവർത്തിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മറ്റ്‌ ജില്ലകളിലും ഇടപാടുകൾ നടത്തിയതായി സംശയിക്കുന്നു. കേസന്വേഷണത്തിനായി പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.


അവയവദാനത്തിനാവശ്യമായ സമ്മതപത്രങ്ങൾ, സത്യവാങ്മൂലങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാജമായി നിർമിച്ച് നൽകുന്ന ഇടനിലക്കാരായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. എംപിമാർ, എംഎൽഎമാർ, പ്രമുഖ ഡോക്ടർമാർ, മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥർ എന്നിവരുടെ പേരും സീലും ഉപയോഗിച്ചുള്ള വ്യാജ ലെറ്റർപാഡുകളും രേഖകളും പൊലീസ്‌ റെയ്ഡിൽ പിടിച്ചെടുത്തു.​ അവയവക്കടത്തിന് പുറമെ മറ്റ് തട്ടിപ്പുകൾക്കും ഈ വ്യാജരേഖകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കുകയാണ്. വ്യാജരേഖകൾ വാട്‌സാപ് വഴി കൈമാറുകയും പിന്നീട് പള്ളിക്കരയിലുള്ള സ്ഥാപനങ്ങൾ വഴി പ്രിന്റ് ചെയ്ത് വിതരണം ചെയ്യുകയുമായിരുന്നു രീതി. അവയവദാതാക്കളെ കണ്ടെത്തി വൻതുക വാഗ്‌ദാനം ചെയ്‌ത ശേഷം തുച്ഛമായ പണം നൽകി കബളിപ്പിച്ചതായും സംശയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home