ad
Deshabhimani

ഫുൾ എ പ്ലസ് പകുതിയായി, വിജയശതമാനത്തിൽ 0.43 ശതമാനത്തിന്റെ വ്യത്യാസം

sslc

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ്

വെബ് ഡെസ്ക്

Published on May 15, 2026, 04:52 PM | 2 min read

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഇത്തവണ ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം പകുതിയായി. വിജയശതമാനത്തിലും നേരിയ വ്യത്യാസമുണ്ട്. പരീക്ഷ എഴുതിയതിൽ 99.07 ശതമാനം പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷം 2025 ൽ ഇത് 99.5 ശതമാനമായിരുന്നു. 0.43 ശതമാനത്തിന്റെ കുറവാണ് കാണിക്കുന്നത്.


2025-ൽ 61,449 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയിരുന്നു. ഇത്തവണ 2026-ൽ ഇത് 30,514 വിദ്യാര്‍ഥികളായി. രജിസ്റ്റർ ചെയ്തതിൽ 4,14,290 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,10,456 പേർ ഉപരിപഠനത്തിന് അർഹത നേടി.


പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്. ചരിത്രത്തിൽ ആദ്യമായി പരീക്ഷാ ഭവനാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയ ശതമാനത്തിലെ കുറവിന് ഇടയാക്കിയ കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് അവർ പറഞ്ഞു. 


പുതിയ കരിക്കുലം പ്രകാരമാണ് ഇത്തവണ അധ്യായനം നടന്നത്. വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്ന സമീപനത്തോടെയാണ് ഇത്. കേരളത്തിൽ നിന്നും പഠിച്ച് ഉയര്‍ന്നു വരുന്ന വിദ്യാ‍ര്‍ഥികളുടെ മികവ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്നേറ്റമായിരുന്നു. മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ നടന്നത്.


എ പ്ലസ് നേട്ടത്തിൽ മുന്നിൽ മലപ്പുറം,

വിജയ ശതമാനത്തിൽ പത്തനം തിട്ട


ഏറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ് (99.72%) ശതമാനം. എന്നാൽ ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 5,098 പേർ ഫുൾ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതും മലപ്പുറം ജില്ലയിലാണ്. 80,108 പേർ പരീക്ഷ എഴുതി. പരീക്ഷയെഴുതിയ വിദ്യാർഥികളിൽ ശതമാന അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ കൂടുതൽ ഫുൾ എ പ്ലസുകാർ ഉള്ള ജില്ല – കൊല്ലമാണ്. 11.6 ശതമാനം പേര്‍ ഫുൾ എ പ്ലസ് നേടി.


ഏറ്റവും കുറഞ്ഞ വിജയശതമാനം തിരുവനന്തപുരം (97.99%) ജില്ലയിലാണ്. വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാട് 100 ശതമാനം വിജയം കൈവരിച്ച് ഒന്നാമതെത്തി. ആകെ 2,105 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. 767 സർക്കാർ സ്കൂളുകൾ നൂറുമേനി നേടി. 930 എയ്ഡഡ് സ്കൂളുകളും, 408 അൺ എയ്ഡഡ് സ്കൂളുകളും ഇതേ മികവ് പങ്കുവെച്ചു. ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയ സർക്കാർ സ്കൂൾ നടുവന്നൂർ ഗവ.എച്ച്എസ്എസ് ആണ്. ഇവിടെ 600 കുട്ടികൾ ഉപരിപഠന യോഗ്യത നേടി. എയ്ഡഡ് മേഖലയിൽ എകെഎൻഎച്ച്എസ്എസ് കോട്ടൂർ – 1356 വിദ്യാർഥികൾ. അൺ എയ്ഡഡ് മേഖലയിൽ ബിവൈകെ റസിഡൻഷ്യൽ എച്ച്എസ് കടുങ്ങത്തുംകുണ്ട് – 281 വിദ്യാർഥികൾ എന്നിങ്ങനെയാണ്.


ടിഎച്ച്എസ്എൽസി പരീക്ഷയെഴുതിയ 2683 വിദ്യാർഥികളിൽ 2649 പേർ (98.73%) ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 130 പേർക്ക് ഫുൾ എ പ്ലസ്.


കൃത്യതയോടെയാണ് ഇത്തവണയും പരീക്ഷയും ഫല പ്രഖ്യാപനവും നടന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ 72 ക്യാമ്പുകളിലായി 9,968 അധ്യാപകര്‍ മൂല്യ നിര്‍ണ്ണയത്തിൽ പങ്കാളികളായി.


പെൺകുട്ടികൾ മുന്നിൽ


210727 ആൺകുട്ടികൾ പരീക്ഷയെഴുയതിൽ 208474 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. 98.93 ശതമാനം വരുമിത്. അതേ സമയം 203563 പെൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 201982 പേര്‍ ഉപരിപഠനത്തിന് അർഹരായി. 99.22 ശതമാനം പേരാണിത്. നേരിയ മുൻതൂക്കം പെൺകുട്ടികൾ നിലനിര്‍ത്തി. പ്രൈവറ്റായി പഴയ സ്കീം പ്രകാരം പരീക്ഷയെഴുതിയ 251 വിദ്യാർഥികളിൽ 189 പേർ (75.3%) ഉപരിപഠനത്തിന് അർഹരായി.


ഗൾഫിലും നൂറ് മേനി


ഗൾഫിലെ 7 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 631 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 386 വിദ്യാർഥികളിൽ 377 പേർ (97.67%) ഉപരിപഠനത്തിന് അർഹത നേടി.










deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home