ad
Deshabhimani

മെഡിക്കൽ കോളേജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകൾക്ക് 18.87 കോടി

medical colleges kerala
വെബ് ഡെസ്ക്

Published on Nov 06, 2025, 02:43 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകൾക്ക് 18.87 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ എന്നീ 5 മെഡിക്കൽ കോളേജുകളിലാണ് സ്ട്രോക്ക് സെന്ററുകൾ വിപുലീകരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും അപെക്‌സ് ആശുപത്രികളിലും മാത്രം ലഭ്യമായിട്ടുള്ള ത്രോംബോലൈസിസ് ചികിത്സ മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിലെ 12 സ്‌ട്രോക്ക് യൂണിറ്റുകളിലൂടെയും നൽകി വരുന്നുണ്ട്. സംസ്ഥാനത്തെ 6 സ്‌ട്രോക്ക് സെന്ററുകളെ വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യുഎസ്ഒ), എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌ട്രോക്ക് ചികിത്സ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.


തിരുവനന്തപുരം മെഡിക്കൽ കോളേജ് 1.53 കോടി, കോട്ടയം മെഡിക്കൽ കോളേജ് 1.55 കോടി, തൃശൂർ മെഡിക്കൽ കോളേജ് 4.78 കോടി, എറണാകുളം മെഡിക്കൽ കോളേജ് 5.49 കോടി, കണ്ണൂർ മെഡിക്കൽ കോളേജ് 5.50 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. സംസ്ഥാന വാർഷിക പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.


സ്ട്രോക്ക് രോഗികൾക്ക് അടിയന്തരവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കുക, ന്യൂറോളജി, ന്യൂറോസർജറി തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യമായ ആധുനിക ഉപകരണങ്ങൾ, സൗകര്യങ്ങൾ, ഐസിയു നവീകരികരണം, എംആർഐ, സിടി സ്‌കാൻ, ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, ഡോപ്ലർ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ സജ്ജമാക്കാനും ലക്ഷ്യമിടുന്നു. ത്രോംബോലൈസിസ് ചികിത്സയ്ക്ക് പുറമേ മെക്കാനിക്കൽ ത്രോമ്പക്ടമി പോലെയുള്ള സങ്കീർണമായ പ്രൊസീജിയറുകൾ കൂടി ചെയ്യാനുള്ള സംവിധാനം മെഡിക്കൽ കോളേജിൽ സാധ്യമാകുന്നതാണ്. സ്‌ട്രോക്ക് ചികിത്സ സാർവത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൽ 9 പുതിയ ന്യൂറോളജിസ്റ്റ് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാവുന്നതിലൂടെ സംസ്ഥാനത്ത് സ്ട്രോക്ക് ചികിത്സാ സംവിധാനങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home