print edition നെല്ലുസംഭരണത്തിന് പ്രോത്സാഹന ബോണസ്: 5 വർഷം; നൽകിയത് 2405 കോടി

തിരുവനന്തപുരം: അഞ്ചുവർഷത്തിനിടെ നെല്ല് സംഭരിച്ചവകയിൽ സംസ്ഥാന സർക്കാർ പ്രോത്സാഹന ബോണസായി കർഷകർക്ക് നൽകിയത് 2405.08 കോടി. 2025 –26ൽ 73 കോടികൂടി ഉടൻ നൽകും. നടപ്പ് സാന്പത്തികവർഷത്തിൽ 606 കോടിയാണ് വകയിരുത്തിയത്. അതിൽ 533 കോടി നൽകിക്കഴിഞ്ഞു. എല്ലാ സീസണിലും ഹെക്ടറിന് 5,000 രൂപ നിരക്കില്‍ സഹായവും 1,000 രൂപ നിരക്കില്‍ ഉല്‍പ്പാദന ബോണസും ഉടമയ്‌ക്ക് 3,000 രൂപ റോയൽറ്റിയും നല്‍കുന്നുണ്ട്. തരിശുഭൂമിയിലെ നെൽകൃഷിക്ക് ഹെക്ടറിന് 40,000 രൂപ സഹായവുമുണ്ട്. നിലവിലുള്ള റോയല്‍റ്റി കാലോചിതമായി സർക്കാർ പരിഷ്കരിക്കും.
2011 –16 കാലത്ത് 25.67 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് 4676.12 കോടിരൂപ വിതരണം ചെയ്തു. 2016 –21ൽ ഉൽപ്പാദനം 30.99 ലക്ഷം ടൺ ആയി ഉയർത്തി. 7916.69 കോടി രൂപയാണ് കർഷകർക്ക് നൽകിയത്. 2021– 25ൽ ഉൽപ്പാദനം വീണ്ടും ഉയർന്ന് 31.2 ലക്ഷം ടണ്ണായി. 8743 കോടിരൂപ വിതരണം ചെയ്‌തു.
തരിശുകൃഷി പ്രോത്‌സാഹിപ്പിക്കാൻ നവോത്ഥാൻ പദ്ധതി ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന വെല്ലുവിളി പരിഹരിക്കാൻ ലോകബാങ്കുമായി ചേർന്ന് കേരപദ്ധതിയും നടപ്പാക്കുന്നു. നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് ബാങ്കുകൾ വഴി പണം പിആര്‍എസ് വായ്പാ രീതി ഒഴിവാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. കൂടുതൽ കാര്യക്ഷമമാക്കാൻ നെല്ല്‌സംഭരണം സഹകരണസംഘങ്ങൾ വഴിയാക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്. കർഷകർക്ക് പിആർഎസ് വായ്‌പ വഴി തുക ലഭിക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിത്. ഇതിനായി 150 കോടി രൂപയാണ് വകയിരുത്തിയത്.
പ്രതിഷേധിക്കുക: കർഷകസംഘം
കേരളത്തിലെ നെൽക്കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന കേന്ദ്രനിർദേശത്തിൽ പ്രതിഷേധിക്കാൻ കർഷകസംഘം ആഹ്വാനം ചെയ്‌തു. നെല്ല് സംഭരണം സുഗമമാക്കി കർഷകരുടെ കണ്ണീരൊപ്പാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ പകപോക്കൽ. ഒക്ടോബർ 20 മുതൽ നെല്ല് നൽകിയ മുഴുവൻ കർഷകർക്കും കിലോയ്ക്ക് 30 രൂപവീതം കൊടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. നവംബർ ഒന്നുമുതലാണ് സംഭരണ വില 28.20 രൂപയിൽനിന്ന് 30 ആക്കി യത്. ഒരു സീസണിൽ രണ്ടുവില വന്നതോടെ നിരക്ക് സർക്കാർ ഏകീകരിക്കുകയായിരുന്നു.
രണ്ടാംസീസണിൽ 36311 കർഷകരിൽനിന്നായി 91280 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായ 274.9 കോടി രൂപയിൽ 160 കോടി രൂപയും വിതരണംചെയ്തു. ശേഷിച്ച തുക ബാങ്കുകൾ വഴി പിആർഎസ് വായ്പയായി വിതരണം ചെയ്യാൻ നടപടി പുരോഗമിക്കുന്നു.
കേന്ദ്രസർക്കാർ നൽകാനുള്ള തുക കുടിശ്ശികയാണ്. 2017 മുതൽ 1344 കോടിരൂപയാണ് കുടിശ്ശിക. എന്നിട്ടും ഏതു വിധേനയും ഫലപ്രദമായ സംഭരണം ഉറപ്പാക്കാൻ സഹകരണ സംഘങ്ങൾ വഴി രണ്ടാംവിള സീസണിൽ നെല്ല് സംഭരിക്കുന്നതിനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോഴാണ് കരുണയില്ലാത്ത നടപടി. കേരളത്തിലെ നെൽകൃഷി ഇല്ലാതാക്കാൻ ഇടവരുത്തുന്ന നീക്കമാണിതെന്നും കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും പ്രസിഡന്റ് എം വിജയകുമാറും പ്രസ്താവനയിൽ പറഞ്ഞു.











0 comments