ad
Deshabhimani

നേപ്പാളിൽ നിന്ന്‌ 31 മലയാളികൾ കൂടി നാട്ടിലെത്തി

nepal flood malayali.jpg
വെബ് ഡെസ്ക്

Published on Aug 30, 2026, 06:25 AM | 1 min read

കൊച്ചി: നേപ്പാളിലേക്ക്‌ വിനോദയാത്രയ്‌ക്ക്‌ പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേർ ഞായർ പുലർച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി. കൊച്ചയിൽ നിന്ന് ഇടപ്പള്ളി ‘ട്രാവൽ ഹബ്ബ്‌ 24’ ട്രാവൽ ഏജൻസിയിലൂടെ പോയവരാണ് തരിച്ചെത്തിയത്. ശനിയാഴ്‌ച ഗൊരഖ്‌പൂരിൽനിന്ന്‌ വിമാനത്തിൽ കയറിയ സംഘം മുംബൈവഴിയാണ്‌ മടങ്ങിയെത്തിയത്. സംഘത്തിലെ ശേഷിക്കുന്ന ഏഴുപേരിൽ അഞ്ചുപേർ ബംഗളൂരുവിലേക്കും രണ്ടുപേർ കേരളത്തിലേക്കും ഗൊരഖ്‌പൂരിൽനിന്ന്‌ ട്രെയിൻമാർഗം പുറപ്പെട്ടു. നേപ്പാളിലെ കാഠ്‌മണ്ഡു, പോഖ്ര, ലുംബിനി എന്നിവിടങ്ങൾ സന്ദർശിച്ച സംഘമാണ് സുരക്ഷിതരായി തിരിച്ചെത്തിയത്.


തിരുവോണദിനത്തിൽ രാവിലെ 10നാണ്‌ സംഘം കാഠ്‌മണ്ഡുവിൽനിന്ന്‌ പോഖ്രയിലേക്ക്‌ റോഡ്‌മാർഗം പുറപ്പെട്ടത്‌. യാത്രാമധ്യേ പുഴയിലൂ‍ടെ അതിശക്തമായി ചെളിയും മണ്ണും ഒഴുകിവരുന്നത്‌ കണ്ടു. തുടർന്ന്‌ ഗതാഗതം തടസ്സപ്പെട്ടു. രണ്ടുമണിക്കൂറിലധികം ഗതാഗതക്കുരുക്കിലായി. തുടർന്ന്‌ കാട്ടുവഴിയിലൂടെ വാഹനം തിരിച്ചുവിട്ടു 60 കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ടിവന്നു. വ്യാഴം പുലർച്ചെ രണ്ടോടെയാണ്‌ സംഘം പോഖ്രയിലെത്തിയത്‌. പിന്നീടാണ്‌ പ്രളയമായിരുന്നുവെന്ന്‌ തിരിച്ചറിഞ്ഞത്‌.


സംഘത്തിലെ 16 പേർ കോട്ടയം ജില്ലക്കാരും 12 പേർ എറണാകുളം ജില്ലക്കാരുമാണ്‌. അഞ്ചുപേർ കാസർകോടുനിന്നും മൂന്നുപേർ തൃശൂരിൽനിന്നും രണ്ടുപേർ കണ്ണൂരിൽനിന്നുമാണ്‌. 36 പേർ 22ന്‌ കൊച്ചി അന്തരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നാണ്‌ യാത്രതിരിച്ചത്‌. കൊച്ചിയിൽനിന്ന്‌ മുംബൈയിലേക്കും തുടർന്ന്‌ ഗോരഖ്‌പുരിലേക്കുമായിരുന്നു വിമാനയാത്ര. തൃശൂ‍രിൽനിന്നുള്ള രണ്ടുപേർ ട്രെയിനിൽ ഗോരഖ്‌പുരിലെത്തി സംഘത്തോടൊപ്പം ചേർന്നു. അവിടെനിന്ന്‌ റോഡ്‌മാർഗം ഞായറാഴ്‌ച കാഠ്‌മണ്ഡുവിലെത്തി.


ശനിയാഴ്ച ​നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ നാട്ടിലെത്തിയിരുന്നു. ഓസ്ട്രേലിയൻ പൗരത്വമുള്ള, കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴുപേരെക്കുറിച്ച് വിവരമില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home